|    Jan 18 Wed, 2017 3:01 am
FLASH NEWS

പെരുമ്പാവൂര്‍ മണ്ഡലത്തില്‍ മണ്ണെണ്ണ വിളക്ക് കത്തുന്നത് 110 കുടിലുകളില്‍

Published : 1st May 2016 | Posted By: SMR

റഷീദ് മല്ലശേരി

പെരുമ്പാവൂര്‍: ജില്ലയില്‍ രാത്രിയില്‍ വെളിച്ചത്തിന് മണ്ണെണ്ണ വിളക്കിനെ ആശ്രയിക്കേണ്ട 110 കുടുംബങ്ങളുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ആരും മൂക്കത്ത് വിരല്‍ വച്ച് പോവും.
ജില്ലയിലെ ഏക ഗിരിവര്‍ഗ കോളനിയായ പൊങ്ങിന്‍ചുവട് ആദിവാസി കോളനിയിലാണ് ഈ ദുരവസ്ഥ. അതും സംസ്ഥാനത്ത് വ്യവസായത്തിന് പേരുകേട്ട പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍. സംസ്ഥാനത്ത് എഴുപതുകളില്‍ വെളിച്ചത്തിനായി പ്രവര്‍ത്തിച്ചവരുടെ പിന്‍തലമുറക്കാര്‍ക്കാണ് ഈ ഗതികേട്.
ഇടമലയാര്‍ ഡാം നിര്‍മിക്കുന്നതിന് കൂര്‍ക്കുടിയില്‍ മലകയറിയവരാണ് പെരുമ്പാവൂര്‍ എംഎല്‍എ സാജുപോളിന്റെ സ്വന്തം നാടായ വേങ്ങൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് നിവാസികള്‍.
അന്ന് 33 കുടുംബങ്ങളായിരുന്നെങ്കില്‍ ഇന്നിവര്‍ 110 കുടുംബങ്ങളുണ്ട്. കുട്ടികളടക്കം 380 ഓളം പേരാണ് ഇവിടെ വഴിയും വെളിച്ചവും വെള്ളവുമില്ലാതെ കാലങ്ങളായി കഷ്ടതയനുഭവിക്കുന്നത്. ഗിരിവര്‍ഗ കോളനി പെരുമ്പാവൂര്‍ മണ്ഡലത്തിലാണെങ്കിലും കോതമംഗലത്ത് നിന്നും 22 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം ആദിവാസി കുടികളിലെത്തിച്ചേരാന്‍.
ഇടമലയാര്‍ ഡാമില്‍ നിന്നും 12 കിലോമീറ്റര്‍ നിബിഢവനം താണ്ടിവേണം പൊങ്ങിന്‍ചുവട് എത്തിച്ചേരാന്‍. വനത്തിലൂടെ സഞ്ചരിച്ച് ആദിവാസി കുടിയിലെത്തി രാജപ്പന്‍ കാണിയെന്ന ആദിവാസി മൂപ്പനെ കണ്ടപ്പോഴാണ് ഇവരുടെ ദുരവസ്ഥ പറയുന്നത്.
15 വര്‍ഷമായി പെരുമ്പാവൂര്‍ മണ്ഡലം ഭരിക്കുന്ന എംഎല്‍ എ കോളനിയിലെത്തിയത് ആകെ രണ്ട് തവണ മാത്രം. അതും രണ്ട് തവണകളിലായി കലക്ടര്‍മാരായ മുഹമ്മദ് ഹനീഫും രാജമാണിക്യവും കോളനി സന്ദര്‍ശിപ്പോള്‍ മാത്രം. 14 വര്‍ഷം മുന്‍പ് കോളനി വൈദ്യുതീകരിച്ചെങ്കിലും ഒരു മാസം മാത്രമാണ് ഇതിന് ആയുസ് ഉണ്ടായിരുന്നത്. ഒരു മാസക്കാലം എന്തെല്ലാമോ കിട്ടിയെന്ന ആഹ്ലാദത്തില്‍ കഴിഞ്ഞിരുന്ന കോളനി നിവാസികള്‍ക്ക് ഇരുട്ടടിയായി മരങ്ങള്‍ വീണും കാട്ടാനകള്‍ പോസ്റ്റ് നശിപ്പിച്ചും വൈദ്യുതി ബന്ധം താകരാറിലായി.
ഇതോടെ വൈദ്യുതി പോസ്റ്റുകളുടേയും കുടിവെള്ള പദ്ധതിയുടേയും ഇടിഞ്ഞു തകര്‍ന്ന പാലങ്ങളുടേയും അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെ കാണാം. തേക്കിന്റെ വൈദ്യുതി പോസ്റ്റുകള്‍ അധികൃതര്‍ എടുത്തുകെണ്ടു പോവുകയും ചെയ്‌തെന്ന് കോളനി നിവാസികള്‍ പറഞ്ഞു. വര്‍ഷങ്ങളായി വികസനപദ്ധതികളെ കുറിച്ച് അധികൃതര്‍ പറയുന്നതല്ലാതെ കോളനിയിലേക്കൊന്നും തന്നെ എത്തുന്നില്ല.
കലക്ടര്‍ രാജമാണിക്യം കോളനി സന്ദര്‍ശിച്ചപ്പോള്‍ കലുങ്ക് നിര്‍മാണത്തിനും മറ്റുമായി 35 ലക്ഷം അനുവദിച്ചെന്ന് എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതും പ്രാബല്യത്തില്‍ വന്നുകണ്ടില്ല. ഈ തുകകളെല്ലാം എങ്ങോട്ടുപോയെന്ന ചോദ്യത്തിന് രജപ്പന്‍ കാണി കൈമലര്‍ത്തി.
ഇതോടെ കഴിഞ്ഞ പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയക്കാരോട് വിയോജിപ്പ് അറിയിച്ച് കോളിനിയിലാരും വോട്ടു ചെയ്തില്ല.
തിരഞ്ഞെടുപ്പ് ബൂത്തില്‍ ഒരു വോട്ട് പോലും ലഭിക്കാതെ ഉദ്യോഗസ്ഥര്‍ കോളനിയില്‍ നിന്നും തിരികെ പോവണ്ടതായി വന്നു. പഞ്ചായത്തില്‍ നി ന്നും കോളനിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വേങ്ങൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ തന്നെ കണ്ണന്‍പറമ്പിലേക്ക് രാഷ്ട്രീയക്കാര്‍ മറിച്ച് നല്‍കുന്നതായും കോളനി നിവാസികള്‍ കുറ്റപ്പെടുത്തി. സംഭവം വിവാദമായതോടെ ഇടമലയാറില്‍ നിന്നുള്ള കാനനപാതയില്‍ നാല് കി.മീ കുറുപ്പംപടി ബ്ലോക്കിന്റെ കീഴില്‍ രണ്ട് തവണ കോണ്‍ക്രീറ്റ് ചെയ്തു നല്‍കി. ഇത്തവണയും വോട്ട് ബഹിഷ്‌കരിക്കാന്‍ കോളനി നിവാസികള്‍ പദ്ധതിയിട്ടെങ്കിലും ചിലകാരണങ്ങളാല്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
ഇവയ്‌ക്കെല്ലാം പുറമെ കോളനിയില്‍ ആനശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസമാണ് മോയിക്ക തങ്കപ്പന്റെ കുടില്‍ ആന കുത്തിമറിച്ചത്. രാത്രിയിലായിരുന്നു സംഭവം. സ്ത്രീകളടക്കം എല്ലാവരും വീട്ടില്‍ നിന്നും ഇറങ്ങിയോടിയതിനാലാണ് അവര്‍ രക്ഷപ്പെട്ടതെന്ന് കാണിമൂപ്പന്‍ പറയുന്നു. ഇത്തവണയെങ്കിലും രാഷ്ട്രീയ മാറ്റം വന്ന് തങ്ങള്‍ക്ക് അനുകൂല്യ സാഹചര്യം വരുമെന്നാണ് കോളനി നിവാസികള്‍ വിശ്വസിക്കുന്നത്. അങ്ങനെയെങ്കിലും തങ്ങള്‍ക്ക് വിളക്കില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് കരുതുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 89 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക