|    Jul 18 Wed, 2018 1:09 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പെഹ്‌ലൂഖാന്റെ കൊല : പോലിസ് അന്വേഷണം അവസാനിപ്പിച്ചു ; പ്രതികള്‍ക്ക് പോലിസിന്റെ ശുദ്ധിപത്രം

Published : 15th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കന്നുകാലികളെ വാങ്ങി ഹരിയാനയിലേക്കു പോവുകയായിരുന്ന പെഹ്‌ലൂഖാനെന്ന ക്ഷീര കര്‍ഷകനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികളായ ഹിന്ദുത്വര്‍ക്കെതിരായ കേസ് രാജസ്ഥാന്‍ പോലിസ് അവസാനിപ്പിച്ചു. പെഹ്‌ലൂഖാന്റെ മരണമൊഴി കളവാണെന്നും പ്രതികളെന്ന് ആരോപിക്കപ്പെട്ടവര്‍ നിരപരാധികളാണെന്നും അല്‍വാര്‍ പോലിസ് സൂപ്രണ്ട് രാഹുല്‍ പ്രകാശ് വ്യക്തമാക്കി. ഏപ്രില്‍ ഒന്നിനാണ് രാജസ്ഥാനിലെ കന്നുകാലിച്ചന്തയില്‍ നിന്ന് പശുക്കളെ വാങ്ങി ഹരിയാനയിലേക്ക് പോവുകയായിരുന്ന പെഹ്‌ലൂഖാനെയും സംഘത്തെയും അല്‍വാറില്‍ വച്ച് സംഘപരിവാര പ്രവര്‍ത്തകരായ ഗോരക്ഷകര്‍ തല്ലിക്കൊന്നത്. പശുക്കളെ കശാപ്പു ചെയ്യാനായി കൊണ്ടുപോവുകയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പെഹ്‌ലൂഖാന്‍ ആക്രമണം നടന്ന് രണ്ടാംദിവസമാണ് മരണത്തിനു കീഴടങ്ങിയത്. മരണത്തിനു മുമ്പ് പോലിസിന് നല്‍കിയ മൊഴിയില്‍ ഹുകുംചന്ദ്, നവീന്‍ ശര്‍മ, ജഗ്മല്‍ യാദവ്, ഓംപ്രകാശ്, സുധീര്‍, രാഹുല്‍ സൈനി എന്നിവരാണ് ആക്രമണം നടത്തിയതെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇവര്‍ പെഹ്‌ലൂഖാന്റെ മരണത്തിന് ഉത്തരവാദികളല്ലെന്നാണ് രാജസ്ഥാന്‍ ക്രൈംബ്രാഞ്ച് സിഐഡി സംഘത്തിന്റെ വിശദീകരണം. ഇവര്‍ ആറുപേരും ഒളിവിലാണ്. കുറ്റക്കാരല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനാല്‍ ഇവരെ കണ്ടെത്തുന്നവര്‍ക്ക് പ്രഖ്യാപിച്ച 5000 രൂപ പാരിതോഷികം പിന്‍വലിച്ചതായും പോലിസ് വ്യക്തമാക്കി.  ജൂലൈയിലാണ് അല്‍വാര്‍ പോലിസില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം കേസ് ഏറ്റെടുത്തത്. ഗോശാലാ ജീവനക്കാരുടെയും പോലിസുകാരുടെയും മൊഴികളും ആറു പ്രതികളുടെ ഫോണ്‍കോളുകളുടെ വിശദാംശങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പ്രതികളല്ലെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് പോലിസിന്റെ വിശദീകരണം. അതേസമയം, രാജസ്ഥാന്‍ പോലിസിന്റെ നടപടി കൊടുംചതിയാണെന്ന് പെഹ്‌ലൂഖാന്റെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. ഈ ആറു പേരുകളും ആക്രമണസമയത്ത് താന്‍ കേട്ടിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ പെഹ്‌ലൂഖാന്റെ മകന്‍ ഇര്‍ഷാദ് ഖാന്‍ പറഞ്ഞു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെടുമെന്നും ഇര്‍ഷാദ് വ്യക്തമാക്കി. രാജസ്ഥാന്‍ പോലിസിന്റെ തീരുമാനത്തിനെതിരേ സുപ്രിംകോടതി വരെ പോവുമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss