|    Apr 24 Tue, 2018 6:25 pm
FLASH NEWS
Home   >  Fortnightly   >  

പെറ്റുപെരുകുന്ന ന്യൂനപക്ഷവും സങ്കരവര്‍ഗ്ഗങ്ങളും

Published : 12th October 2015 | Posted By: G.A.G

ബാബര്‍


Indian-Muslims-prayed-part-Eid-al-Fitr-celebrations-mark

ത്തു ലക്ഷത്തിന്റെ കോട്ടിട്ടും കാണുന്നിടത്തുവച്ചൊക്കെ സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ കയറ്റിയും കാണുന്നവരോടൊക്കെ മുസ്്‌ലിം സഹോദരന്മാര്‍ തന്നെ വിശ്വസിക്കാത്തതിനെപ്പറ്റി സങ്കടപ്പെട്ടും മഹാനായിക്കൊണ്ടിരിക്കുന്ന നരേന്ദ്രമോദിയുടെ കുപ്രസിദ്ധമായ ഒരു മഹദ്‌വചനമാണ് ഹം പാഞ്ച് ഹമാരേ പച്ചീസ് എന്നത്.

ഗുജറാത്തില്‍ മുസ്്‌ലിംകള്‍ (മൊത്തം ജനസംഖ്യയില്‍ 9.67 ശതമാനം) നാലുകെട്ടി ശരാശരി 25 കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിച്ചുകൊണ്ട് വൈകാതെ അതിര്‍ത്തി സംസ്ഥാനത്തെ മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമാക്കി മാറ്റി പാകിസ്താന്റെ ഭാഗമാക്കുമെന്നും അതിനാല്‍ കാവിപ്പട ഒന്നുകില്‍ വല്ല വാചീകരണൗഷധമോ വയാഗ്രയോ കഴിച്ചു സന്താനോല്‍പ്പാദനം നാലോ അഞ്ചോ ഇരട്ടിയാക്കുകയോ അല്ലെങ്കില്‍ കൃത്യമായ ടൈംടേബിള്‍ വെച്ച് വംശഹത്യ നടത്തുകയോ ചെയ്യണമെന്നായിരുന്നു നമോ അന്നു നല്‍കിയ സന്ദേശം. ഗുജറാത്ത് വംശഹത്യയുടെ നടുക്കുന്ന ഓര്‍മകളില്‍നിന്ന് ഓടിയകലാന്‍ ശ്രമിക്കുന്ന മുസ്്‌ലിം ഹതഭാഗ്യര്‍ മേലെ ആകാശം താഴെ ഭൂമി എന്ന മട്ടില്‍ സബര്‍മതിയുടെ ചേരികളില്‍ കഴിയുമ്പോള്‍ ഈ കോര്‍പറേറ്റ് ഹിന്ദുത്വന്‍ അവിടെയും നിര്‍ത്തിയില്ല.

അഭയാര്‍ത്ഥി ക്യാംപുകള്‍ സന്താനോല്‍പ്പാദന ഫാക്ടറികളാണെന്നും മോദി പ്രസംഗിച്ചു നടന്നു. ഗുജറാത്തിലടക്കം മുസ്്‌ലിംകളെക്കാള്‍ ബഹുഭാര്യത്വം ഹിന്ദുക്കളിലാണ് എന്ന സത്യം മറച്ചു വച്ചുകൊണ്ടുള്ള ഈ പ്രചാരണമാണ് മോദിയുമായുള്ള പഞ്ചഗുസ്തിയില്‍ തോറ്റു പാലമുറിഞ്ഞ ചെകുത്താനെപ്പോലെ നാടു മുഴുക്കെ പ്രസംഗിക്കുന്ന പ്രവീണ്‍ തൊഗാഡിയയും കൂട്ടരും ഏറ്റെടുത്തിരിക്കുന്നത്. ഹിന്ദുക്കളില്‍ പലരും ആദ്യഭാര്യയെ ഉപേക്ഷിക്കുന്നതിനു നിയമം അനുവദിക്കാത്തതിനാല്‍ പേരിനു മതം മാറി ഇസ്്‌ലാമിക ശരീഅഃ അപൂര്‍വാവസരങ്ങളില്‍ നല്‍കുന്ന ഒരിളവുപയോഗിച്ച് രണ്ടാം ഭാര്യയെ സ്വീകരിക്കുന്ന കാര്യവും എല്ലാവരും മറച്ചുവയ്ക്കുകയായിരുന്നു.

നിയമസാധുതയില്ലാതെ മോദി സര്‍ക്കാരിലെ മന്ത്രിമാര്‍വരെ രണ്ടും മൂന്നും മഹിളാമണികളെ ഭാര്യമാരായി സംരക്ഷിക്കുന്നുവെന്ന വസ്തുതയും കാര്‍ട്ടൂണുകളിലെ മുസ്്‌ലിമാണ് യഥാര്‍ത്ഥ മുസ്്‌ലിം എന്നു പ്രചരിപ്പിക്കുന്നതില്‍ ഉത്സുകരായ മേല്‍ക്കോയ്മാ മാധ്യമപ്രവര്‍ത്തകര്‍ പുറത്തു കൊണ്ടുവരാറില്ല.ബിഹാറിലെ തിരഞ്ഞെടുപ്പ് കണക്കാക്കിയാണ് സെന്‍സസ് റിപോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. ജാതിയുടെ കണക്കെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ അതേ സര്‍ക്കാര്‍ തന്നെ പൂഴ്ത്തി വെച്ചിരിക്കുന്നു. സകലമാന ഹിന്ദുക്കളെയും മുസ്്‌ലിം ആക്രമണങ്ങളില്‍നിന്നും രക്ഷിക്കാന്‍ നിക്കറും കുറുവടിയുമായെത്തുന്ന ഒരു സ്വയംസേവകനും എന്തുകൊണ്ടാണ് ഈ കണക്ക് പുറത്തുവിടാത്തതെന്നു ചോദിക്കാറില്ല. ആരാന്റെ മലം പേറുന്നത് ആത്മീയോല്‍കര്‍ഷത്തിനു വഴിവയ്ക്കുമെന്നാണ് മോദി മഹാരാജിനെപോലെ അവനും കരുതുന്നത്. ജാതി ഒരു മിഥ്യയാണെന്ന മിഥ്യയിലും അവനു വിശ്വാസമുണ്ടാവും.narendra-modi-paris-l

കാനേഷുമാരിതന്നെ മറ്റൊരുതരം രാഷ്ട്രീയമാണെന്നു സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ഒരു കാനേഷുമാരിയാണ് ഹിന്ദുക്കളല്ലാത്ത കോടിക്കണക്കിന് ഇന്ത്യക്കാരെ ഹിന്ദുമതത്തിലേക്ക് ഘര്‍വാപസി കൂടാതെ ചേര്‍ത്തിയത്. അത് 1857നു ശേഷം ബിലാത്തിയില്‍നിന്നുള്ള അക്രമികള്‍ക്ക് ഒത്താശ ചെയ്തതിനുള്ള പരോക്ഷ പ്രതിഫലമായി മനസ്സിലാക്കാവുന്നതാണ്. പിന്നെ അംബേദ്കര്‍, രാമസ്വാമി നായ്ക്കര്‍, മഹാത്മാഫുലേ, ശ്രീനാരായണഗുരു, അയ്യങ്കാളി തുടങ്ങിയ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ എന്തു പറഞ്ഞിട്ടും കാര്യമുണ്ടായില്ല. ദലിതുകളും പിന്നാക്ക വിഭാഗങ്ങളും ഹിന്ദു ജാതിവ്യവസ്ഥയുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടി സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞപോലെ കയ്യിലും കാലിലുമുള്ള ചങ്ങല ഒരാഭരണമാണെന്നു കരുതി സുഖജീവിതം നയിച്ചു.ഒരു മതേതര സമൂഹത്തില്‍ ഏതു മതത്തില്‍ പെട്ടവരുടെ എണ്ണവും കൂടി വരുന്നത് വലിയ വിഷയമാവേണ്ടതില്ല. അദ്വാനിയും മറ്റു ഹിന്ദുത്വരും പറഞ്ഞ കപട മതേതരത്വം രാജ്യത്ത് ശക്തമായതിനാലാണ് അതു പ്രചാരണ ആയുധമായി മാറുന്നത്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയില്‍ 96.63 കോടി ഹിന്ദുക്കളുണ്ട്. ഒരു മുസ്്‌ലിം രാജ്യത്തും ആ അളവില്‍ മുസ്്‌ലിംകളില്ല.

ഹിന്ദുക്കള്‍ അടുത്ത ഒരു സഹസ്രാബ്ദത്തിനിടയില്‍ ന്യൂനപക്ഷമാവാനിടയില്ല. സംഘശാഖകളില്‍ ചെറിയ കുഞ്ഞുങ്ങളെ ഭയപ്പെടുത്താനല്ലാതെ ഈ പ്രചാരണത്തിന് വസ്തുതകളുമായി ബന്ധമില്ല എന്നതാണ് സത്യം. സനാതന ധര്‍മമാണ് യഥാര്‍ത്ഥ ഹിന്ദുമതമെന്നു കരുതുന്ന ആര്‍.എസ്.എസിലെ പ്രമുഖരും മൃദുല ഹിന്ദുത്വത്തില്‍ മോക്ഷം കാണുന്നവരും മേല്‍ജാതി ശിങ്കങ്ങളും കുഞ്ഞുങ്ങള്‍ക്ക് ജനനം കൊടുക്കുന്നതില്‍ പിന്നിലായതിനാല്‍ ഇപ്പോള്‍തന്നെ ചെറു ന്യൂനപക്ഷമായ അവരിനിയും എണ്ണത്തില്‍ കുറയാനാണു സാധ്യത. ഹരിയാനയിലും ഹിമാചലിലും പെണ്‍കുട്ടികള്‍ ജനിക്കുന്നത് തടയാന്‍ ഗര്‍ഭഛിദ്രം നടത്തുന്ന സ്‌കാന്‍ സെന്ററുകള്‍ കച്ചവടം കൊഴുപ്പിക്കുന്നതിനാല്‍ ഹിന്ദുക്കളുടെ സ്ത്രീ-പുരുഷ അനുപാതം അപകടകരമായ നിലയിലാണെന്ന് സെന്‍സസ് റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. യഥാര്‍ത്ഥത്തില്‍ പ്രവീണ്‍ തൊഗാഡിയയും സാക്ഷി മഹാരാജും സ്വന്തം സങ്കടങ്ങളാണ് മുസ്്‌ലിം കുഞ്ഞുങ്ങളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തണമെന്നാവശ്യപ്പെടുമ്പോള്‍ പ്രകടിപ്പിക്കുന്നത്.

blurb

മുസ്്‌ലിംകളുടെ വളര്‍ച്ചാ നിരക്ക് 24.6 ശതമാനമാണെന്നു സെന്‍സസ് പറയുന്നു. അതിനെ തടയാന്‍ ബിഹാറിലെ ദുര്‍ഗാവാഹിനി വീടുവീടാന്തരം നടന്നു പെണ്ണുങ്ങള്‍ കൂടുതല്‍ പ്രസവിച്ച് മുസ്്‌ലിംകളെ തോല്‍പ്പിക്കണമെന്ന് പറയുന്നതായി റിപോര്‍ട്ടുണ്ട്. പിന്നാക്ക ജാതികളുടെയും ദലിതുകളുടെയും എണ്ണം വര്‍ധിച്ചുവരുന്നതായിട്ടാണ് ജാതി സെന്‍സസ് സൂചിപ്പിക്കുന്നതെന്നാണ് ബിഹാറിലെ ലല്ലുപ്രസാദ് പറയുന്നത്. പിന്നാക്ക വിഭാഗത്തില്‍പെട്ട പഴയ ചായക്കാരന്‍ പക്ഷേ, ‘നമ്മുടെ ആള്‍ക്കാര്‍’ കൂടിവരുന്ന കാര്യം പുറത്തുവിടരുതെന്ന ശാഠ്യത്തില്‍ നില്‍ക്കുന്നത് ഝണ്ടേവാലനിലെ മുഖ്യ കാര്‍മികരെ ഭയന്നിട്ടാവാനാണ് വഴി. മുസ്്‌ലിം ജനസംഖ്യ കുറഞ്ഞുവരുന്നുവെന്നാണ് പഴയ സെന്‍സസ് കണക്കുകളുമായുള്ള താരതമ്യം സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസം കൂടുന്നതനുസരിച്ച് കുട്ടികളുടെ എണ്ണം കുറയുമെന്നത് സാര്‍വജനികമായ ഒരു സത്യം. മുസ്‌ലിം വളര്‍ച്ചാ നിരക്ക് ഇനിയും താഴോട്ടു പോവുമെന്നാണ് സാംഖിക ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്.

പ്രതികൂല സാഹചര്യത്തിലും മുസ്്‌ലിം സാക്ഷരത വര്‍ധിച്ചു വരുന്നതിനാല്‍ വിശേഷിച്ചും. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയില്‍ ഹിന്ദു വളര്‍ച്ചാ നിരക്കില്‍ കാണുന്നതിനെക്കാള്‍ വേഗത്തിലാണ് മുസ്്‌ലിം വളര്‍ച്ചാ നിരക്ക് താഴോട്ടു പോയത്. അതേയവസരം മുസ്്‌ലിംകള്‍ക്കിടയിലെ സ്ത്രീ-പുരുഷാനുപാതം ഹിന്ദുക്കളെയപേക്ഷിച്ച് വളരെ മെച്ചമാണ്. 1000 ത്തിന് 951. അഖിലേന്ത്യാ ശരാശരി 943. ഹിന്ദുക്കള്‍ക്ക് 939. സ്ത്രീകളെ മുസ്്‌ലിംകള്‍ അടിച്ചമര്‍ത്തുന്നുവെന്ന പ്രചാരണത്തിന്റെ അടിത്തറയാണ് ഈ കണക്കില്‍ കുത്തിയൊലിച്ചുപോവുന്നത്. ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളപ്പോള്‍ മാത്രമേ ഭ്രുണഹത്യ പാടുള്ളൂ എന്ന മുസ്‌ലിം വിശ്വാസം മാത്രമല്ല അതിനു കാരണം. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്നതിനെതിരേ ആഞ്ഞടിച്ചുകൊണ്ടാണ് പ്രവാചകന്‍ തന്റെ ദൗത്യനിര്‍വഹണം നടത്തുന്നത് . അത്രതന്നെ കൗതുകകരമുളവാക്കുന്ന മറ്റൊരു കണക്കുകൂടി സെന്‍സസ് റിപോര്‍ട്ടില്‍ ഒളിഞ്ഞിരിക്കുന്നു.

ഹിന്ദുക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്്‌ലിംകളില്‍ ശിശുമരണം കുറവാണ്. ഹിന്ദുക്കളാണ് വരുമാനത്തിലും വിദ്യാഭ്യാസത്തിലും മുന്നില്‍. ആരോഗ്യ സൗകര്യങ്ങള്‍ മുസ്്‌ലിംകള്‍ക്കു വേണ്ടത്ര ലഭ്യമല്ല. എന്നാല്‍, അഞ്ചുവയസ്സിനു മുമ്പുള്ള ശിശുമരണം മുസ്്‌ലിംകളില്‍ ഹിന്ദുക്കളെക്കാള്‍ 18 ശതമാനമാണ് കുറവ്. ഇത്തരം വിഷയങ്ങളൊന്നും തൊഗാഡിയയുടെയോ ശ്രീരാമസേനയുടെ പ്രമോദ് മുത്താലിക്കിന്റെയോ വിഷം പുരണ്ട വായയില്‍ നിന്നു വരില്ല.യു.പിയിലെ ഉന്നാവോയില്‍നിന്നുള്ള ബി.ജെ.പി. എം.പി. സാക്ഷി മഹാരാജും പെണ്‍കുട്ടികളുടെ തിരോധാനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഒരു ദശലക്ഷത്തിലധികം പെണ്‍കുട്ടികള്‍ ഇന്ത്യയില്‍ ജനിക്കാത്തതിന്റെ കാരണം സാക്ഷി മഹാരാജിന്റെ ഇനത്തില്‍പ്പെട്ട ദമ്പതികള്‍ പെണ്‍ഭ്രൂണഹത്യ നടത്തിയതിനാലാണ്. മഹാരാജും ഒരു കുഞ്ഞിനെയും ഔദ്യോഗികമായി ജനിപ്പിക്കാന്‍ സാധ്യതയില്ലാത്ത യോഗി അവൈദ്യനാഥും ഓരോ വീട്ടിലും കയറി ഹിന്ദു സ്ത്രീകളോട് നാല് പ്രസവിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

അവൈദ്യനാഥ് ഉദ്ധാരണശേഷിയെക്കുറിച്ച് പൊതുവില്‍ എല്ലാതരം ഫാഷിസ്റ്റുകള്‍ക്കുള്ള ആശങ്ക തീര്‍ക്കാനെന്നവണ്ണം ഓരോ ഹിന്ദുവും നൂറു മുസ്്‌ലിം സ്ത്രീകളെ പ്രാപിക്കണമെന്നാണ് ഉദീരണം ചെയ്തത്. * * *നാത്‌സി നേതാവായ അഡോള്‍ഫ് ഹിറ്റ്‌ലര്‍ തടങ്കല്‍ പാളയങ്ങളിലുള്ള ബഹുവംശങ്ങളില്‍പെട്ട ഹതഭാഗ്യരെ ശാസ്ത്രീയപരീക്ഷണത്തിനുപയോഗിച്ചിരുന്നു. വംശശുദ്ധി മെച്ചപ്പെടുത്തുകയെന്നതായിരുന്നു ഗവേഷണത്തിന്റെ പ്രധാനലക്ഷ്യം. അമേരിക്കയില്‍ കറുത്തവരെ ഉപയോഗിച്ചായിരുന്നു അത്തരം പരീക്ഷണം. ലൈംഗികരോഗങ്ങള്‍ ശരീരത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പരിശോധിക്കാനായിരുന്നു കറുത്തവരില്‍ സിഫിലിസ് രോഗാണുക്കള്‍ അവരറിയാതെ കുത്തിവച്ചത്. ഇത്തരം ഗവേഷണം പിന്നീട് അന്താരാഷ്ട്ര നിയമങ്ങള്‍ വിലക്കി. ശാസ്ത്രജ്ഞന്മാര്‍ അതു ചെയ്യുന്നത് കുറ്റകരമാണ്. ഡോക്ടര്‍മാര്‍ ഔഷധം നല്‍കാതെ ഒരു രോഗിയെ നിരീക്ഷിക്കുന്നതും കുറ്റകരമാണ്. പക്ഷേ, വംശശുദ്ധിയെക്കുറിച്ച് അടിസ്ഥാനരഹിതമായ സങ്കല്‍പ്പങ്ങള്‍ വെച്ചുപുലര്‍ത്തുന്ന വലതുപക്ഷ ചിന്തകന്മാര്‍ എപ്പോഴുമുണ്ടായിരുന്നു.

 

ആര്‍.എസ്.എസിന്റെ രണ്ടാം സര്‍സംഘ്ചാലക് ആയിരുന്ന എം എസ് ഗോള്‍വാള്‍ക്കറായിരുന്നു അതിലൊരാള്‍. ആര്‍.എസ്.എസ്. ഉത്തരേന്ത്യന്‍ വംശമഹിമയെപറ്റി ഇപ്പോള്‍ പരസ്യമായി ഒന്നും പറയാറില്ലെങ്കിലും ചിത്പാവന്‍ ബ്രാഹ്മണരാണ് കുലവൃക്ഷത്തില്‍ ഏറ്റവും മുകളിലുള്ളത് എന്നാണ് ഗോള്‍വാള്‍ക്കറും കൂട്ടാളികളും വിശ്വസിച്ചിരുന്നത്. കവാത്തു നടത്തുന്നതിനിടയില്‍ മസ്തിഷ്‌ക ചോരണത്തിന് നിന്നു കൊടുക്കുന്ന ചേകവന്മാരുടെ അറിവിലേക്കായി പണ്ഡിതനായ പ്രഫ. ശംസുല്‍ ഇസ്‌ലാം ഈയിടെ ഗോള്‍വാള്‍ക്കര്‍ നടത്തിയ ഒരു പ്രസംഗത്തിലെ ചില ഭാഗങ്ങളുദ്ധരിച്ചിരുന്നു. 1960ല്‍ ഗുജറാത്ത് സര്‍വകലാശാലയുടെ കീഴിലുള്ള സാമൂഹികശാസ്ത്ര വിഭാഗത്തില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഗോള്‍വാള്‍ക്കര്‍ ഉത്തരേന്ത്യയില്‍നിന്നുള്ള ബ്രാഹ്മണരാണ് കേരളത്തിലെ ഹിന്ദുക്കളെ വംശപരമായി ഉയര്‍ത്തിയതെന്നു പ്രസംഗിച്ചത് കേരളത്തിലെ ആര്‍.എസ്.എസ് ജിഹ്വപോലും പ്രസിദ്ധീകരിച്ചിരിക്കാനിടയില്ല. പക്ഷെ, ഉത്തരേന്ത്യയിലെ ജിഹ്വ ഓര്‍ഗനൈസര്‍ 1961 ജനു. 2നുള്ള ലക്കത്തില്‍ അതു പ്രസിദ്ധീകരിച്ചു. ചില ഭാഗങ്ങള്‍: ”ഇന്ന് ജീവിവര്‍ഗസങ്കലനം മൃഗങ്ങളില്‍ മാത്രമേ നടത്താറുള്ളു. ആധുനികശാസ്ത്രജ്ഞന്മാര്‍പോലും മനുഷ്യര്‍ക്കിടയില്‍ സങ്കരവര്‍ഗങ്ങളെ ഉണ്ടാക്കാറില്ല. എന്നാല്‍, നമ്മുടെ പൂര്‍വഗാമികള്‍ ഈ മേഖലയില്‍ നടത്തിയ പരീക്ഷണമെന്താണെന്നു നോക്കാം. കൂടുതല്‍ ഗുണമുള്ള മനുഷ്യരെയുണ്ടാക്കുന്നതിനാണ് ഉത്തരേന്ത്യയില്‍നിന്നുള്ള നമ്പൂതിരി ബ്രാഹ്മണന്മാര്‍ കേരളത്തില്‍ താമസമാക്കിയതും കുടുംബത്തിലെ മൂത്ത പുത്രന്‍ വൈശ്യ-ക്ഷത്രിയ, ശൂദ്ര സമുദായത്തില്‍പ്പെട്ടവരെ മാത്രമേ വിവാഹം കഴിക്കാവൂ എന്നു നിശ്ചയിച്ചതും. അതിനെക്കാള്‍ ധീരമായ തീരുമാനമായിരുന്നു ഒരു സ്ത്രീ വിവാഹിതയാവുമ്പോള്‍ അവളേതു വര്‍ഗത്തില്‍പെട്ടാലും അവളുടെ പ്രഥമസന്താനം നമ്പൂതിരിയുടേതാവണമെന്നത്.

thogadiyaപിന്നീടു മാത്രമാണ് ഭര്‍ത്താവിന് അവളില്‍ സന്താനമുണ്ടാവാന്‍ പാടുള്ളൂ എന്നായിരുന്നു ആചാരം.”വെള്ളാപ്പള്ളി നടേശനും എന്‍.എസ്.എസ്. നേതാക്കളും ഈ അപമാനകരമായ പ്രസംഗം വല്ലതും അറിഞ്ഞുകാണുമോ? തമാശ വേറെ കിടക്കുന്നു. ഗോള്‍വാള്‍ക്കര്‍ ഈ പ്രസംഗം നടത്തിയത് നിക്കറിട്ടു കുത്തിയിരിക്കുന്ന സ്വയം സേവകരോടല്ല. സാമൂഹിക ശാസ്ത്രവിഭാഗം അധ്യക്ഷന്‍ ബി ആര്‍ ഷേണായ്തന്നെയാണ് ഗോള്‍വാള്‍ക്കറെ സ്വാഗതം ചെയ്തത്. ഷേണായ് കൊങ്കിണി ബ്രാഹ്മണനായതുകൊണ്ടായിരിക്കാമിത്. എന്നാല്‍, സദസ്സില്‍നിന്നൊരാളും ഈ അസംബന്ധത്തിനെതിരേ വല്ലതും പറഞ്ഞതിന്റെ സൂചനകള്‍ ഒന്നുമില്ല. ചരിത്രമെന്നത് അപ്പപ്പോഴുള്ള രാഷ്ട്രീയമനുസരിച്ച് രചിക്കുന്നതാണെന്ന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നതിനാല്‍ 2004ല്‍ ഗോള്‍വാള്‍ക്കറുടെ സമ്പൂര്‍ണ കൃതികള്‍ ഹിന്ദിയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ സംഘികള്‍ ആ ഭാഗം അങ്ങു വിട്ടുകളഞ്ഞു.

* * *മലപ്പുറം, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ കുട്ടികളില്‍ ഡിഫ്തീരിയ രോഗം വീണ്ടും പ്രത്യക്ഷപ്പെടാനുള്ള കാരണം പ്രതിരോധ കുത്തിവയ്പിനു മുസ്്‌ലിംകള്‍ തയ്യാറാവാതിരുന്നതുകൊണ്ടാണെന്നു പറയപ്പെടുന്നു. ആധുനിക വൈദ്യം എന്ന അലോപ്പതിതന്നെ ഒരു ഗൂഢാലോചനയാണെന്നു വിശ്വസിക്കുന്ന അന്ധവിശ്വാസികള്‍ സമുദായത്തില്‍തന്നെ കുറവല്ല. ബാക്ടീരിയ, വൈറസ് തുടങ്ങിയവ വെറും അന്ധവിശ്വാസങ്ങളാണെന്നു കരുതുന്നവരില്‍ പലരും കക്കിരി, വെണ്ട, പടവലം, വെള്ളരി തുടങ്ങിയ കായ്കനികള്‍ തിന്നുകൊണ്ട് അര്‍ബുദം തൊട്ട് ധമനീസങ്കോചം വരെയുള്ള ഏതു രോഗവും മാറ്റിക്കളയാമെന്നു കരുതുന്നവരാണ്. പ്രാണിക് ഹീലിങ്, എന്‍.എല്‍.പി. , പോസിറ്റീവ് എനര്‍ജി, ഫെയ്ത്ത് ഹീലിങ്, സ്വപ്‌ന ചികില്‍സ, മൂത്രപാനം, കരിഞ്ചീരകം, കൊമ്പുവയ്ക്കല്‍ അങ്ങനെ ഇപ്പോള്‍ വൈറസിനെപോലെ പെറ്റുപെരുകുന്ന ചികില്‍സാ മുറകള്‍ മൂലം ശാരീരികവും മാനസികവുമായ എല്ലാ വ്യാധികളും അകറ്റിനിര്‍ത്താമെന്നവര്‍ കരുതുന്നു.

ലോകത്താകമാനം പ്രതിരോധ കുത്തിവയ്പ്പ് മൂലം അനേകലക്ഷം കുഞ്ഞുങ്ങള്‍ രക്ഷപ്പെട്ടുവെന്ന കണക്കുകളൊക്കെ വെറുമൊരു ഗൂഢാലോചനയെന്നും അവര്‍ പറഞ്ഞുകളയും.പോളിയോ, ഡിഫ്ത്തീരിയ, കൊക്കക്കുര തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്ന വീരന്മാര്‍ ഇത്രയേറെ സന്തോഷിക്കാതിരിക്കുമോ?

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss