|    Mar 25 Sat, 2017 7:38 am
FLASH NEWS

പെര്‍ഫോമന്‍സ് ഓഡിറ്റ്: പിഎസ്‌സിയും സിഎജിയും തമ്മില്‍ തര്‍ക്കം

Published : 12th July 2016 | Posted By: SMR

തിരുവനന്തപുരം: പെര്‍ഫോമന്‍സ് ഓഡിറ്റിനെച്ചൊല്ലി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറ(സിഎജി)ലും പിഎസ്‌സിയും തമ്മില്‍ തര്‍ക്കം. പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്തുന്നതിന്റെ ഭാഗമായി പിഎസ്‌സിയോട് പരിശോധനയ്ക്കായി മുഴുവന്‍ രേഖകളും ചോദിച്ചതിനെത്തുടര്‍ന്നാണ് സിഎജിയും കമ്മീഷനും തമ്മില്‍ ഇടഞ്ഞത്.
പിഎസ്‌സിയില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്താന്‍ സിഎജിക്ക് അധികാരമില്ലെന്നാണ് കമ്മീഷന്റെ നിലപാട്. പിഎസ്‌സി ഭരണഘടനാ സ്ഥാപനമാണ്. അതുകൊണ്ടുതന്നെ പിഎസ്‌സിയില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്തുന്നത് അംഗീകരിക്കാനാവില്ല. പിഎസ്‌സിയുമായി ബന്ധപ്പെട്ട രഹസ്യരേഖകളൊന്നും സിഎജിക്കു നല്‍കേണ്ടതില്ലെന്നും കമ്മീഷന്‍ യോഗം തീരുമാനിച്ചു. ഇക്കാര്യം സിഎജിയെ ഔദ്യോഗികമായി പിഎസ്‌സി അറിയിച്ചു. എന്നാല്‍, രഹസ്യസ്വഭാവമില്ലാത്ത രേഖകള്‍ സിഎജിക്ക് പരിശോധനയ്ക്കായി നല്‍കാനും യോഗത്തില്‍ ധാരണയായി.
പിഎസ്‌സിയില്‍ സിഎജിയുടെ ഫൈനാന്‍സ് ഓഡിറ്റിങ് നടത്താറുണ്ട്. എന്നാല്‍, ആദ്യമായാണ് പിഎസ്‌സിയില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്തുന്നത്. ഇത് അനുവദിക്കേണ്ടതില്ലെന്നാണ് കമ്മീഷന്‍ അംഗങ്ങളുടെ പൊതുവികാരം. ഓവര്‍സിയര്‍ ഗ്രേഡ്-1 തസ്തികയിലേക്കുള്ള നിയമനത്തിന് ഇന്റര്‍വ്യൂ ബാധകമാക്കാനും പിഎസ്‌സി തീരുമാനിച്ചു. നേരത്തെ ഓവര്‍സിയര്‍ തസ്തികയ്ക്ക് ഇന്റര്‍വ്യൂ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഓവര്‍സിയര്‍ ഗ്രേഡ്-1 തസ്തികയ്ക്ക് നേരത്തെ ഇന്റര്‍വ്യൂ നിശ്ചയിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഇനിയുള്ള ഓവര്‍സിയര്‍ തസ്തികയ്ക്ക് ഇന്റര്‍വ്യൂ ഉണ്ടാവില്ല. ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയ്ക്ക് രണ്ടാമത്തെ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റിന് പിഎസ്‌സി അംഗീകാരം നല്‍കി.
പരീക്ഷയെഴുതിയ 599 പേരും മെയിന്‍ ലിസ്റ്റിലായിരിക്കും ഉള്‍പ്പെടുക. ഇതുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെയും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെയും വിധി അംഗീകരിച്ചാണ് പിഎസ്‌സിയുടെ നടപടി.

(Visited 53 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക