|    Mar 24 Sat, 2018 2:25 am
FLASH NEWS

പെരുന്ന ബസ് സ്റ്റാന്‍ഡ് സാമൂഹിക വിരുദ്ധരുടെ താവളമാവുന്നു

Published : 13th October 2016 | Posted By: Abbasali tf

ചങ്ങനാശ്ശേരി: രാഷ്ട്രീയ നേതാവിന്റെ കൊലപാതകത്തില്‍ കലാശിച്ച ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്‍ഡ് സാമൂഹിക വിരുദ്ധരുടെ താവളമാവുന്നു. അടുത്ത കാലത്തായിട്ടാണ് ഇവിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായത്. സന്ധ്യയാവുന്നതോടെ നഗരത്തിന്റെ സമീപപ്രദേശങ്ങളിലേയും മറ്റു ഭാഗങ്ങളിലേയും സാമൂഹിക വിരുദ്ധര്‍ ഇവിടെ ഒത്തുകൂടുകയാണ് ചെയ്യുന്നത്. സമീപത്തെ സിനിമ തിയേറ്ററില്‍ സിനിമ കാണാന്‍ എന്ന വ്യാജേനയാണ് ഇവര്‍ ഇവിടെ സംഘടിക്കുന്നത്. ഇക്കൂട്ടത്തില്‍ കഞ്ചാവു മാഫിയകളും ഉള്ളതോടെ ഈ പ്രദേശം  വൈകീട്ടോടെ ഇവരുടെ വിരഹ കേന്ദ്രമായി മാറുകയാണ്. സ്‌കൂള്‍-കോളജുകളില്‍ നിന്ന് മടങ്ങിയെത്തുന്ന പെണ്‍കുട്ടികളെ കമന്റടിക്കുക, സ്ത്രീകളോട് അശ്ലീല ഭാഷയില്‍ സംസാരിക്കുക, മദ്യപിച്ച് ബഹളം വയ്ക്കുക, യാത്രക്കാരെ ഭീഷണിപ്പെടുത്തുക ഇവയെല്ലാം ഇവിടെ നിത്യ സംഭവമാണ്. ഭയപ്പെട്ട്് ഇതിനെതിരേ പ്രതികരിക്കാന്‍ ആരും തയ്യാറാവുന്നില്ലെന്നു മാത്രം.യാത്രക്കാരന്‍ എന്ന വ്യാജേന പെരുന്ന സ്റ്റാന്‍ഡിലെ കസേരകളില്‍ ഇരിപ്പുറപ്പിക്കുന്ന ഇവര്‍ രാവന്തിയോളം അവിടെ ചുറ്റിക്കറങ്ങുന്നതും പതിവാണ്്. സന്ധ്യാ സമയങ്ങളില്‍ ഇവിടെ കഞ്ചാവു വില്‍പ്പനയും തകൃതിയായി നടക്കുന്നു. ഇരുള്‍ വ്യാപിക്കുന്നതോടെ ചില സ്ത്രീകളും സ്റ്റാന്റു കേന്ദ്രീകരിച്ച് സ്ഥാനം പിടിക്കാറുണ്ട്. ഇതിനിടയില്‍ തിയേറ്ററുകളിലെ ടിക്കറ്റുകള്‍ വന്‍വിലയ്ക്കു വില്‍ക്കാനും ഇവര്‍ തയ്യാറാകുന്നു. ഇതും ഇവിടെ സംഘര്‍ഷാവസ്ഥയ്ക്കു കാരണമാവാറുണ്ട്. സ്റ്റാന്‍ഡിലെ ഗ്രൗണ്ടില്‍ അനധികൃത വാഹന പാര്‍ക്കിങും വ്യാപകമാണ്. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തുന്ന വാഹനങ്ങള്‍ പലപ്പോഴും ഇവിടെ സൗകര്യമായി പാര്‍ക്ക് ചെയ്ത ശേഷം വൈകീട്ടോടെയാവും മടങ്ങിയെത്തുക. തിരുവനന്തപുരത്തും എറണാകുളത്തും ജോലിചെയ്യുന്നവര്‍ വരെ ഇവിടെ വാഹനം പാര്‍ക്ക് ചെയ്യുന്നതായി കച്ചവടക്കാര്‍ പറയുന്നു. ഇത് തങ്ങളുടെ വ്യാപാരത്തെ ബാധിക്കുന്നതായി അവര്‍ പരാതിപ്പെടുന്നു. എന്നാല്‍ ആരുടെ വാഹനമാണെന്നോ എത്ര സമയത്തേക്കാണ് പാര്‍ക്കിങ് എന്നോ അറിയാന്‍ നഗരസഭ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. നിരവധി ബൈക്കുകളാണ് ഇവിടെ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത്. ഇതിനു പരിഹാരമുണ്ടാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നുമില്ല. ഒരു സെക്യൂരിറ്റിയെ നിയമിച്ചിട്ടുണ്ടെങ്കിലും സെക്യൂരിറ്റിയുടെ നിര്‍ദേശം മറികടന്നാണ് പാര്‍ക്കിങ്. വേണ്ടത്ര പോലിസിനെ നിയമിച്ച് പരിശോധനകള്‍ കര്‍ശനമാക്കി ഇവിടുത്തെ സാമൂഹിക വിരുദ്ധ ശല്യത്തിന് അറുതി വരുത്തണമെന്ന ആവശ്യം ശക്തമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss