|    Nov 16 Fri, 2018 2:30 am
FLASH NEWS

പൊന്മുടിയുടെ സൗന്ദര്യം തകര്‍ത്ത് പൊതുമരാമത്തിന്റെ നിര്‍മാണം

Published : 20th August 2016 | Posted By: SMR

നെടുമങ്ങാട്: കാഴ്ചകളുടെ സൗന്ദര്യം തകര്‍ത്ത് പൊന്മുടിയില്‍ പൊതുമരാമത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊടിപൊടിക്കുന്നു. കാനായി കുഞ്ഞിരാമന്റെ പ്രശസ്ഥമായ ശി ല്‍പ്പം ‘സ്ലീപ്പിങ് ബ്യൂട്ടി’ മണ്ണിനടിലായി. ചില്‍ഡ്രന്‍സ് പാര്‍ക്ക് കാണാനില്ലാത്ത സ്ഥിതിയിലുമായി. ലക്ഷങ്ങള്‍ മുടക്കി കെട്ടിയ പ്രധാന കെട്ടിടങ്ങള്‍ കാടുമൂടി. തിരുവിതാംകൂറിന്റെ പൈതൃകമായിരുന്ന രാജമന്ദിരം ഇടിച്ചുനിരപ്പാക്കി.
മൂന്നുവര്‍ഷംമുമ്പ് ആരംഭിച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. പൊന്മുടിയുടെ സൗന്ദര്യത്തെ മുച്ചൂടും നശിപ്പിച്ചുകൊണ്ടാണ് പൊതുമരാമത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നതെന്നാണ് ആക്ഷേപം. ഒരുവശത്ത് വനംവകുപ്പ് പൊന്മുടിയുടെ സൗന്ദര്യത്തിന് ആക്കം കൂട്ടാന്‍ തീവ്രശ്രമങ്ങള്‍ നടത്തുമ്പോഴാണ് മറുഭാഗത്ത് പൊതുമരാമത്ത് കേരളത്തിന്റെ ബ്യൂട്ടി ഐക്കണ്‍ എന്നു വിശേഷിപ്പിക്കുന്ന പൊന്മുടിയെ തകര്‍ച്ചയുടെ വക്കിലേക്ക് നയിക്കുന്നത്. നേരത്തേ പൊന്മുടിയിലെത്തുന്നവരുടെ ശ്രദ്ധാകേന്ദ്രമായിരുന്നൂ തിരുവിതാംകൂറിന്റെ രാജപാരമ്പര്യമായ കൊട്ടാരവും കാനായി ശില്‍പ്പവും. പുതിയ കെട്ടിടനിര്‍മാണത്തിനു വേണ്ടി ആദ്യം നിരപ്പാക്കിയത് കൊട്ടാരം തന്നെയാണ്.
രാജഭരണകാലത്ത് രാജാക്കന്മാരുടെ വിശ്രമകാല സങ്കേതമായിരുന്നൂ ഈ മന്ദിരം. തിരുവിതാംകൂറിന്റെ ഭരണാധിപന്മാരായിരുന്ന ഒട്ടുമിക്ക രാജാന്മാരും വേനല്‍ക്കാലത്ത് ഇവിടെയെത്തി വിശ്രമിച്ചിരുന്നു. വലുതും ചെറുതുമായി രണ്ട് കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. ഇവരണ്ടും ഇടിച്ചുമാറ്റിയാണ് പുതിയ നിര്‍മാണം പൊടിപൊടിക്കുന്നത്. ഈ കെട്ടിടം നിലനിര്‍ത്തിക്കൊണ്ട് പുതിയ ബഹുനിലമന്ദിരം നിര്‍മിക്കാനാകുമായിരുന്നു.
ഇവിടെ ധാരാളം സ്ഥലം പൊതുമരാമത്തിനുണ്ട്. കൊട്ടാരത്തിനു സമീപത്തായിരുന്നൂ പ്രശസ്ഥമായ കാനായികുഞ്ഞിരാമന്റെ ശില്‍പ്പവും ചില്‍ഡ്രന്‍സ് പാര്‍ക്കും. പാര്‍ക്കിന്റെ മുക്കാല്‍ ഭാഗവും നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുനിറഞ്ഞ അവസ്ഥയിലാണ്. ശേഷിക്കുന്ന ഭാഗം കാടുമൂടി. പൊന്മുടിയുടെ നിറസൗന്ദര്യമായിരുന്ന കാനായിയുടെ ‘സ്ലീപ്പിങ് ബ്യൂട്ടി ‘എന്ന ശില്‍പ്പം മണ്ണിനടിയിലാക്കി. പതിനഞ്ച് വര്‍ഷം മുമ്പ് സ്ഥാപിച്ച ശില്‍പ്പത്തിന്റെ കാല്‍മുട്ടിന്റെ ഒരുഭാഗം മാത്രമാണ് പുറത്തുകാണാനുള്ളത്.
ഇരുകൈകളിലും തലചായ്ച്ചുറങ്ങുന്ന സുന്ദരിയുടേതായിരുന്നൂ ഈ ശില്‍പ്പം. ലക്ഷങ്ങള്‍ മുടക്കിയാണ് അന്ന് പൊതുമരാമത്ത് ഇവിടെ പാര്‍ക്കും ശില്‍പ്പവും സ്ഥാപിച്ചത്. പോലിസ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിനു സമീപത്താണ് പുതിയനിര്‍മ്മാണ പ്രവര്‍ത്തനം. ഇതിനു സമീപത്തായി നിരവധികെട്ടിടങ്ങള്‍ നിര്‍മിച്ചെങ്കിലും ഒരിക്കല്‍പോലും ഉപയോഗിക്കാതെ കാടുമൂടികിടക്കുന്നുണ്ട്. എന്നാല്‍ പോലിസുകാര്‍ക്ക് ഒരു ക്വാര്‍ട്ടേഴ്‌സോ, വൃത്തിയുള്ള ഒരു ശൗചാലയമോ ഇല്ല. ഇവിടുത്ത 14 ജീവനക്കാര്‍ ജോലിനോക്കുകയും വിശ്രമിക്കുകയും ചെയ്യുന്നത് രണ്ട് കുടൂസ് മുറികളിലായാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss