|    Dec 12 Wed, 2018 9:45 pm
FLASH NEWS

പെരുവയല്‍ വില്ലേജ് ഓഫിസ് ഉപരോധത്തില്‍ സംഘര്‍ഷം

Published : 16th September 2018 | Posted By: kasim kzm

കുറ്റിക്കാട്ടൂര്‍: പ്രളയ ദുരിതാശ്വാസം അനുവദിച്ചതിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് പെരുവയല്‍ വില്ലേജ് ഓഫീസ് യുഡിഎഫ് ഉപരോധിച്ചു. പോലിസ് വലയം ഭേദിച്ച് ഓഫീസില്‍ കടന്ന പ്രവര്‍ത്തകര്‍ രണ്ട് മണിക്കൂറോളം സമരം തുടര്‍ന്നു. പിന്നീട് മെഡിക്കല്‍ കോളജ് സിഐ മൂസ വള്ളിക്കാടന്‍, മാവൂര്‍ എസ്‌ഐ കെ ശ്യാം എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഏറെ നേരത്തെ സംഘര്‍ഷവുമുണ്ടായി.
പ്രളയക്കെടുതി മൂലം വീട് ഒഴിഞ്ഞ 886 കുടുംബങ്ങളുടെ കൃത്യമായ വിവരം വില്ലേജില്‍ സമര്‍പ്പിച്ചിട്ടും 373 പേര്‍ക്ക് മാത്രമാണ് ധനസഹായം അനുവദിച്ചത്. രൂക്ഷമായ പ്രളയ ദുരിതം അനുഭവിച്ചവരെ യൊതൊരു മാനദണ്ഡവുമില്ലാതെ റവന്യൂ അധികൃതര്‍ വെട്ടിമാറ്റുകയായിരുന്നു. ഇതിന്റെ കാരണം വ്യക്തമാക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ല. ഇതേതുടര്‍ന്നാണ് യുഡിഎഫ് പ്രക്ഷോഭത്തിനിറങ്ങിയത്.
രാവിലെ പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ഓഫീസ് കവാടത്തില്‍ പോലിസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പോലിസ് വലയം ഭേദിത്ത് ഉള്ളിലെത്തിയ പ്രവര്‍ത്തകര്‍ ഓഫീസിനകത്ത് മുദ്രാവാക്യം മുഴക്കി കുത്തിയിരിപ്പ് സമരം തുടങ്ങി. നേതാക്കള്‍ വില്ലേജ് ഓഫീസറുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. പുനരന്വേഷണം നടത്തി വിട്ടു പോയ മുഴുവന്‍ പേര്‍ക്കും ആനുകൂല്യം ഉറപ്പാക്കണമെന്നും ഇക്കാര്യത്തില്‍ ഉറപ്പ് ലഭിക്കണമെന്നുമായിരുന്നു ആവശ്യം. തഹസില്‍ദാര്‍ സ്ഥലത്തെത്തി ഉറപ്പ് നല്‍കുന്നത്‌വരെ സമരം തുടരുമെന്നും നേതാക്കള്‍ അറിയിച്ചു. പിന്നീട് കൂടുതല്‍ പോലിസ് സ്ഥലത്തെത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ വി ശാന്ത, വൈസ് പ്രസിഡണ്ട് കുന്നുമ്മല്‍ ജൂമൈല ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളെയും പ്രവര്‍ത്തകരെയും ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ കെ മൂസ മൗലവി ഉപരോധം ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ സി എം സദാശിവന്‍ അധ്യക്ഷത വഹിച്ചു. പി കെ ഷറഫുദ്ദീന്‍, അനീഷ് പാലാട്ട് സംസാരിച്ചു. സുബിത തോട്ടാഞ്ചേരി, എം ഗോപാലന്‍ നായര്‍, കെ ജാഫര്‍സാദിഖ്, ഇ സി മുഹമ്മദ്, ഉനൈസ് പെരുവയല്‍,എന്‍ കെ മുനീര്‍, കരുപ്പാല്‍ അബ്ദുറഹിമാന്‍, കെ മുഹമ്മദ് കോയ നേതൃത്വം നല്‍കി. സഹായവിതരണത്തിലെ വിവേചനത്തിലും പോലിസ് അതിക്രമത്തിലും പ്രതിഷേധിച്ച് പുവ്വാട്ടുപറമ്പ് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇക്കാര്യത്തില്‍ തുടര്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss