പെരുമ്പാവൂരിന്റെ മനസ് പ്രവചനാതീതം
Published : 24th April 2016 | Posted By: SMR
റഷീദ് മല്ലശേരി
പെരുമ്പാവൂര്‍: ഇടതിനാണെങ്കിലും വലതിനാണെങ്കിലും സംസ്ഥാനത്തൊട്ടാകെ അനുകൂല തരംഗം ആഞ്ഞടിക്കുമ്പോള്‍ എതിര്‍കക്ഷിയെ വിജയിപ്പിക്കുന്ന ചരിത്രമാണ് പെരുമ്പാവൂരിലേതെങ്കിലും ഇത്തവണ ഇത് പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണ് മണ്ഡലത്തിലുള്ളത്.
1957 ല്‍ ഇടതുപക്ഷ സൈദ്ധാന്തികന്‍ പി ഗോവിന്ദപിള്ള 899 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തിന് മണ്ഡലം സമ്മാനിച്ചു തുടക്കം കുറിച്ചു. 1960 ല്‍ യുഡിഎഫിനായി പി സി ചാക്കോ മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും വീണ്ടും അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതിലേക്ക് ചാഞ്ഞു. തുടര്‍ന്നിങ്ങോട്ട് ഇടതുപക്ഷത്തിന്റേതായിരുന്ന മണ്ഡലം.
1982 ല്‍ പെരുമ്പാവൂര്‍ നഗരസഭ മുന്‍ ചെയര്‍മാനായിരുന്ന പി പി തങ്കച്ചന് മണ്ഡലം വലതിലേക്ക് ചായ്ച്ച് നാലുവട്ടം മണ്ഡലം ഭരിച്ചു. അഞ്ചാം വട്ടം മല്‍സരത്തിനിറങ്ങിയ തങ്കച്ചനെ പെരുമ്പാവൂര്‍ സഹായിച്ചില്ല. പകരം ഇടതിന്റെ സാജു പോളിനെ മണ്ഡലം തോളിലേറ്റി.
1181 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലം വീണ്ടും ഇടതിന്റേതാക്കി സാജുപോള്‍ മാറ്റിയത്. തുടര്‍ന്ന് 2006 ല്‍ സാജുവിനെ തോല്പിക്കാന് വനിത സ്ഥാനാര്‍ഥിയായ ഷാനിമോള്‍ ഉസ്മാനെ യുഡിഎഫ് രംഗത്തിറക്കിയെങ്കിലും പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സാജുപോള്‍ വിജയം ആവര്‍ത്തിച്ചു. 2011 ല്‍ ജില്ലയില്‍ 11 യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോഴും മൂന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്‍ ഒരാളായി സാജുപോള്‍ നിയമസഭയില്‍ കടന്നുകൂടി. അഡ്വ. ജയ്സണ്‍ ജോസഫിനെ 3382 വോട്ടുകള്‍ക്കാണ് സാജുപോള്‍ പരാജയപ്പെടുത്തിയത്. ഇത്തവണയും സാജുപോളിനെ തന്നെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.
എന്നാല്‍ ഏതു വിധേനയും മണ്ഡലം തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും യുവ നേതാവുമായ എല്‍ദോസ് കുന്നപ്പള്ളിയെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രചരണം നടത്തുന്നത്. ഇതിനെ ശക്തമായ രീതിയില്‍ തന്നെ പ്രതിരോധിച്ചുകൊണ്ടാണ് എല്‍ഡിഎഫ് വോട്ടു തേടുന്നത്. എല്‍ദോസ് കുന്നപ്പിളി മണ്ഡലത്തിന് പുറത്തു നിന്നും വന്ന സ്ഥാനാര്‍ഥിയെന്ന പേരില്‍ ആദ്യം കോണ്‍ഗ്രസില്‍ നിന്നുതന്നെ എതിര്‍പ്പ് വന്നെങ്കിലും തുടര്‍ന്നിങ്ങോട്ട് പാര്‍ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് കാണുന്നത്.
എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഇത്തവണ ബിജെപിയുടെ ഇടുക്കി സ്വദേശിയായ ഇ എസ് ബിജുവാണ് മല്‍സര രംഗത്തുള്ളത്. ബിഡിജെഎസിന് നേരിയ തോതില്‍ സ്വാധീനമുള്ള മണ്ഡലമെന്ന് കരുതുന്ന പെരുമ്പാവൂരില്‍ എന്‍ഡിഎയ്ക്ക് വോട്ടിങ് ശതമാനം കൂടുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ യഥാര്‍ഥ എന്‍ഡിഎ സഖ്യം തങ്ങളാണെന്ന് കാണിച്ച് ശിവസേന സ്ഥാനാര്‍ഥി മല്‍സരിക്കുന്നതും ബിജെപിക്ക് തിരിച്ചടിയായി. എസ്ഡിപിഐയ്ക്കും ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് പെരുമ്പാവൂര്‍. വി കെ ഷൗക്കത്തലിയാണ് എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി.
ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച പ്രചാരണ പ്രവര്‍ത്തനമാണ് എസ്ഡിപിഐ മണ്ഡലത്തില്‍ നടത്തുന്നത്. വെല്‍ഫയര്‍ പാര്‍ട്ടിയുടെ തോമസ് കെ ജോര്‍ജും രംഗത്തുണ്ട്. കഴിഞ്ഞ തവണ 1,54,000 വോട്ടര്‍മാരുണ്ടായിരുന്ന പെരുമ്പാവൂരില്‍ ഇക്കുറി 10,000 വോട്ടര്‍മാരാണ് കൂടിയിരിക്കുന്നത്. 40 ശതമാനം ഹിന്ദു വോട്ടും 35 ശതമാനം ക്രിസ്തീയ വോട്ടും 25 ശതമാനം മുസ്ലിം വോട്ടുമാണ് മണ്ഡലത്തിലുള്ളത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.