|    Apr 27 Fri, 2018 1:19 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

പെരുമ്പാവൂരിലെ യഥാര്‍ഥ പ്രതി

Published : 6th May 2016 | Posted By: SMR

slug-a-bപെരുമ്പാവൂരിലെ ഒരു പുറമ്പോക്കു കൂരയില്‍, കേരളം സ്വന്തം തനിഗുണം ലോകസമക്ഷം പ്രദര്‍ശിപ്പിച്ചപ്പോള്‍ അനുരൂപമായ പ്രതികരണം തന്നെ ഭരണരാഷ്ട്രീയക്കാര്‍ പ്രകടിപ്പിച്ചു; പ്രതിയെ പിടിക്കും, പരമാവധി ശിക്ഷ ഉറപ്പാക്കും എന്ന സ്ഥിരംപല്ലവിയിറക്കുന്നു, മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. കഴിവുകെട്ട ഭരണത്തിന്‍ കീഴില്‍ ഇത്തരം തെമ്മാടിത്തങ്ങള്‍ നടക്കുമെന്നു പ്രതിപക്ഷ നേതാവ്. വോട്ടെടുപ്പുകാലത്ത് സ്വാഭാവികമായ രാഷ്ട്രീയ പ്രതിരോധവും ആക്രമണവും. ചിന്തോദ്ദീപകമായത്, പിണറായി വിജയന്റെ ആദ്യ പ്രതികരണമാണ്- ഈ ദുരന്തം കേരളത്തിന്റെ പൊതുബോധത്തിനേറ്റ കനത്ത ആഘാതമാണെന്ന്.
എന്താണ് ഇപ്പറയുന്ന പൊതുബോധം? ഇന്നു കാണുന്ന രാഷ്ട്രീയ സ്വരൂപമായി കേരളം രൂപമെടുത്തിട്ട് ആറു പതിറ്റാണ്ടു കഷ്ടി. ജനതയുടെ സാമാന്യബോധത്തിന്റെ പ്രകൃതപരിണാമങ്ങള്‍ക്ക് അതിലൊക്കെ ഒരുപാടു പഴക്കമുണ്ട്; തഴക്കവും. പറഞ്ഞുവന്നാല്‍ 2000 കൊല്ലം മുമ്പുണ്ടായിരുന്ന ഐന്തിണകളുടെ സംഘചേതനയിലാണ് അതിന്റെ ചരിത്രപരമായ ഉയിരെടുപ്പ്. ജാതി, മതം, പ്രത്യയശാസ്ത്രം ഇത്യാദി വിഭാഗീയതകളില്ലാത്ത അഞ്ച് കാര്‍ണിവല്‍ ദേശങ്ങളില്‍. അതുപിന്നെ പലതരം അധിനിവേശങ്ങള്‍ക്കു വിധേയമായി രൂപാന്തരപ്പെട്ടുകൊണ്ടിരുന്നു. ഒടുവില്‍ നാടുവാഴിത്തവും ഫ്യൂഡലിസവും രാജവാഴ്ചയും കോളനിക്കാലവുമൊക്കെ പിന്നിട്ടു നവോത്ഥാനം എന്ന ആധുനിക പ്രേരകത്തിലെത്തി. ജാതീയതയും അസമത്വ തീവ്രതയും ഭ്രാന്താലയമാക്കിയ ദേശത്തിനുള്ള ആഘാതചികില്‍സയായിരുന്നു നവോത്ഥാനചലനം. അതിന്റെ കാതലാവട്ടെ, പാരമ്പര്യ വിരുദ്ധമായ ഒരു ജനായത്തബോധത്തിലേക്കുള്ള ബോധപരമായ പരിണാമം. സത്യത്തില്‍ ഇന്ത്യന്‍ റിപബ്ലിക്കിലെ ഒരു സംസ്ഥാനമായി കേരളം മാറുമ്പോള്‍ അതിന്റെ ഒസ്യത്ത് ഇപ്പറയുന്ന നവോത്ഥാനമായിരുന്നില്ല. അതിനും മുമ്പുള്ള പാരമ്പര്യം തന്നെയായിരുന്നു. നവോത്ഥാനമാവട്ടെ പാരമ്പര്യത്തിന്റെ കാതലായി പരിഷ്‌കരിച്ചു മുന്നോട്ടു നീങ്ങാനുള്ള ഉത്തോലകം മാത്രമായിരുന്നു.
1990കള്‍ എത്തിയതോടെ പ്രതിലോമകരമായ പ്രവണതകള്‍ പ്രകടമായി. വാസ്തവത്തില്‍ നവോത്ഥാനത്തിന്റെ പിടി അയയുകയായിരുന്നില്ല. ഭരണഘടനാ ജനാധിപത്യത്തിന്‍ കീഴില്‍ അതിനുണ്ടായിരുന്ന മേല്‍ക്കൈ കേവലം താല്‍ക്കാലികം മാത്രമായിരുന്നെന്നും കേരളീയരുടെ ചോരയില്‍ സംഗതി അലിഞ്ഞുചേര്‍ന്നിരുന്നില്ല എന്നുമാണു തിരിച്ചറിയേണ്ടത്. അടിസ്ഥാനപരമായി പൊതുബോധം പരിഷ്‌കരിക്കപ്പെട്ടിരുന്നില്ല എന്നു സാരം. ജാതീയവും ലിംഗപരവുമായ ഉച്ചനീചത്തങ്ങളും മതപരമായ വിഭാഗീയതകളും അതിലംഘിച്ചുള്ള ഒരു വികാസവും നമ്മുടെ പൊതുബോധം കൈവരിച്ചിരുന്നില്ല. അങ്ങനെ അതിലംഘിച്ചു എന്ന മിഥ്യാബോധത്തിന്‍മേല്‍ അടയിരിക്കുകയാണു നമ്മള്‍ രാഷ്ട്രീയമായി ചെയ്തതെന്നുമര്‍ഥം. ഈ അടയിരിപ്പും പുരോഗമനനടിപ്പും കൂടി റദ്ദാക്കുന്ന കാലത്തേക്കായി അനന്തരനീക്കം. നാരായണഗുരുവിനെ വരെ പച്ചയായ ജാതിചിഹ്നമാക്കാന്‍ മടിയില്ലാത്ത നടേശന്‍മാരിലേക്കു കേരളം വികസിച്ചപ്പോള്‍ അധികാരരാഷ്ട്രീയം അമ്മാതിരി ദല്ലാള്‍മാര്‍ക്കു പിന്നാലെ കൂടി. പേറിന് അടയിരിക്കലാണു പെണ്ണിന്റെ ഏകമാത്രധര്‍മമെന്നു തുറന്നടിക്കുന്ന മുസ്‌ല്യാര്‍മാര്‍ ഒരു വശത്ത്; ദലിതനും ആദിവാസിക്കും ഇനിയുള്ള മോക്ഷവഴി തങ്ങളിലൂടെ മാത്രമെന്നു പ്രചരിപ്പിക്കുന്ന മനുവാദികള്‍ മറുവശത്ത്. ചുരുക്കത്തില്‍, പാരമ്പര്യത്തിന്റെ രക്തബോധങ്ങള്‍ സടകുടഞ്ഞെണീറ്റിരിക്കുന്നു. നവോത്ഥാനവും ഭരണഘടനാജനാധിപത്യവും മുന്നോട്ടുവച്ച ബോധ്യങ്ങളും ഈ പാരമ്പര്യാധിഷ്ഠിത പൊതുബോധവും തമ്മിലെ ബന്ധം കടലും കടലാടിയും തമ്മിലുള്ളതാവുന്നു.
ഇത്തരമൊരു പൊതുബോധം കിരീടം വയ്ക്കുമ്പോള്‍ ഭരണഘടനാപരമായി വിവക്ഷിക്കപ്പെടുന്ന പൗരബോധം കേവലം ഗ്രന്ഥപ്പശുവായി ചുരുങ്ങുന്നു. ഭരണഘടന നടപ്പാക്കാന്‍ ചുമതലപ്പെട്ട സ്ഥാപനമാണല്ലോ എക്‌സിക്യൂട്ടീവ് മുതല്‍ ജുഡീഷ്യറി വരെ. ഈ സ്തംഭങ്ങള്‍ക്കു സ്വന്തം നിലയ്ക്കു ജീവനില്ല. കാലാകാലം അവയില്‍ പണിയെടുക്കുന്നവരാണ് മര്‍മം. അവരുടെ വ്യക്തിബോധവും ഭരണഘടനാവിവക്ഷയും തമ്മിലുള്ള പൊരുത്തമാണു നിര്‍ണായകം- കുറഞ്ഞപക്ഷം പണിയെടുക്കുന്ന വേളയിലെങ്കിലും, അതുണ്ടോ?
ബലാല്‍സംഗക്കേസുകളില്‍ പെണ്ണിന്റെ സ്വഭാവനടപ്പും ‘പവിത്രത’യും പരിഗണിക്കുന്ന ജഡ്ജിമാര്‍ തൊട്ട് ഇരയുടെ പരാതി കൈപ്പറ്റാതെ ഉഴപ്പിവിടുന്ന പോലിസേമാന്മാര്‍ വരെ വ്യാപകമാണ്. ജാതിയില്‍ താഴ്ത്തപ്പെട്ടവനോ ലിംഗഭാവനയില്‍ ‘കുറഞ്ഞ’വളോ ഭരണകൂട സ്ഥാപനങ്ങള്‍ക്കു മുന്നില്‍ രണ്ടാംകിടക്കാരായി തുടരുന്നു.
പെരുമ്പാവൂര്‍ കേസെടുക്കുക. ജിഷയുടെ ദുരന്തം അഞ്ചു നാള്‍ വൈകി മാധ്യമങ്ങള്‍ ഏറ്റെടുക്കും വരെ അയല്‍ക്കാരോ നാട്ടുകാരോ നിയമപാലകരോ അനങ്ങിക്കൊടുത്തില്ല. ഇന്‍ക്വസ്റ്റ് നടത്തുന്ന സന്ദര്‍ഭത്തില്‍ത്തന്നെ ഏതു പോലിസുകാരനും കാര്യഗൗരവം നിസ്സാരമായി തിരിച്ചറിയാവുന്ന തരത്തിലായിരുന്നു ജഡത്തിന്റെ ദാരുണമായ അവസ്ഥ. എന്നിട്ടും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വരാന്‍ കാത്തുനിന്ന വിരുതന്‍മാരാണ് ഏമാന്‍ഗണം. ഇതു ദീര്‍ഘകാലമായി തുടര്‍ന്നുവരുന്ന ഒരവഗണനയുടെ സ്വാഭാവിക പരിണതി മാത്രമാണ്. പുറമ്പോക്കില്‍ അടച്ചുറപ്പില്ലാത്ത കൂരയില്‍ കക്കൂസുപോലുമില്ലാതെ രണ്ടു പെണ്‍മക്കളുമായി കഴിഞ്ഞുവന്ന ദരിദ്രയായ ഒരു ദലിത് സ്ത്രീയോട് എങ്ങനെ പെരുമാറണമെന്നു നാട്ടുകാരെപ്പോലെ അധികാരികള്‍ക്കും കൃത്യമായറിയാം. കാരണം, പൊതുബോധം. മേല്‍പ്പറഞ്ഞ പരിതസ്ഥിതിയില്‍ പെണ്‍മക്കളെ പോറ്റേണ്ട ഒരമ്മ, നാടിന്റെയോ ഭരണകൂടത്തിന്റെയോ സഹായമില്ലെങ്കില്‍ അവലംബിച്ചുപോവുന്ന ഒരു ജീവിതരീതിയുണ്ട്. പൊതുബോധത്തിന്റെ ഇസ്തിരിയിട്ട്, അത്തറുപൂശിയ വാഗ്വിലാസമോ മാതൃകാപെരുമാറ്റച്ചട്ടമോ ആയമ്മയ്ക്കു വഴങ്ങില്ല. എരണക്കേടില്‍ ഉടുമുണ്ട് മുറുക്കിയുടുത്തും പെണ്‍മക്കളുടെ ഉടുമുണ്ട് വേട്ടക്കാര്‍ ചീന്താതിരിക്കാനും അവര്‍ ആര്‍ജിക്കുന്നൊരു രക്ഷാകവചമുണ്ട്. അതാണവരുടെ പരുക്കന്‍ വാക്കും നോക്കും അസംസ്‌കൃത പെരുമാറ്റങ്ങളും. പൊതുബോധം പക്ഷേ, അതിനും നല്‍കിയിട്ടുണ്ടൊരു തന്ത്രപരമായ ബ്രാക്കറ്റിങ്- മനോവിഭ്രാന്തി! അതോടെ പിന്നെ പ്രതികരണങ്ങള്‍ എളുപ്പമാവുമല്ലോ. വിഭ്രാന്തിയുള്ള തള്ളയുടെ പരാതി ഒരേമ്മാനും മുഖവിലയ്‌ക്കെടുക്കേണ്ട കാര്യമില്ല. ജനപ്രതിനിധികള്‍ക്ക് അത്തരക്കാരെ ഏഴയലത്ത് അടുപ്പിക്കേണ്ടതുമില്ല. പൊതുബോധത്തിന്റെ ഈ താരിപ്പാണ് ജിഷയുടെ അമ്മ നല്‍കിയപ്പോന്ന അനവധി പരാതികള്‍ക്കു പുല്ലുവിലയുണ്ടാക്കിക്കൊടുത്തത്. അതേ മനോഗതിയുടെ യുക്തിസഹമായ പരിണതി മാത്രമാണു ഭീകരമായ ഒരു കൊലയെ നിസ്സാരവല്‍ക്കരിക്കാന്‍ പോലിസുകാരെ പ്രേരിപ്പിച്ച ചേതോവികാരവും.
കേരള സര്‍ക്കാര്‍ കണക്കനുസരിച്ച് 2010ലെ ബലാല്‍സംഗക്കേസുകളേക്കാള്‍ 2015-16ലേത് ക്ലീന്‍ രണ്ടര ഇരട്ടിയായിരിക്കുന്നു. ഈ പട്ടികയില്‍ 65 ശതമാനം ഇരകളും അധഃസ്ഥിതജാതിക്കാരാണെന്നതാണ് സവിശേഷം. ശിക്ഷാവിധിയുടെ തോതാവട്ടെ വെറും 35 ശതമാനവും. റിപോര്‍ട്ട് ചെയ്യപ്പെടുന്ന കൃത്യങ്ങളുടെ കാര്യത്തിലാണീ അവസ്ഥ. പ്രതിവര്‍ഷം 2000ത്തോളം കൃത്യങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നതു മറ്റൊരു കണ്ടെത്തല്‍. ഇതെല്ലാം നടക്കുന്നതു ജെ എന്‍ വര്‍മ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം തീര്‍ത്തും സ്ത്രീപക്ഷപാതിയായ പുതിയ നിയമം പ്രാബല്യത്തിലായ ശേഷമാണെന്നോര്‍ക്കണം. വൈകാരിക വിക്ഷോഭങ്ങളുടെ മുഹൂര്‍ത്തത്തില്‍ ധര്‍മരോഷ പ്രകടനം നടത്തുക, മെഴുകുതിരി കത്തിച്ചു നല്ലപിള്ള ചമയുക, വികാരാവേശത്തില്‍ പുതിയ നിയമദണ്ഡ് ഉണ്ടാക്കുക, ചാനല്‍ ചര്‍ച്ചയില്‍ പ്രതിഷേധവിശ്വംഭരനാവുക. മധ്യവര്‍ഗം കിരീടം വയ്ക്കുന്ന ഒരു സമൂഹത്തിന്റെ ക്ഷിപ്രഭാവ പ്രകടനമാണിതെല്ലാം. നൈമിഷികായുസ്സു മാത്രമുള്ള ഈ വികാരാവേശം കഴിയുന്നതോടെ പൊതുബോധം വീണ്ടും അതിന്റെ പരമ്പരാഗത സ്ഥായിനിലയിലേക്കു മടങ്ങിയെത്തും. കാരണം, അതാണതിന്റെ കംഫര്‍ട്ട് സോണ്‍. ചോരശീലങ്ങളുടെ സുഖരാശിയില്‍ അതങ്ങനെ പുലരും. ഇടയ്‌ക്കൊക്കെയുള്ള ധര്‍മരോഷ പ്രകടനം വാസ്തവത്തില്‍ ഈ സൗഖ്യത്തിന്റെ വിരേചന പ്രക്രിയ മാത്രം. അല്ലാതെ പിണറായി വിജയന്‍ പറയുന്ന ആഘാതമൊന്നും മലയാളികളുടെ പൊതുബോധത്തിനേല്‍ക്കുന്നില്ല. അതുകൊണ്ടുതന്നെ ഒരു ജിഷയും നിര്‍ഭയയും നമുക്കു പ്രത്യേകിച്ചൊരു ആഘാതചികില്‍സയും തരുന്നില്ല. ആശുപത്രിയില്‍ ചെന്ന വി എസിനോട് ജിഷയുടെ അമ്മ അലറിക്കരഞ്ഞുകൊണ്ടു പറഞ്ഞു, ‘ഈ നാട്ടില്‍ നിയമവും നീതിയുമില്ല സാറേ…’ അത് അങ്ങനെയാക്കുന്ന വില്ലന്റെ പേരാണു പൊതുബോധം. ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss