|    Aug 21 Mon, 2017 12:16 pm
Home   >  Todays Paper  >  Page 4  >  

പെരുമണ്‍ ദുരന്തം : കാരണം ജീവനക്കാരുടെ അനാസ്ഥയെന്ന് മുന്‍ ഉദ്യോഗസ്ഥന്‍

Published : 2nd August 2017 | Posted By: fsq

 

പറവൂര്‍: പെരുമണ്‍ ദുരന്തത്തിന് കാരണം ടൊര്‍ണാഡോ ചുഴലിക്കാറ്റല്ല ജീവനക്കാരുടെ അനാസ്ഥയാണെന്ന വെളിപ്പെടുത്തലുമായി റെയില്‍വേ റിട്ട. സേഫ്റ്റി ഉദ്യോഗസ്ഥന്‍ കെ വി സുധാകരന്‍ രംഗത്ത്. മുപ്പത് വര്‍ഷം മുമ്പാണ് പെരുമണ്‍ തീവണ്ടി ദുരന്തമുണ്ടായത്. അന്ന് 108 പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായി. ഉച്ചയ്ക്ക് ഒരുമണിയോടെ കൊല്ലത്തെ അഷ്ടമുടിക്കായലിന് കുറുകെയുള്ള റെയില്‍ പാലത്തില്‍ നിന്നും തിരുവനന്തപുരം-ബാംഗ്ലൂര്‍ എക്‌സ്പ്രസ് തീവണ്ടി കായലില്‍ പതിച്ചാണ് ദുരന്തമുണ്ടായത്. റെയില്‍വേ സേഫ്റ്റി കമ്മീഷണറായ നാരായണന്‍ നടത്തിയ അന്വേഷണ റിപോര്‍ട്ടില്‍ അപകടകാരണം ടൊര്‍ണാഡോ ചുഴലിക്കാറ്റാണന്നാണ് കണ്ടെത്തിയത്. ഈ കണ്ടെത്തലില്‍ അന്നുതന്നെ വിദഗ്ധര്‍ അവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പിന്നീടാണ് അന്ന് റെയില്‍വേ സേഫ്റ്റി ഉ—ദ്യോഗസ്ഥനായിരുന്ന സുധാകരന്‍ അപകടം സംബന്ധിച്ച് പഠനം നടത്താന്‍ തീരുമാനിച്ചത്. പാളത്തെ ഉറപ്പിച്ചു നിര്‍ത്തുന്ന ഫിഷ്‌പ്ലേറ്റ് ലൂസായിരുന്നതാണ് അപകട കാരണമായി സുധാകരന്‍ കണ്ടെത്തിയത്. ട്രെയിന്‍ വൈകി ഓടിയതിനാല്‍ ട്രെയിന്‍ കടന്നു പോയി എന്ന ധാരണയില്‍ ലൂസായ ഫിഷ്‌പ്ലേറ്റ് മുറുക്കാതെ ജീവനക്കാര്‍ ഊണ് കഴിക്കാന്‍ പോയി. വൈകി ഓടിയ ട്രെയിന്‍ സമയം ക്രമീകരിക്കാന്‍ വേഗത കൂട്ടി ഓടുകയായിരുന്നുവെന്ന് രേഖകള്‍ ഉദ്ധരിച്ച് സുധാകരന്‍ പറയുന്നു. 30 വര്‍ഷം കഴിഞ്ഞെങ്കിലും റെയില്‍വേ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് താന്‍ കണ്ടെത്തിയ കാര്യത്തിന്റെ കോപ്പി തയ്യാറാക്കി കാത്തിരിക്കുകയാണ് ചിറ്റാറ്റുകര പട്ടണത്ത് വിശ്രമജീവിതം നയിക്കുന്ന സുധാകരന്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക