|    Feb 23 Thu, 2017 10:22 pm
Home   >  Pravasi  >  Gulf  >  

പെരുമഴയില്‍ ആനിമല്‍ ഷെല്‍ട്ടര്‍ പൂര്‍ണമായും തകര്‍ന്നു

Published : 28th November 2016 | Posted By: SMR

ദോഹ: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ മൈദറിലുള്ള ഖത്തറിലെ ഏറ്റവും വലിയ ആനിമല്‍ ഷെല്‍ട്ടര്‍(തെരുവ് മൃഗങ്ങളുടെ അഭയ കേന്ദ്രം) പൂര്‍ണമായും വെള്ളത്തിലായി. ഭൂഗര്‍ഭ കിണര്‍ പൊട്ടിയൊഴുകിയതിനെ തുടര്‍ന്നാണ് ഷെല്‍ട്ടര്‍ മൂന്നടിയോളം വെള്ളത്തില്‍ മുങ്ങിയതെന്ന് ഖത്തര്‍ ആനിമല്‍ വെല്‍ഫെയര്‍ സൊസൈറ്റി(ക്യുഎഡബ്ല്യുഎസ്) സഹസ്ഥാപക ജാനെറ്റ് ബെറി പറഞ്ഞു. ഇവിടെയുള്ള നൂറുകണക്കിന് മൃഗങ്ങളുടെ സംരക്ഷണത്തിനായി പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ക്യുഎഡബ്ല്യുഎസിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് പ്രദേശത്ത് താമസിക്കുന്ന നിരവധി പേര്‍ സഹായവുമായി രംഗത്തിറങ്ങി. ഇതേ തുടര്‍ന്ന് ഭൂരിഭാഗം മൃഗങ്ങളെയും താല്‍ക്കാലികമായി മാറ്റി പാര്‍പ്പിച്ചു.
എന്നാല്‍, ഷെല്‍ട്ടറിലുള്ള ഭക്ഷണവും ബ്ലാങ്കറ്റുകളും മൃഗങ്ങളുടെ കൂടുകളും പൂര്‍ണമായും നശിച്ചു. ഇവിടെയുള്ള ജോലിക്കാരുടെ താമസ കേന്ദ്രത്തിനും കാര്യമായ കേടുപാടുകള്‍ പറ്റി. അവരുടെ വസ്ത്രങ്ങളും ബ്ലാങ്കറ്റുകളും മറ്റും വെള്ളത്തിലായിട്ടുണ്ട്. വെള്ളം പൂര്‍ണമായും താഴ്ന്നാല്‍ മാത്രമേ നിലവിലെ കേന്ദ്രം ഇനിയും ഉപയോഗപ്പെടുത്താന്‍ സാധിക്കുമോ എന്ന് വ്യക്തമാവൂ. ഇത് പുതുക്കിപ്പണിയുന്നതു വരെ താല്‍ക്കാലിക കേന്ദ്രത്തിലേക്ക് മാറുകയോ അല്ലെങ്കില്‍ പുതിയൊരു കേന്ദ്രം തന്നെ പണിയുകയോ ചെയ്യേണ്ടിവരുമെന്ന് ജാനെറ്റ് ബെറി ദോഹ ന്യൂസിനോട് പറഞ്ഞു. സാധാരണ മഴപെയ്താല്‍ മുട്ടുവരെ മാത്രമേ വെള്ളം കയറാറുള്ളു. എന്നാല്‍, ഈ വര്‍ഷം അമിതമായി മഴവെള്ളം കുത്തിയൊലിച്ചതിനെ തുടര്‍ന്ന് ഫാമിലെ ഭൂഗര്‍ഭ കിണര്‍ പൊട്ടിയതാണ് വലിയ നാശനഷ്ടങ്ങള്‍ക്കിടയാക്കിയത്.
സഹായ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇവിടെയുള്ള മുഴുവന്‍ നായ്ക്കളെയും കന്നുകാലികള്‍, കഴുതകള്‍, ചെമ്മരിയാട്, കുരങ്ങുകള്‍ തുടങ്ങിയവയെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. പലതിനെയും സമീപത്തുള്ള വീടുകളിലും മറ്റുമാണ് താല്‍ക്കാലികമായി പാര്‍പ്പിച്ചിട്ടിള്ളത്.  പ്രൈംപവര്‍ മിഡില്‍ ഈസ്റ്റിന്റെ ട്രക്കുകള്‍ സ്ഥലത്തെത്തി കഴിഞ്ഞ ദിവസം രാത്രി മുതല്‍ വെള്ളം പമ്പ് ചെയ്ത് മാറ്റിത്തുടങ്ങിയിട്ടുണ്ട്. ഈ പ്രവര്‍ത്തി ഇന്നലെയും തുടര്‍ന്നു. ഫെയ്‌സ്ബുക്ക് വഴിയുള്ള അഭ്യര്‍ഥനയെ തുടര്‍ന്ന് 60,000 റിയാലോളം വിവിധ ആളുകളില്‍ നിന്നായി ഓഫര്‍ ലഭിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്കുള്ള വസ്ത്രങ്ങള്‍, മൃഗ തീറ്റ, ബ്ലാങ്കറ്റുകള്‍, ടവലുകള്‍, കൂട് തുടങ്ങിയവ നല്‍കി സഹായിക്കണമെന്ന് സംഘടനയുടെ സ്ഥാപക അംഗമായ കെല്ലി അലന്‍ ഫെയ്‌സ്ബുക്ക് വഴി അഭ്യര്‍ഥിച്ചു.
മറ്റൊരു മൃഗ കാരുണ്യ സംഘടനയായ സെക്കന്റ് ചാന്‍സ് റെസ്‌ക്യുവും സഹായ അഭ്യര്‍ഥനയുമായി രംഗത്തെത്തിയിട്ടുണ്ട്. മഴയെ നേരിടുന്നതിന് മൃഗ കൂടുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനാണ് ഇവര്‍ സഹായം തേടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക