|    Oct 22 Sun, 2017 2:00 pm
FLASH NEWS

പെരുമ്പളം- പാണാവള്ളി പാലത്തിന് 100 കോടി; പെരുമ്പളം ദ്വീപ് നിവാസികള്‍ക്ക് ശുഭപ്രതീക്ഷ

Published : 9th July 2016 | Posted By: SMR

പൂച്ചാക്കല്‍: സംസ്ഥാന ബജറ്റ് പെരുമ്പളം ദ്വീപ് നിവാസികള്‍ക്ക് ശുഭപ്രതീക്ഷ. പെരുമ്പളം ദ്വീപിനെ മറുകരയുമായി ബന്ധിപ്പിച്ച് പാലം നിര്‍മിക്കണമെന്ന് ദ്വീപിന്റെ ചിരകാലഭിലാഷത്തിന് സംസ്ഥാന ബജറ്റില്‍ നൂറ് കോടി രൂപയാണ് നിര്‍മാണത്തിനായി ധനകാര്യ മന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവരിപ്പിച്ചത്.
ദ്വീപിലേക്ക് പാലം നിര്‍മിക്കണമെന്നുള്ള ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഏറ്റവും ഒടുവില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അര്‍ജുന്‍ സന്തോഷ് പത്ത് ദിവസത്തോളംവേമ്പനാട്ട് കായലിലൂടെ സ്‌കൂളിലേക്കുള്ള ഏറെ ശ്രദ്ധേയമായ നീന്തല്‍ സമരം നടത്തിയിരുന്നു. കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പാണാവള്ളിയില്‍ നിന്നും പെരുമ്പളം ദ്വീപിലേക്കുള്ള പാലം നിര്‍മിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് അര്‍ജുന്‍ സന്തോഷ് നീന്തല്‍ സമരം അവസാനിപ്പിച്ചത്.
ജലഗതാഗത വകുപ്പിന്റെ പാണവള്ളിയിലെ ബോട്ട് സര്‍വീസാണ് ഇപ്പോള്‍ പതിനായിരത്തോളമുള്ള ദ്വീപ് നിവാസികള്‍ക്ക് ഏക ആശ്രയം. എന്നാല്‍ മിക്കപ്പോഴും ബോട്ടുകളില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ഇത് മൂലം വിദ്യാര്‍ഥികളും ജോലിക്കായിപോകുന്നവരും ചെറുവള്ളങ്ങളിലാണ് മറുകരയിലെത്തുന്നത്. സമയത്ത് ആശുപത്രികളില്‍ രോഗികളെ എത്തിക്കാനോ അപകടങ്ങളില്‍പ്പെട്ടവര്‍ക്ക് ചികില്‍സ നല്‍കാനോ കഴിയാതെ വരുന്നു. യാത്രാ മദ്ധ്യേ മരണം സംഭവിക്കുന്നതും പതിവാണ്.
യാത്രാക്ലേശം പരിഹരിക്കുന്നതിനായി എംഎല്‍എയുടെ അസ്തിവികസന ഫണ്ട് ഉപയോഗിച്ച് ദ്വീപിന് സ്വന്തമായി ‘ഐശ്വര്യം’ എന്ന പേരിലുള്ള ജങ്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ ഉദ്ഘാടനം മാമാങ്കം പോലെ നടത്തി ഒരാഴ്ച കഴിപ്പോള്‍ ജങ്കാര്‍ ദ്വീപില്‍ നിന്നു മാറ്റുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരുടെ ബജറ്റ് പ്രഖ്യാപനം അറിഞ്ഞതോടെ അര്‍ജുന്‍ സന്തോഷ് അടക്കമുള്ള ദ്വീപ് നിവാസികള്‍ ഏറെ സന്തോഷത്തിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക