|    Nov 15 Thu, 2018 12:38 pm
FLASH NEWS

പെരുവള്ളൂരില്‍ സ്‌റ്റേഡിയം: 1.90 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍

Published : 3rd August 2018 | Posted By: kasim kzm

തേഞ്ഞിപ്പലം: കായിക പ്രേമികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ പെരുവള്ളൂര്‍ പഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള സ്‌റ്റേഡിയം യാഥാര്‍ത്ഥ്യമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ മുന്‍കൈയ്യടുക്കുന്നു.
ഫുട്‌ബോള്‍ ഗ്രൗണ്ട്, ഗ്യാലറി, വോളിബോള്‍ കോര്‍ട്ട്, ബാഡ്മിന്റണ്‍ കോര്‍ട്ട്, നീന്തല്‍ക്കുളം, നടപ്പാത തുടങ്ങിയ സൗകര്യങ്ങളോടെ ലെന്‍സ്‌ഫെഡ് തയ്യാറാക്കി നല്‍കിയ 1.90 കോടിയുടെ സമഗ്ര മാസ്റ്റര്‍ പ്ലാനുമായാണ് പഞ്ചായത്തിന്റെ പുതിയ നീക്കം. സ്‌റ്റേഡിയം നിര്‍മാണത്തിനായി 20 വര്‍ഷം മുമ്പ് പഞ്ചായത്ത് സ്ഥലം വാങ്ങിയിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങാനായിരുന്നില്ല. എന്നാല്‍ നിലവിലെ ഭരണസമിതി പ്രശ്‌ന പരിഹാരത്തിനായി ഇടപെടുകയും എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ലെന്‍സ് ഫെഡിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഭീമമായ തുക പദ്ധതിക്കായി പഞ്ചായത്തിനോ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിനോ വഹിക്കാനാകില്ലെന്നതിനാല്‍ വള്ളിക്കുന്ന് മണ്ഡലം എംഎല്‍എ പി അബ്ദുല്‍ഹമീദ് മാസ്റ്ററുടെ സഹായം തേടിയിരിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍. തന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് പരമാവധി തുക സ്‌റ്റേഡിയം യാഥാര്‍ത്ഥ്യമാക്കാന്‍ അനുവദിക്കാമെന്ന് എംഎല്‍എ അറിയിച്ചതായി പെരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റംല പുറ്റേക്കാട്ട് പറഞ്ഞു.
പെരുവള്ളൂര്‍ പഞ്ചായത്തിലെ മുഴുവന്‍ കായിക പ്രേമികളെയും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ളവരെയും പങ്കെടുപ്പിച്ച് ഈ മാസം ഒന്‍പതിന് വൈകീട്ട് നാലിന് പറമ്പില്‍പീടിക ജിഎല്‍പി സ്‌കൂളില്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ വിപുലമായ യോഗം പഞ്ചായത്ത് മുന്‍കൈയ്യെടുത്ത് വിളിച്ചിരിക്കുകയാണ്.
കൂട്ടായ പരിശ്രമത്തിലൂടെ സ്‌റ്റേഡിയം യാഥാര്‍ത്ഥ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതര്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss