|    Oct 20 Sat, 2018 4:41 pm
FLASH NEWS
Home   >  News now   >  

പെരുന്നാളിന്റെ അകംപൊരുള്‍

Published : 31st August 2017 | Posted By: G.A.G

ഖാലിദ്   മൂസാ നദ്‌വി   

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഈ പെരുന്നാള്‍ക്കാലം ആവേശപൂര്‍വം ആഘോഷിക്കാന്‍ പ്രചോദിപ്പിക്കുന്നതല്ലെന്ന സത്യം മറച്ചുവയ്ക്കാന്‍ കഴിയില്ല. ആഘോഷം മതബാധ്യതയാകയാല്‍ ആഘോഷിച്ചിരിക്കും എന്നതിനപ്പുറം പാട്ടുപാടി ആഘോഷിക്കാനും ആനന്ദത്താല്‍ ആഹ്ലാദിക്കാനും മനസ്സ് പാകപ്പെടാത്ത ദിനരാത്രങ്ങളിലൂടെയാണ് അവര്‍ ജീവിച്ചുവരുന്നത്. നിരാശയുടെ പരാതിപറച്ചിലല്ല ഇത്, യാഥാര്‍ഥ്യബോധത്തിന്റെ തുറന്നുപറച്ചില്‍ മാത്രമാണ്. ആഘോഷത്തിനപ്പുറം പെരുന്നാളിന്റെ അകംപൊരുളാണ് നമുക്ക് കൂടുതല്‍ പ്രധാനം.

പെരുന്നാളിനു മുന്നോടിയായി ഹജ്ജുണ്ട്. ഹജ്ജിന് ഉജ്ജ്വലമായ മുദ്രാവാക്യവുമുണ്ട്: ‘അല്ലാഹുവേ, നിന്റെ വിളിക്കിതാ ഉത്തരം തരുന്നു. എല്ലാ സ്തുതികളുടെയും അവകാശി നീ മാത്രം. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം നീ മാത്രം. എല്ലാ അധികാരങ്ങളും നിനക്കു മാത്രം. മേല്‍പറഞ്ഞ ഒന്നിലും നിനക്കൊരു പങ്കാളിയുമില്ല.’ ഉജ്ജ്വലമായ ഈ മുദ്രാവാക്യം മുഴക്കിക്കൊണ്ടുള്ളതാണ് ഹജ്ജ് യാത്രയുടെ തുടക്കവും ഒടുക്കവും. ഈ മുദ്രാവാക്യം നല്‍കുന്ന ആത്മീയബലമാണ് വിശ്വാസിയെ സ്വതന്ത്രനാക്കുന്നത്.

ഏകാധിപതികള്‍ ഒരുപക്ഷേ വിശ്വാസിയുടെ സ്വാതന്ത്ര്യത്തിന് അതിരുകള്‍ നിശ്ചയിക്കുന്നുണ്ടാവാം. ദേശ-രാഷ്ട്രാതിര്‍ത്തികള്‍ ഒരുപക്ഷേ വിശ്വാസികള്‍ക്ക് മതിലുകളും വേലികളും തീര്‍ക്കുന്നുണ്ടാവാം. പക്ഷേ, പ്രപഞ്ചത്തോളവും അതിനുമപ്പുറവും വിശാലതയുള്ള വിശ്വാസിയുടെ ഹൃദയമുണ്ടല്ലോ, ആ ഹൃദയവിചാരവികാരങ്ങളാണ് അവനെ യഥാര്‍ഥത്തില്‍ സ്വതന്ത്രനാക്കുന്നത്.
‘ലബ്ബൈക്’ ചൊല്ലി ഹജ്ജ് നിര്‍വഹിച്ച വിശ്വാസിയെ അടിമയാക്കാന്‍ ലോകത്തൊരു ശക്തിക്കും സാധ്യമേയല്ല. സമ്പൂര്‍ണമായ സ്വാതന്ത്ര്യവും വിമോചനവുമാണ് ഹജ്ജിന്റെ ദര്‍ശനം. ഹജ്ജില്‍ നിന്നു പെരുന്നാളിലെത്തുന്ന വിശ്വാസി ‘അല്ലാഹു അക്ബര്‍’ പറഞ്ഞുകൊണ്ടാണ് ആഘോഷം ഉദ്ഘാടനം ചെയ്യുന്നത്. ‘അല്ലാഹു ഏറ്റവും വലിയവന്‍’ എന്ന പ്രഘോഷണം വഴി വിശ്വാസി സ്വായത്തമാക്കുന്നതും മറ്റൊരു മനുഷ്യനും ഭൂമിയില്‍ സ്വന്തമാക്കാത്ത ചൈതന്യമാണ്.
ചെറിയ മനുഷ്യന്‍ കയറിയിരിക്കുന്ന പലതരം ഇടങ്ങള്‍ നമുക്കു ചുറ്റും ഉണ്ടെന്നറിയണം നാം. ഭരണകൂടം ഔദാര്യമായി അനുവദിക്കുന്ന ഇടം, പുരോഹിതന്‍ വരമായി നല്‍കുന്നയിടം, മുതലാളി കനിഞ്ഞരുളുന്ന ഇടം- ഇവിടങ്ങളില്‍ പൂര്‍ണമോ ഭാഗികമോ ആയ ‘അടിമമനസ്സി’ന്റെ ആത്മനിന്ദയില്‍ സ്വന്തം ശക്തിയും ഔദാര്യവും മറന്നുപോകുന്ന മനുഷ്യര്‍ക്കിടയില്‍ തക്ബീര്‍ മുഴക്കുന്ന വിശ്വാസി പിടിച്ചെടുക്കുന്ന ഇടം തിരിച്ചറിവിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും മഹത്തായൊരു വിജയപീഠം തന്നെയാണ്.
ഹജ്ജിന്റെ ‘ലബ്ബൈക’യും പെരുന്നാളിന്റെ ‘തക്ബീറും’ പേറുന്ന വിമോചന ഉള്ളടക്കത്തെ വിസ്മരിക്കുന്ന ഒരു അനുഷ്ഠാന സൂഫിമതത്തെ രൂപപ്പെടുത്താനും അതിന്റെ നേതാക്കളെ നായകന്‍മാരായി പ്രതിഷ്ഠിക്കാനും സാധിക്കുമെങ്കില്‍ ഒരു മുസ്‌ലിം ആള്‍ദൈവത്തെ എഴുന്നള്ളിക്കാനും ട്രംപ് മുതല്‍ മോദി വരെ ഹോംവര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന നിര്‍ണായക ചരിത്രഘട്ടത്തില്‍ പെരുന്നാളിന്റെ വിമോചനാത്മക ആത്മീയ ഉള്ളടക്കത്തെക്കുറിച്ച് നാം ഉറക്കെ ചിന്തിച്ചേ മതിയാവൂ.
ഇസ്‌ലാം സമര്‍പ്പിക്കുന്ന ആത്മീയ ദര്‍ശനത്തിനു രണ്ടു തലമുണ്ട്: ഒരു തലം ആകാശത്തേക്കു വളര്‍ന്നുപൊങ്ങുന്നതാണ്. രണ്ടാമത്തെ തലം ഭൂമിയിലേക്കു താഴ്ന്നിറങ്ങുന്നതുമാണ്. പെരുന്നാളുകള്‍ ഇരുതലങ്ങളെയും മനോഹരമായി ആവിഷ്‌കരിക്കുന്നതു കാണാം. പെരുന്നാളിന്റെ തക്ബീറും സ്വലാത്തും ആകാശാരോഹണമാണെങ്കില്‍ ഫിത്്വര്‍ സകാത്തിന്റെ ഭക്ഷ്യധാന്യ വിതരണവും ബലിയുടെ മാംസവിതരണവും ഭൂമിയിലേക്ക് താഴ്ന്നിറങ്ങി മനുഷ്യന്റെ അടുക്കളകളിലേക്കുള്ള, വിശക്കുന്ന ആമാശയങ്ങളിലേക്കുള്ള മറ്റൊരു തീര്‍ത്ഥാടനം തന്നെയാണ്.
സാധാരണ മനുഷ്യന്റെ ഭക്ഷണത്തളികയില്‍ പോലും മത-ആത്മീയ-വംശീയ പൗരോഹിത്യം അധികാര രാഷ്ട്രീയത്തിന്റെ ബലപ്രയോഗത്തിലൂടെ അധിനിവേശിക്കുമ്പോള്‍ പ്രസ്തുത ഇസ്‌ലാമിക ആത്മീയതയുടെ ഉറക്കെപ്പറച്ചില്‍ കാലഘട്ടത്തിന്റെ നവോത്ഥാന ദൗത്യമാണെന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
ആത്മാവ് കെടാത്ത അധികാര രാഷ്ട്രീയത്തിന്റെയും മണ്ണില്‍ തൊടാത്ത ആള്‍ദൈവ ആത്മീയതയുടെയും ബഹിഷ്‌കരണമാണ് ബലിപെരുന്നാള്‍. ബലിപെരുന്നാളിലെ ബലിയെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത് ആവര്‍ത്തിച്ചു വായിച്ചിട്ടു വേണം നാം ഉരുവിന്റെ കഴുത്തില്‍ കത്തിവയ്ക്കാന്‍.
‘അല്ലാഹുവിനു മാംസം വേണ്ട, അല്ലാഹുവിനു ചോര വേണ്ട, അല്ലാഹുവിനു വേണ്ടത് നിങ്ങളുടെ മൂല്യബോധം മാത്രം. അല്ലാഹുവിലേക്ക് ചെല്ലേണ്ടത് നിങ്ങളുടെ ജീവിത സൂക്ഷ്മത മാത്രം. അല്ലാഹു തേടുന്നത് നിങ്ങളുടെ സ്വഭാവശുദ്ധി മാത്രം’- ബലിയറുക്കുമ്പോള്‍ ബലികര്‍മത്തിന്റെ ഈ അകംപൊരുള്‍ നമ്മില്‍ എത്ര പേരെ ആവേശിക്കുന്നുണ്ട്?
‘ബലിമാംസം നിങ്ങള്‍ ഭക്ഷിക്കുകയാണ് വേണ്ടത്. ദരിദ്രരെയും ജീവിതത്തില്‍ ഭക്ഷ്യസ്വയംപര്യാപ്തത പര്യാപ്തത നേടിയിട്ടില്ലാത്തവരെയും ബലിസ്ഥലം സന്ദര്‍ശിക്കുന്ന എല്ലാവരെയും നിങ്ങള്‍ ഭക്ഷിപ്പിക്കുകയാണ് വേണ്ടത്.’ ഭക്ഷണം കഴിക്കുന്നതിലും ജനങ്ങളെ ഭക്ഷണം കഴിപ്പിക്കുന്നതിലുമാണ് ആത്മീയാനുഭൂതിയുടെ ആസ്വാദനമെന്ന ഈ ദൈവിക പാഠമാണ് പെരുന്നാളിന്റെ മഹത്തായ കര്‍മസാക്ഷ്യം.
അല്ലാഹുവിന്റെ സുന്ദരനാമങ്ങളില്‍ ഒന്ന് ‘അന്നദാതാവ്’ എന്നതാകുന്നുവെന്ന വസ്തുത ഇതിനോട് ചേര്‍ത്തുവായിക്കണം. അന്നദാതാവ് എന്ന നിലയുള്ള അല്ലാഹുവിന്റെ ഭക്ഷണവിതരണ പരിപാടിയില്‍ വിശ്വാസപരവും മതപരവുമായ വിവേചനമില്ലെന്നു പഠിപ്പിക്കാന്‍, ആദ്യ ബലിയുടെ കാര്‍മികത്വം അല്ലാഹുവിന്റെ കൂട്ടുകാരനെന്നും ജനങ്ങളുടെ നേതാവെന്നും ഒരേസമയം വിശേഷിപ്പിക്കപ്പെട്ട ഇബ്രാഹീം നബിയുടെ പ്രാര്‍ഥനാ വചനങ്ങള്‍ക്ക് തിരുത്തു നല്‍കുകയാണ് അല്ലാഹു ചെയ്തത്. ഇബ്രാഹീം പ്രാര്‍ഥിച്ചു: ‘നാട്ടുകാരില്‍ നിന്നിലും പരലോകത്തിലും വിശ്വസിക്കുന്നവര്‍ക്ക് നീ അന്നം നല്‍കേണമേ.’ അല്ലാഹു തിരുത്തിപ്പറഞ്ഞു: ‘അവിശ്വാസികള്‍ക്കും’ (അല്‍ബഖറ: 126).
ഇസ്‌ലാമിന്റെയും പെരുന്നാളിന്റെയും ആത്മീയ ഉള്ളടക്കം അന്വേഷിക്കുന്നവര്‍ സൂക്ഷ്മമായി ശ്രദ്ധിക്കേണ്ടതാണ് പ്രസ്തുത തിരുത്ത്. തിരുത്തുന്നവന്‍ അല്ലാഹുവാണ്. തന്റെ കൂട്ടുകാരന്‍ എന്നും ജനങ്ങളുടെ നേതാവെന്നും വിശേഷിപ്പിക്കപ്പെട്ട ഇബ്രാഹീം നബിയുടെ പ്രാര്‍ഥനയ്ക്കാണ് തിരുത്ത്. ‘ഇബ്രാഹീം, നീ അവിശ്വാസികള്‍ക്ക് അന്നം കിട്ടുന്നതിനു വേണ്ടിയും പ്രാര്‍ഥിക്കണം’ എന്നതാണ് ആ തിരുത്തിന്റെ പ്രയോഗവശം എന്നത് നാം മറന്നുകൂടാ. അതായത്, ഏറ്റവും ഉയര്‍ന്ന മനുഷ്യന്‍ നടത്തുന്ന ഏറ്റവും ഉയര്‍ന്ന ആത്മീയാനുഷ്ഠാനമായ പ്രാര്‍ഥനയില്‍ അവിശ്വാസിയുടെ അന്നം, ഭക്ഷണം വിഷയമായി വരണം എന്നതാണ് ആ തിരുത്തിന്റെ ഉള്ളടക്കമെന്നത് ‘ദൈവിക ആത്മീയത’യെക്കുറിച്ച് നമുക്ക് വ്യത്യസ്തമായൊരു കാഴ്ചപ്പാട് തന്നെയാണ്.
പെരുന്നാള്‍ സ്മൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇബ്രാഹീം സ്മൃതി തന്നെയാണ്. ഇബ്രാഹീമിന്റെ വ്യക്തിത്വം ‘ആത്മീയ വ്യക്തിത്വ’ത്തിന്റെ പൂര്‍ണ ചിത്രം തന്നെയാണ്. ഇബ്രാഹീം നബിയെക്കുറിച്ച് അല്ലാഹു നടത്തിയ രണ്ടു പ്രസ്താവനകളാണ് പ്രസ്തുത പൂര്‍ണ ചിത്രം വരയ്ക്കുന്നത്: ഒന്നാമത്തെ പ്രസ്താവന ‘ഇബ്രാഹീം, നിന്നെ ഞാന്‍ ജനനായകനായി നിശ്ചയിച്ചിരിക്കുന്നു’ (അല്‍ബഖറ: 124) എന്നതാണ്. രണ്ടാമത്തെ പ്രസ്താവന ‘ഇബ്രാഹീമിനെ അല്ലാഹു കൂട്ടുകാരനായി സ്വീകരിച്ചിരിക്കുന്നു’ (അന്നിസാഅ് 125) എന്നതും.
‘എന്റെ ചങ്ങാതി ജനങ്ങളുടെ നേതാവാണ്, ജനങ്ങളുടെ നേതാവ് എന്റെ ചങ്ങാതിയാണ്’- ഇതുപോലെ സ്വയം സംസാരിക്കുന്ന ഒരു തെളിവ് ആത്മീയ ദര്‍ശനത്തെ സന്തുലിതമായി ആവിഷ്‌കരിക്കാന്‍ നമുക്ക് എവിടന്നു ലഭിക്കാനാണ്! ഈ പ്രസ്താവന ഖുര്‍ആനിലുള്ള കാലത്തോളം ഇസ്‌ലാമിലെ ആത്മീയതയെയും ദൈവിക ചിന്തയെയും ജനകീയതയില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ ആര്‍ക്ക് സാധിക്കും? ജനകീയ ഇസ്‌ലാമിനെ ആത്മീയ-ദൈവിക ശൂന്യമായ മതേതര പുറംപൂച്ചുകളും കെട്ടുകാഴ്ചകളുടെ എഴുന്നള്ളത്തുമാക്കി പരിവര്‍ത്തിപ്പിക്കാന്‍ ആര്‍ക്ക് കഴിയും?
ഇല്ല, ഒരിക്കലും സാധിക്കില്ലതന്നെ. പെരുന്നാളുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുവരുന്നത് ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ക്കു വേണ്ടി തന്നെയാണ്. ആവര്‍ത്തനവും ഓര്‍മപ്പെടുത്തലുകളുമാണ് മനുഷ്യചിന്തയുടെ സന്തുലിത ഭാവത്തെ ലൈവായി നിലനിര്‍ത്തുന്നത്. നമ്മെ മറക്കാതിരിക്കാന്‍ പഠിപ്പിക്കുകയാണ് അല്ലാഹു. ബാങ്ക്, നമസ്‌കാരം, സദഖ, സകാത്ത്, നോമ്പ്, ഹജ്ജ്, ഉംറ, ബലി, പെരുന്നാള്‍- എല്ലാം ആവര്‍ത്തിക്കുന്നത് ‘ഓര്‍മ’യുടെ ജീവിതധര്‍മം നിര്‍വഹിക്കാന്‍ നമ്മെ പ്രാപ്തമാക്കുന്നതാണ്. പെരുന്നാള്‍ പറയുന്നു: ഓര്‍ത്തിരിക്കുക, ഉണര്‍ന്നിരിക്കുക. ഓര്‍മയും ഉണര്‍വും ഉണ്ടെങ്കില്‍ നമ്മെ തോല്‍പിക്കാന്‍ ആര്‍ക്കുമാവില്ല.
‘അല്ലാഹുവേ, നിനക്കുത്തരം, അല്ലാഹുവേ, നീ ഏറ്റവും വലിയവന്‍, ലബ്ബൈക്, അല്ലാഹു അക്ബര്‍.’

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss