|    May 26 Fri, 2017 7:32 am
FLASH NEWS

പെരുമാതുറ തീരവാസികള്‍ ആശങ്കയില്‍

Published : 29th August 2016 | Posted By: SMR

എം എം അന്‍സാര്‍

കഴക്കൂട്ടം: പെരുമാതുറ മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറില്‍ നിന്നു പുറപ്പെട്ട മല്‍സ്യബന്ധന വള്ളം മറിഞ്ഞത് തീരത്തു വീണ്ടും ആശങ്ക പടര്‍ത്തുന്നു. ഇവിടെ നിന്നു മല്‍സ്യബന്ധനത്തിനായി 15 അംഗ സംഘം പുറപ്പെട്ട താങ്ങുവല വള്ളം പുത്തന്‍തോപ്പിലെ ഉള്‍ക്കടലില്‍ മറിഞ്ഞ സംഭവമാണ് പെരുമാതുറ, ബീമാപള്ളി, പുത്തന്‍തോപ്പ് പ്രദേശത്തെ മല്‍സ്യത്തൊഴിലാളികള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിരിക്കുന്നത്. മൂന്നുദിവസം മുമ്പ് മുതലപ്പൊഴി അഴിമുഖത്ത് 18 പേരുണ്ടായിരുന്ന വള്ളം മറിഞ്ഞ് ഒരാളൊഴികെ ബാക്കിയെല്ലാവരും നീന്തിയാണു രക്ഷപ്പെട്ടത്. അന്ന് മരിച്ച ജോണ്‍സന്റെ മൃതദേഹം ഇന്നലെയാണു കടലില്‍ നിന്ന് കിട്ടിയത്.
ഇതിന്റെ നടുക്കം മാറുന്നതിനു മുമ്പാണ് ഇന്നലെ വീണ്ടും പുത്തന്‍തോപ്പില്‍ സമാനമായ സംഭവമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണു പുത്തന്‍തോപ്പിലെ ഉള്‍ക്കടലില്‍ വള്ളം മറിഞ്ഞത്. ഇതില്‍ 30നും 60നും വയസ്സ് പ്രായമുള്ള പെരുമാതുറ ബീമാപള്ളി സ്വദേശികളായ 15 പേരാണുണ്ടായിരുന്നത്. ഇന്നലെ രാവിലെ അഞ്ചരയ്ക്ക് മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറില്‍ നിന്ന് ഉള്‍ക്കടലില്‍ പോയി മല്‍സ്യബന്ധനം കഴിഞ്ഞ് വരുമ്പോഴാണ് മല്‍സ്യത്തിന്റെ ഭാരവും കാറ്റും ഒഴുക്കും കാരണം വള്ളം മറിഞ്ഞത്. കുറച്ചുകാലത്തിനു ശേഷമാണ് ഇന്നലെ 25 ലക്ഷം രൂപയോളം വില വരുന്ന ചാളയും അയലയും കൊഴിച്ചാളയും കിട്ടിയത്.
വള്ളം മറിഞ്ഞതോടെ അത് മുഴവനും കടലില്‍ പോയി. 12ന് അപകടമുണ്ടായെങ്കിലും വൈകീട്ട് നാലരയോടെ മാത്രമേ മുഴുവന്‍ പേരെയും കരയ്‌ക്കെത്തിക്കാനായുള്ളൂ. ഇതിനിടയില്‍ രണ്ടു മണിക്കൂറോളം മരണത്തിനും ജീവിതത്തിനുമിടയിലാണ് അവര്‍ കടലില്‍ കഴിച്ചുകൂട്ടിയത്. രണ്ടുമാസം മുമ്പ് മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് താഴമ്പള്ളി സ്വദേശികളായ ആന്റണി, വിന്‍സെന്റ് എന്നി രണ്ട് മല്‍സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു. അന്നും മല്‍സ്യത്തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധവും ആശങ്കയുമാണുണ്ടായത്.
അടുത്തുകാലത്തായി വര്‍ധിക്കുന്ന ദുരന്തകാരണങ്ങള്‍ പരിഹാരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്നാണു മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറില്‍ നിന്ന് ദിവസവും നൂറുകണക്കിന് മത്സ്യബന്ധന മിനി ബോട്ടുകളാണ് കടലില്‍ പോവുന്നത്. ആറു മാസത്തിനകത്ത് 10ലധികം പേരാണ് കടലില്‍ പല അപകടങ്ങളില്‍ മരിച്ചത്. മല്‍സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പുണ്ടായിട്ടും അവരുടെ സുരക്ഷിത്വത്തിനായി യാതൊന്നും ചെയ്യുന്നില്ലെന്നാണു പരാതി. കടലിലുണ്ടാവുന്ന അപകടങ്ങളില്‍ ജാക്കറ്റ്, ട്യൂബ് എന്നിവ ആര്‍ക്കും കിട്ടിയില്ല. മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ലൈഫ് ഗാര്‍ഡുള്‍പ്പെടെയുള്ള സുരക്ഷാകേന്ദ്രം മുതലപ്പൊഴിയില്‍ ആരംഭിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day