|    Oct 17 Tue, 2017 6:50 pm
FLASH NEWS

പെരുമ്പാവൂരിലെ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ കോഴ 30,000 വരെ

Published : 14th July 2016 | Posted By: SMR

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ മേഖലയിലെ നാല് മാനേജ്‌മെന്റ് സ്‌കൂളുകളില്‍ വന്‍തോതില്‍ കോഴ വാങ്ങി പ്ലസ്ടു പ്രവേശനം നല്‍കുന്നതായി പരാതി. തണ്ടേക്കാട്, ഒക്കല്‍, വളയന്‍ചിറങ്ങര, ജയകേരളം എന്നീ സ്‌കൂളുകളിലാണ് മാനേജ്‌മെന്റ് 30,000 രൂപ വരെ കോഴ വാങ്ങി കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നത്.
ഇതില്‍ തണ്ടേക്കാട് സ്‌കൂളിനെ പറ്റിയാണ് കൂടുതലായും പരാതി ഉയര്‍ന്നിരിക്കുന്നത്. ഈ സ്‌കൂളില്‍ ഒന്നു മുതല്‍ 10 വരെ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു പ്രവേശനം നല്‍കാതെ കൂടുതല്‍ തുക കോഴ വാങ്ങി പുറമെനിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതിനെതിരേയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
മറ്റ് സ്‌കൂളുകളില്‍ പഠിച്ച തീരെ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികള്‍ക്ക് പോലും പണം വാങ്ങി അഡ്മിഷന്‍ നല്‍കിയതായാണ് രക്ഷിതാക്കളെ ചൊടിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതായും പറയുന്നു. ചിലരെ അഡ്മിഷന്‍ നല്‍കാമെന്ന് പറഞ്ഞ് നടത്തിച്ചിട്ട് അഡ്മിഷന്‍ നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്. ഓരോ സ്‌കൂളിലും സ്ഥലം എംഎല്‍എക്ക് ഒരു സീറ്റ് നല്‍കുമെങ്കിലും ഈ സീറ്റുകള്‍പോലും പ്രദേശിക നേതാക്കള്‍ ഇടപെട്ട് മറിച്ച് വിറ്റതായും പറയുന്നു.
ഒരു നിശ്ചിത ശതമാനം വരെ മാനേജ്‌മെന്റിന് സീറ്റ് നല്‍കാമെങ്കിലും ഈ സ്‌കൂളില്‍ ഒരു മാനദണ്ഡവും പ്രാവര്‍ത്തികമല്ലെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. ചില സ്‌കൂളുകളില്‍ കോഴ നല്‍കിയത് സംബന്ധിച്ചുള്ള സംഭാഷണങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. കൂടാതെ കോഴ സംബന്ധിച്ച് മാനേജ്‌മെന്റുമായി ധാരണ വരുത്തുന്നതിന് പ്രത്യേക ഏജന്റുമാര്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറയുന്നു.
വിജയശതമാനം കൂടുതലുള്ള സ്‌കൂളുകൡ കുട്ടികളെ പഠിപ്പിക്കണമെന്നുള്ള രക്ഷിതാക്കളുടെ ആഗ്രഹം മുതലെടുത്താണ് സീറ്റ് കച്ചവടം പൊടിപൊടിക്കുന്നത്. ഒരു സ്‌കൂളിനെതിരേ ഇതിന് മുമ്പും നിരവധി ആക്ഷേപങ്ങള്‍ വന്നിരുന്നു. ലക്ഷങ്ങള്‍ വാങ്ങി അധ്യാപന നിയമനം നടന്നത് ഏറെ വിവാദത്തിന് ഇടവരുത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക