|    Oct 16 Tue, 2018 8:10 pm
FLASH NEWS

പെരുമ്പാവൂരിന്റെ സ്വപ്‌ന പദ്ധതിയായ കമ്മ്യൂണിറ്റി ഹാള്‍ ചോര്‍ന്നൊലിക്കുന്നു

Published : 9th September 2017 | Posted By: fsq

 

പെരുമ്പാവൂര്‍: പെരുമ്പാവൂരിന്റെ സ്വപ്‌നപദ്ധതിയായ മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാള്‍ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും ഫലമായി ചോര്‍ന്നൊലിക്കുന്നു. പെരുമ്പാവൂര്‍ നഗരസഭ പതിവിലുപരി പേപ്പര്‍ പരസ്യം നല്‍കാതെ ഇ ടെണ്ടര്‍ മുഖേന ക്ഷണിച്ച് അഴിമതി രഹിതമെന്ന് കൊട്ടിഘോഷിച്ച പദ്ധതിയാണ് വന്‍ അഴിമതിയുടെ ഫലമായി പണിതീരും മുമ്പ് ചോര്‍ന്നൊലിക്കുന്നത്.  ഹാളിന്റെ വിവിധ പണികള്‍ക്ക് പല ഉപകരാറുകാരെ ഏല്‍പ്പിച്ചതും നിര്‍മാണത്തിലെ അപാകതയും ഗുണനിലവാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചുമുള്ള നിര്‍മാണമാണ് ഒന്നരകോടിയിലേറെ രൂപ ചെലവായപ്പോഴേക്കും സ്വപ്‌നപദ്ധതി ചോ ര്‍ന്നൊലിക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്.   സാധാരണ മുനിസിപ്പല്‍ ടെണ്ടറുകള്‍ നോട്ടീസ് മുഖേനയോ പത്രങ്ങളിലോ പരസ്യം നല്‍കി അതാതു പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ ടെണ്ടര്‍ നല്‍കുകയാണ് പതിവ്. തുടര്‍ന്ന് ആരും ടെണ്ടര്‍ എടുക്കാതാവുമ്പോള്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് ഗുണമുള്ള കരാറുകാര്‍ക്ക് നല്‍കുന്ന രീതിയാണുള്ളത്. തുടര്‍ന്ന് കുറഞ്ഞ തുക കാണിച്ച എറണാകുളം സ്വദേശിയായ കറാരുകാരനാണ് ടെണ്ടര്‍ നല്‍കിയത്. ഇതിനിടയില്‍ നഗരസഭയുമായി ബന്ധമുള്ള ചില കരാറുകാര്‍ മുഖ്യ കരാറുകാരനെ സ്വാധീനിച്ച് ഉപകറാര്‍ പകുത്തു വാങ്ങിയതോടെ പണി അഴിമതിയുടെ കൂത്തരങ്ങായി മാറി. മുഖ്യ കരാറുകാരന് ഇതുമൂലം രണ്ടു വര്‍ഷം നീണ്ടു നിന്ന നിര്‍മാണത്തിന്റെ ഒരു ഘട്ടത്തിലും ഉദ്യോഗ പരിശോധനയോ അഴിമതിയുടെ കണ്ടെത്തലുകളോ ഉണ്ടായില്ല. നിര്‍മാണവുമായി ബന്ധപ്പെട്ട് മേലധികാരികള്‍ക്ക് റിപോര്‍ട്ട് കൈമാറില്ലെന്ന് കരാറുകാരനുമായി മുന്‍ ധാരണയും പ്രാദേശിക കരാറുകാര്‍ നല്‍കിയെന്നും പറയുന്നു.  നഗരസഭയുടെ കീഴില്‍ നിര്‍മാണം നടക്കുന്ന കമ്മ്യുനിറ്റി ഹാളില്‍ വിവിധ ചടങ്ങുകള്‍ക്ക് ആയിരങ്ങള്‍ വന്നുചേരുന്ന കെട്ടിടത്തില്‍ നടന്നിട്ടുള്ള അഴിമതിക്ക് ഭരണ പ്രതിപക്ഷ നഗരസഭ കൗണ്‍സിലഗങ്ങളുടെ ഒത്താശയുമുണ്ടായിട്ടുണ്ടെന്ന സംശയവും നില നില്‍ക്കുന്നു. പണിതുകൊണ്ടിരിക്കുമ്പോള്‍ തന്നെ ചോര്‍ന്നൊലിക്കുന്നത് കണ്ടിട്ടും ഭരണാധികള്‍ ഇതുവരെയും കരാറുകാരനെ വിളിച്ചുവരുത്താനോ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനോ തയ്യാറായിട്ടില്ല.കൂടാതെ കമ്മ്യുനിറ്റി ഹാളിലേക്കുള്ള വഴി ഇടുങ്ങിയതും ദുര്‍ഘടം പിടിച്ചതുമാണ്. പി പി റോഡില്‍ നിന്നും പത്തടി വീതിയില്‍ 300മീറ്റര്‍ അകത്തെക്കു പോയാലേ ഹാളിലെത്താന്‍ പറ്റു.  ബസ് പോലുള്ള വലിയ വാഹനങ്ങള്‍ വന്നുപോവാനോ തിരിയാനോ കഴിയാത്ത വിധം റോഡ് ദുര്‍ഘടം പിടിച്ചതാണ്. ഹാളിലേക്കുള്ള വഴിസൗകര്യം വേണ്ടത്ര ഉറപ്പ് വരുത്താതെയും മുന്നൊരുക്കങ്ങള്‍ ഇല്ലാതെയുമാണ് പണി തുടങ്ങിയതെന്നും ആക്ഷേപമുണ്ട്. കമ്മ്യുണിറ്റി ഹാള്‍ ഇരിക്കുന്ന സ്ഥലത്തിന് വിശാലമായ വഴി സൗകര്യത്തിന് പറ്റിയ സ്ഥലം കാളചന്ത റോഡില്‍ നിന്നും ഉണ്ടായിരുന്നതാണ്്. അന്ന് ഈ സ്ഥലം വാങ്ങാതിരുന്നത് ചിലരുടെ പിടിപ്പു കേടാണെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ഇതിന് വേണ്ടി ഉദ്ദേശിച്ച 40 സെന്റ് സ്ഥലം കമ്മ്യൂണിറ്റി ഹാള്‍ വരുന്നതിന് മുമ്പ് വിലകുറവിന് പ്രമുഖ വസ്തുക്കച്ചവടക്കാരന്‍ നിസാര വിലക്ക് വാങ്ങി കൈവശം വച്ചിരിക്കുകയാണ്. ഈ സ്ഥലം മുമ്പ് വാങ്ങി വഴിക്കുള്ള സൗകര്യം ഉറപ്പു വരുത്താതെ പോയതിന് പിന്നില്‍ ചിലരുടെ താല്‍പര്യങ്ങളായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ഈ സ്ഥലംകൂടി ലഭിച്ചാലേ കമ്മ്യുനിറ്റി ഹാളിലേക്കുള്ള പ്രവേശനത്തിന് കഴിയൂ. ഇത് മനസ്സിലാക്കിയതിനാലാണ് കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് വ്യവസായി ഈ സ്ഥലം വാങ്ങിക്കൂട്ടിയത്. ഇന്ന് ഈ വസ്തുവിന് വ്യവസായി ഇട്ടിരിക്കുന്ന വില കോടികളാണ്. ഇത്തവണത്തെ നഗരസഭ ഭരണം തുടങ്ങിയത് മുതല്‍ നടന്ന എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും ചട്ടങ്ങള്‍ ലംഘിച്ചും നിയമങ്ങള്‍ മറികടന്നുമാണെന്നതിനാല്‍ ഇതിനെതിരേ വിജിലന്‍സിനും ഓംബുഡ്‌സ്മാനും പരാതി നല്‍കാനാണ് സാമൂഹികപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss