|    Feb 26 Sun, 2017 6:31 pm
FLASH NEWS

പെരുമണ്ണ്-പൊറോറ കടവ് പാലം: പ്രതീക്ഷ നീളുന്നു

Published : 21st November 2016 | Posted By: SMR

ഇരിക്കൂര്‍: മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ പടിയൂര്‍ പഞ്ചായത്തിനെയും മട്ടന്നൂര്‍ നഗരസഭയെയും ബന്ധിപ്പിക്കുന്ന പെരുമണ്ണ്-പൊറോറ കടവില്‍ പാലത്തിനായുള്ള പ്രതീക്ഷ നീളുന്നു. നാട്ടുകാരുടെ ആവശ്യത്തിന് കാല്‍നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയുടെ ഭാഗമായ പെരുമണ്ണും പൊറോറയും ഏറെക്കാലം രണ്ട് മണ്ഡലങ്ങളിലും രണ്ട് താലൂക്കുകളിലും ആയിരുന്നു. കാലം മാറിയതോടെ നിയോജക മണ്ഡലങ്ങള്‍ അടുത്തടുത്തു. ഇരിക്കൂര്‍ പുഴയുടെ രണ്ടു ഭാഗങ്ങള്‍ തമ്മിലുള്ള ദൂരം 200 മീറ്റര്‍ മാത്രമാണ്.  എന്നാല്‍ പെരിച്ചൂര്‍-മുള്ള്യം വഴി കറഞ്ഞിത്തിരിഞ്ഞ് മണ്ണൂര്‍കടവ് പാലത്തിലൂടെ ചുരുങ്ങിയത് 10 കിലോ മീറ്ററെങ്കിലും യാത്ര ചെയ്തുവേണം മറു കരയിലെത്താന്‍. ആശ്രയമായി കടത്തുവഞ്ചിയുണ്ടെങ്കിലും വെള്ളം കയറിയാല്‍ തോണിയാത്ര നിലക്കും. നാട്ടുകാര്‍ക്കും തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറുകരയിലെത്താനുള്ള ഏക ആശ്രയവും തോണി തന്നെ. വെള്ളം കുറഞ്ഞാല്‍ അല്‍പ്പം നനഞ്ഞു മാത്രമേ പോകാനാവൂ.  പൊറോറ ഗ്രാമപ്പഞ്ചായത്തായിരുന്ന കാലം മുതല്‍ തന്നെ നിവേദനം നല്‍കിയിരുന്നതാണ്. ഇതിനെല്ലാം എത്രയോ വര്‍ഷങ്ങള്‍ക്കും ശേഷമാണ് ഇതേ പുഴയില്‍ മുമ്പ് പൂളിയാടിലും മണ്ണൂര്‍കടവിലും പാലത്തിന്റെ ആവശ്യമുയര്‍ന്നതും അവിടങ്ങളില്‍ പാലങ്ങള്‍ യാഥാര്‍ഥ്യമായതുമെല്ലാം. രണ്ടുവര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത മണ്ണൂര്‍കടവില്‍ പാലം പണിയാനുള്ള നടപടികള്‍ വി എസ് അച്യുതാനന്ദന്റെ കാലത്താണ് സ്വീകരിച്ചത്. മട്ടന്നൂര്‍, മരുതായി, മണ്ണര്‍, മുള്ള്യം, പെരിയച്ചൂര്‍, പൊറോറക്കാര്‍ക്ക് ഇരിക്കൂറിലെത്താന്‍ മണ്ണൂര്‍കടവില്‍ പാലം പ്രയോജനപ്പെടുമെന്ന അഭിപ്രായത്തിനു മുന്‍തൂക്കം കിട്ടിയതോടെയാണ് പൊറോറ-പെരുമണ്ണ് പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനുമേല്‍ കരിനിഴല്‍ വീണത്. മണ്ണൂര്‍കടവ് പാലത്തിലൂടെ കരിത്തൂര്‍പറമ്പ്, കരിത്തൂര്‍ പറമ്പ് റോഡ് വഴി 10 കിലോ മീറ്റര്‍ യാത്ര ചെയ്താലേ പെരുമണ്ണില്‍നിന്നു പൊറോറയില്‍ എത്താനാവൂ. ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സിബ്ഗ കോളജ്, പെരുവളത്ത് പറമ്പ്് റഹ്്മാനിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ്, ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മലയോര മേഖലയിലെ നിരവധി പ്രദേശങ്ങളിലുമെത്താന്‍ ഇതുവഴി ഒരു ബസ് യാത്ര മാത്രം മതിയാകും. എന്നാല്‍ മൂന്നിലധികം ബസ്സുകള്‍ മാറിക്കയറി വേണം ഈ പ്രദേശവാസികള്‍ക്ക് ഇവിടങ്ങളിലെത്താന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day