|    Jun 21 Thu, 2018 10:01 pm
FLASH NEWS

പെരുമ്പാമ്പിനെ വിഴുങ്ങാന്‍ രാജവെമ്പാലയുടെ ശ്രമം: ആളുകൂടിയപ്പോള്‍ കാട്ടിലൊളിച്ചു; വാവയ്ക്കു മുന്നില്‍ കീഴടങ്ങി

Published : 26th January 2017 | Posted By: fsq

 

കോന്നി: ഒളിഞ്ഞും തെളിഞ്ഞും കഴിഞ്ഞ കുറേദിവസങ്ങളായി കുമ്മണ്ണൂര്‍ നിവാസികളെ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയ രാജവെമ്പാല വലയിലായി. ഇതുവരെ നിലനിര്‍ത്തിയ ഭീകരതയുടെ തോത് അല്‍പം ഉയര്‍ത്തിയായിരുന്നു ഇന്നലെ രാജവെമ്പാലയുടെ രംഗപ്രവേശം. തന്റെ വര്‍ഗത്തിലെ ശക്തനായ എതിരാളിയെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇന്നലെ വൈകീട്ട് നാലരയോടെ കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനു സമീപമുള്ള തോട്ടിലാണ് രാജവെമ്പാലയും പെരുമ്പാമ്പും ഏറ്റുമുട്ടിയത്. പെരുമ്പാമ്പിനെ അകത്താക്കാനായിരുന്നു രാജവെമ്പാലയുടെ ശ്രമം. എന്നാല്‍, പെരുമ്പാമ്പ് രാജവെമ്പാലയെ വരിഞ്ഞുമുറുക്കിയതോടെ ശ്രമം വിഫലമായി. സമീപത്തെ പുഴയില്‍ കുളിക്കാനെത്തിയവരാണ് പാമ്പുകളെ കണ്ടത്. ഉടന്‍തന്നെ ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. വിവരമറിഞ്ഞ് നാട്ടുകാരും സംഘടിച്ചതോടെ പാമ്പിനെ പിടികൂടാനുള്ള ശ്രമം വനപാലകര്‍ ആരംഭിച്ചു. തുടര്‍ന്ന് റാന്നിയില്‍ നിന്നുള്ള പ്രത്യേകസംഘത്തെ വിളിച്ചുവരുത്തിയെങ്കിലും അഞ്ചരയോടെ പെരുമ്പാമ്പിനെ ഉപേക്ഷിച്ച് രാജവെമ്പാല സമീപത്തെ കാട്ടിലൊളിച്ചു. അവശയായ പെരുമ്പാമ്പ് സമീപത്തേക്ക് ഇഴഞ്ഞുനീങ്ങുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ പാമ്പുപിടുത്ത വിദഗ്ധന്‍ വാവ സുരേഷ് ആറരയോടെ അതിവിദഗ്ധമായി രാജവെമ്പാലയെ കൈപ്പിടിയിലാക്കി. വാവ സുരേഷ് പിടികൂടുന്ന നൂറാമത്തെ രാജവെമ്പാലയാണിത്. 16 അടി നീളമുള്ള പാമ്പിന് 10 കിലോ തൂക്കമുണ്ട്. പാമ്പിന് 11 വയസ് പ്രായം വരുമെന്ന് വാവ സുരേഷ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss