|    Oct 20 Fri, 2017 9:06 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പെരുമണ്‍ ദുരന്തം: പിന്നില്‍ ജീവനക്കാരുടെ അനാസ്ഥയെന്ന് മുന്‍ ഉദ്യോഗസ്ഥന്‍

Published : 8th August 2017 | Posted By: fsq

 

കൊച്ചി: കേരളത്തെ നടുക്കിയ പെരുമണ്‍ ദുരന്തത്തിനു പിന്നില്‍ ജീവനക്കാരുടെ അനാസ്ഥ. അപകടത്തിനു നേരിട്ടു കാരണക്കാരായ നാലു ജീവനക്കാരുടെ പേരുകള്‍ പരാമര്‍ശിക്കുന്ന റിപോര്‍ട്ട് പ്രധാനമന്ത്രിക്കും റെയില്‍വേമന്ത്രിക്കും സമര്‍പ്പിച്ചിട്ടുണ്ടെന്നും മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അപകടം നടന്ന് 29 വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുമായി റെയില്‍വേ സേഫ്റ്റി കൗണ്‍സിലര്‍ സ്ഥാനത്തു നിന്ന് വിരമിച്ച കെ വി സുധാകരന്‍ രംഗത്തെത്തിയത്. അപകടത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് പഠനം നടത്തിയ റെയില്‍വേ സേഫ്റ്റി കമ്മീഷണറായ സൂര്യനാരായണ കമ്മീഷന്‍ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ ടൊര്‍ണാഡോ ചുഴലിക്കാറ്റ് സാന്നിധ്യത്തെ പാടെ തള്ളിയാണ് കെ വി സുധാകരന്‍ റിപോര്‍ട്ട് തയ്യാറാക്കിയത്. സുധാകരന്റെ റിപോര്‍ട്ടില്‍ അപകടത്തെപ്പറ്റി സൂചിപ്പിക്കുന്നത് ഇങ്ങനെ: തിരുവനന്തപുരം- ബാംഗ്ലൂര്‍ എക്‌സ്പ്രസ് വൈകി ഓടിയതിനാല്‍ ട്രെയിന്‍ കടന്നുപോയെന്ന ധാരണയില്‍ ട്രാക്കില്‍ ജോലിചെയ്തിരുന്നവര്‍ പാളം ഉറപ്പിച്ചുനിര്‍ത്തുന്ന ഫിഷ്‌പ്ലേറ്റ് അഴിച്ചുമാറ്റി ഭക്ഷണം കഴിക്കാന്‍പോയ സമയത്താണ് ട്രെയിന്‍ എത്തിയത്. സാധാരണഗതിയില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ എത്തേണ്ട ട്രെയിന്‍ വൈകിയതിനാല്‍ 87 കിലോമീറ്റര്‍ വേഗത്തിലാണ് അഷ്ടമുടിക്കായലിന് കുറുകെയുള്ള പാലത്തിലേക്ക് പ്രവേശിച്ചത്. പാലത്തിലേക്ക് കയറിയ ട്രെയിന്‍ ഫിഷ്‌പ്ലേറ്റ് അഴിച്ചിട്ടതിനെ തുടര്‍ന്ന് അഷ്ടമുടിക്കായലിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിന് നേരിട്ടു കാരണക്കാരായ നാലു ജീവനക്കാരുടെ പേരുകള്‍ ഉള്‍പ്പെടെ പരാമര്‍ശിക്കുന്ന റിപോര്‍ട്ട് പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും കെ വി സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1988 ജൂലൈ 8ന് കൊല്ലം അഷ്ടമുടിക്കായലിലേക്ക് ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്‍ഡ് എകസ്പ്രസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 108 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക