|    Dec 17 Mon, 2018 3:31 pm
FLASH NEWS

പെരുമാതുറ പൊഴിമുഖത്ത് വള്ളം മറിഞ്ഞു; ഒരാളെ കാണാതായി

Published : 27th August 2016 | Posted By: SMR

കഴക്കൂട്ടം: മല്‍സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ 18 മല്‍സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വള്ളം പൊഴിമുഖത്തു മറിഞ്ഞ് ഒരാളെ കാണാതായി. മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടു. കഠിനംകുളം ശാന്തിപുരം നിഷാ കോട്ടേജില്‍ ജോണ്‍സനെ (48) ആണു കാണാതായത്. നീന്തി രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റ അഞ്ച് മല്‍സ്യത്തൊഴിലാളികളെ നാട്ടുകാരും കഠിനംകുളം പോലിസും ചേര്‍ന്ന് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും ഒരാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശിങ്കാരത്തോപ്പ് മരിയപുരം സ്വദേശി എഡിസണ്‍ (42), ബെനഡി (45), ആലപ്പുഴ സ്വദേശി തങ്കച്ചന്‍ (45), പൂത്തുറ സ്വദേശികളായ ചാള്‍സ് (45), തോമസ് നെപ്പോളിയന്‍ (45) എന്നിവരാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. പെരുമാതുറ മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണു സംഭവം. അഞ്ചുതെങ്ങു പൂത്തുറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള താങ്ങുവല വള്ളത്തില്‍ മല്‍സ്യബന്ധനം കഴിഞ്ഞു തിരിച്ചു മടങ്ങവേ ഫിഷിങ് ഹാര്‍ബറിന്റെ പ്രവേശന കവാടത്തിലാണ് അപകടമുണ്ടായത്. ഹാര്‍ബറിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ വള്ളം തിരയില്‍പ്പെട്ട് ഒരു വശത്തേക്ക് കുത്തനെ മറിയുകയായിരുന്നു. വള്ളം മറിയുന്നതിനിടെ വള്ളത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും കടലിലേക്ക് എടുത്തുചാടി നീന്തി രക്ഷപ്പെടുന്നതു കാണാമായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം കണ്ടുനിന്ന മറ്റു മല്‍സ്യത്തൊഴിലാളികള്‍ പത്തോളം വള്ളങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
അതിനു ശേഷമാണു ജോ ണ്‍സനെ കാണാനില്ലെന്ന വിവരം മനസ്സിലാക്കുന്നത്. തുടര്‍ന്നു പോലിസും ഫയര്‍ഫോഴ്‌സും കോസ്റ്റ്ഗാര്‍ഡും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. വള്ളം തിരയില്‍പ്പെട്ടാണ് മറിഞ്ഞതെന്നും അശ്രദ്ധമൂലമാണ് അപകടം ഉണ്ടായതെന്നും അഭിപ്രായമുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് വൈകീട്ട് ആറോടെ മല്‍സ്യത്തൊഴിലാളികളും നാട്ടുകാരും അഞ്ചുതെങ്ങിന് സമീപത്തെ പൂത്തുറ, മുതലപൊഴി പാലം പുന്നോട് പ്രദേശങ്ങളിലെ റോഡ് ഉപരോധിച്ചു. പെരുമാതുറയില്‍ നിന്നും അഞ്ചുതെങ്ങ് ഭാഗത്തേക്കു പോവേണ്ട വാഹനങ്ങളെ പോലിസ് അഴൂര്‍, ചിറയിന്‍കീഴ് വഴി തിരിച്ചുവിട്ടു. പൂത്തുറ, പുന്നോട് ഭാഗത്തെ റോഡുകള്‍ തടിയും വള്ളങ്ങളും റോഡിന് കുറുകെ കയറ്റിവച്ചാണ് ഉപരോധിക്കുന്നത്. അപകടം നടന്ന സ്ഥലത്തു മാസങ്ങള്‍ക്കു മുമ്പ് എന്‍ജിന്‍ ഘടിപ്പിച്ച വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞ് അഞ്ചുതെങ്ങു താഴംപള്ളി സ്വദേശികളായ ആന്റണി, വിന്‍സെന്റ് എന്നീ മല്‍സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു.
അന്നും നാട്ടുകാരും മല്‍സ്യത്തൊഴിലാളികളും റോഡ് ഉപരോധിച്ചിരുന്നു. നിര്‍മാണത്തിലെ അപാകത കണ്ടെത്തി പരിഹാരം കണ്ടെത്താമെന്ന അധികൃതരുടെ പ്രഖ്യാപനങ്ങള്‍ നിലനില്‍ക്കെയാണു വീണ്ടും അപകടം നടന്നത്. സംഭവസ്ഥലം ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി സന്ദര്‍ശിച്ചു. കാണാതായ ജോണ്‍സനെ കണ്ടെത്താനുള്ള തിരച്ചില്‍ രാത്രി വൈകിയും തുടരുന്നു. നിഷയാണു ജോണ്‍സന്റെ ഭാര്യ. സിജോ, നിഷ എന്നിവര്‍ മക്കളുമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss