|    Jan 17 Tue, 2017 2:34 pm
FLASH NEWS

പെരുമാതുറ മുതലപ്പൊഴിയോട് അവഗണന; സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യം പോലുമില്ല

Published : 11th July 2016 | Posted By: SMR

കഴക്കൂട്ടം: ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച പെരുമാതുറ മുതലപ്പൊഴിയും പരിസരപ്രദേശങ്ങളും അവഗണനയില്‍. ദിവസേന നൂറുകണക്കിന് ആളുകള്‍ എത്തുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുംതന്നെ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. പെരുന്നാള്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ മാത്രം പതിവിലേറെ ആളുകളാണ് മുതലപ്പൊഴി സന്ദര്‍ശിക്കാനെത്തിയത്.
കടലും കായലും സംഗമിക്കുന്നതിനു കുറുകെയുള്ള കൂറ്റന്‍ പാലത്തിനു മുകളില്‍ നിന്നു കടലിന്റെയും കായലിന്റെയും വശ്യത ആവോളം ആസ്വദിക്കാനും സൂര്യാസ്തമയത്തിന്റെ ഭംഗി നുകരാനുമാണ് ഇവിടെ എത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും സമയം ചെലവിടുന്നത്. പെരുമാതുറ മുതലപ്പൊഴിയെ അഴിമുഖമാക്കാനായി 2002ലാണ് സര്‍ക്കാര്‍ നിര്‍മാണം തുടങ്ങിയത്.
പല ഘട്ടങ്ങളിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പാളിച്ച സംഭവിച്ചെങ്കിലും ആഴിക്ക് മുകളിലൂടെ രണ്ടു വ്യത്യസ്ത പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം എട്ടു മാസങ്ങള്‍ക്കു മുമ്പാണ് പൂര്‍ത്തിയായത്. ഇതോടെയാണ് പെരുമാതുറ എന്ന തീരദേശ ഗ്രാമത്തിലേക്ക് വിദേശികള്‍ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടങ്ങിയതും കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ പെരുമാതുറ സ്ഥാനം പിടിച്ചതും.
ദിവസേന നൂറുകണക്കിനു സഞ്ചാരികള്‍ എത്തുന്ന ഇവിടെ അവധിദിവസങ്ങളില്‍ ജനസാഗരമാവും. ഇതൊക്കെയായിട്ടും ഇവിടെ എത്തുന്നവര്‍ക്ക് പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ ഒരു മൂത്രപ്പുര പോലും ഒരുക്കാന്‍ ഇന്നേവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പാലത്തില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെളിച്ചം തീരെ കുറവാണ്. തീരത്താണെങ്കില്‍ 6 മണി കഴിഞ്ഞാല്‍ കൂരിരുട്ടാണ്.
ഇരുട്ടിന്റെ മറവില്‍ സഞ്ചാരികള്‍ക്കു നേരെ പ്രദേശവാസികളായ സാമൂഹികവിരുദ്ധരുടെ ആക്രമണവും പതിവാണ്. ഇതിനെ അമര്‍ച്ച ചെയ്യാന്‍ കഠിനംകുളം പോലിസ് സ്‌റ്റേഷനില്‍ നിന്നു വിരലിലെണ്ണാവുന്ന പോലിസുകാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും വലിയ ജനക്കൂട്ടത്തിനു മുന്നില്‍ ഒന്നും ചെയ്യാനാകാതെ പോലിസ് നിസ്സഹായരാണ്. നേരത്തെ പോലിസ് ട്രെയിനിങ് ക്യാംപില്‍ നിന്നു കുറച്ചധികം പോലിസുണ്ടായിരുന്നെങ്കിലും ഇത് പിന്നീട് പിന്‍വലിച്ചു.
അത്യാവശ്യമായുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാനായി കഴിഞ്ഞ സര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍, സര്‍വേയും മറ്റും പൂര്‍ത്തീകരിച്ചെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടനെ തുടങ്ങുമെന്നും ബന്ധപ്പെട്ടവര്‍ മാസങ്ങള്‍ക്കു മുമ്പ് അറിയിച്ചെങ്കിലും ഇന്നേവരെ ഒന്നും നടന്നിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക