|    Nov 15 Thu, 2018 1:40 pm
FLASH NEWS

പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍;നാടും നഗരവും ആഘോഷത്തിരക്കില്‍

Published : 24th June 2017 | Posted By: fsq

 

അബ്ദുള്‍ഹക്കീം   കല്‍മണ്ഡപം

ഒലവക്കോട്: ആല്‍മ സമര്‍പ്പണത്തിന്റെ 30 ദിനരാത്രങ്ങള്‍ക്ക് വിട നല്‍കി ചെറിയ പെരുന്നാള്‍ സമാഗതമായി. ശവ്വാലില്‍ പൊന്നമ്പിളി പടിഞ്ഞാറന്‍ ചക്രവാളത്തില്‍ തെളിയുന്നതോടെ ലോക മുസ്‌ലിംങ്ങ ള്‍ പെരുന്നാളാഘോഷത്തിന്റെ ലഹരിയിലാവും. മൈലാഞ്ചി മൊഞ്ചണിഞ്ഞും എണ്ണ പലഹാരങ്ങള്‍ ചുട്ടും പുത്തനുടുപ്പുകളണിഞ്ഞും പെരുന്നാളിനെ ലോക മുസ്‌ലിങ്ങള്‍ നെഞ്ചേറ്റി വരികയാണ്. റംസാനിലെ അവസാന വെള്ളിയാഴ്ച പള്ളി അങ്കണങ്ങള്‍ വിശ്വാസികളാല്‍ നിറഞ്ഞു കവിഞ്ഞിരുന്നു. പള്ളികളിലെ ഇമാമുമാര്‍ അസലാമു അലേക്കയ ശഹ്‌റു റമളാന്‍ എന്നു പറഞ്ഞതോടെ വിശ്വാസികളുടെ കണ്ണുകളില്‍ ഈറനണിഞ്ഞു. അവസാന വെള്ളിക്കു മുമ്പത്തെ 27ാം രാവിലും പള്ളികളും ഭവനങ്ങളും പ്രാര്‍ഥനാമുഖരിതമായിരുന്നു. സാമ്പത്തിക മാധ്യത്തിലും ഇത്തവണ വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കാ ന്‍ തയ്യാറെടുത്തിരുന്നു. ഇഫ്താര്‍ സംഗമങ്ങളും സമൂഹ നോമ്പുതുറകളുമെല്ലാം പതിവു പോലെ നടത്തി സാഹോദര്യം ഊട്ടിയുറപ്പിച്ചു. നിര്‍ധനര്‍ക്കുള്ള കിറ്റു വിതരണവും സക്കാത്തു നല്‍കലും മുടക്കാന്‍ ആരും തയ്യാറായില്ലെന്നതിനാ ല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഏറെ ആശ്വാസമായി. പെരുന്നാളിനു മുമ്പേ തന്നെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളെല്ലാം വിപണിയില്‍ സജീവമായിരുന്നു. റംസാന്‍ മൂന്നാം പത്തിലേക്ക് പ്രവേശിച്ചതോടെ നാടും നഗരവും പെരുന്നാള്‍ വിപണിയില്‍ അമര്‍ന്നു. നഗരത്തിലെ പ്രമുഖ വാണിജ്യ വ്യാപാര കേന്ദ്രങ്ങളുള്ള ജി ബി റോഡ്, ടിബി റോഡ്, കോര്‍ട്ട് റോഡ് ,വി ഒ സി റോഡ് എന്നിവിടങ്ങളിലെല്ലാം ദിവസങ്ങളായി രാവിലെ മുതല്‍ക്കേ തിരക്ക് തുടങ്ങിയിരുന്നു. പെരുന്നാളിനോടനുബന്ധിച്ച് കൂടുതല്‍ കിഴിവുകളും നല്‍കിയിട്ടുള്ളതിനാല്‍ മിക്ക സ്ഥാപനങ്ങളിലും ഗണ്യമായ തിരക്കുകളാണ് അമുഭവപ്പെട്ടു വരുന്നത്. തുണിക്കടകള്‍ക്കു പുറമെ ഫാന്‍സി, ഫൂട്ട് വെയര്‍, സ്റ്റേഷനറി സ്ഥാപനങ്ങളിലും ഫ്രൂട്ട്‌സ് വിപണികളിലും വ്യാപാരം നന്നായി നടക്കുന്നുണ്ട്. ഇതിനു പുറമെ സ്വര്‍ണ കടകളിലും പെരുന്നാള്‍ വിപണി സജീവമാണ്.നഗരത്തിന്റെ കാലങ്ങളായുള്ള തീരാ ശാപമായ ഗതാഗതക്കുരുക്കിന് പരിഹാരമാവാത്തതും ഇടയ്ക്കിടെ മഴ പെയ്യുന്നതും പെരുന്നാള്‍ വിപണിയില്‍ എത്തുന്നവര്‍ക്ക് ദുരിതമായി മാറുന്നുണ്ട്. തകര്‍ന്നടിഞ്ഞ നടപ്പാതകളും പ്രവര്‍ത്തന രഹിതമായ സിഗ്നലുകളും അനധികൃത പാര്‍ക്കിങ്ങുകളും ആഘോഷ വേളകളില്‍ നഗര ഗതാഗതം താറുമാറാക്കുന്നു. കഴിഞ്ഞ കുറേ നാളുകളായി മിക്ക റോഡുകളിലും ഗതാഗത കുരുക്കനുഭവപ്പെടുന്നതിനാല്‍ ഗതാഗതം നിയന്ത്രിക്കാന്‍ പോലിസും നന്നേ പാടു പെടുകയാണ്. പെരുന്നാള്‍ കോടികളും പുത്തന്‍ ചെരിപ്പുകളും വാങ്ങി പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങുമ്പോഴും വിശ്വാസികള്‍ക്ക് ഇത്തവണയും മുപ്പത് നോമ്പുകളും ലഭിക്കണമേ എന്ന പ്രാര്‍ഥനയിലാണ്.മനസും ശരീരവും ശുദ്ധീകരിച്ച ആല്‍മ സമര്‍പ്പണത്തിന്റെ നാളുകള്‍ക്ക് വിട നല്‍കി പെരുന്നാള്‍ ദിനത്തെ നെഞ്ചേറ്റുമ്പോള്‍ വീണ്ടും വിശ്വാസികള്‍ ഒരു വര്‍ഷത്തെ കാത്തിരിപ്പിലാവും റംസാനെന്ന പുണ്യമാസത്തിന്…

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss