|    Nov 16 Fri, 2018 12:36 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പെരുകിവരുന്ന തൊഴിലില്ലായ്മ

Published : 24th June 2017 | Posted By: fsq

കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ ഡോ. അരവിന്ദ് സുബ്രഹ്മണ്യം ജിഡിപി വളര്‍ച്ചാനിരക്ക് 8-10 ശതമാനം വരെയായി ഉയര്‍ത്തുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതോടൊപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ അനിവാര്യതയ്ക്കു കൂടി ഊന്നല്‍ നല്‍കുന്നു. ‘ജോബ്‌ലെസ് ഗ്രോത്ത്’ എന്ന പ്രതിഭാസം കൊണ്ട് യാതൊന്നും നേടാനാവില്ലെന്നു മോദി ഭരണകൂടത്തിന് ബോധ്യപ്പെട്ടുതുടങ്ങിയിരിക്കുന്നു എന്നാണ് അനുമാനിക്കേണ്ടത്. കേന്ദ്ര ലേബര്‍ ബ്യൂറോ ഈയിടെ പുറത്തുവിട്ട തൊഴില്‍ സംബന്ധമായ വിവരങ്ങള്‍ നോക്കുക: 2015ല്‍ ഇന്ത്യയിലെ വിവിധ വികസനമേഖലകളില്‍ പുതുതായി സൃഷ്ടിക്കപ്പെട്ടത് വെറും 1.35 ലക്ഷം തൊഴിലവസരങ്ങള്‍ മാത്രമായിരുന്നുവെങ്കില്‍ 2011ല്‍ ഇത് 9.3 ലക്ഷം തൊഴിലവസരങ്ങളായിരുന്നു. തൊഴിലില്ലായ്മാ നിരക്ക് 2011-12നും 2015-16നും ഇടയ്ക്ക് 3.8 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ട്. 2014ല്‍ അധികാരമേല്‍ക്കുമ്പോള്‍ നരേന്ദ്രമോദി നല്‍കിയ വാഗ്ദാനം ഓരോ വര്‍ഷവും ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നതായിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയുടെ അഭിപ്രായം, ഈ പ്രതിഭാസം താല്‍ക്കാലികം മാത്രമാണെന്നാണ്. അദ്ദേഹത്തിന്റെ ആത്മവിശ്വാസം നിലകൊള്ളുന്നത് നടപ്പുവര്‍ഷം അവസാനത്തോടെ മോദി സര്‍ക്കാര്‍ രൂപംനല്‍കാനിരിക്കുന്ന ദേശീയ തൊഴില്‍നയം പ്രശ്‌നപരിഹാരത്തിന് സഹായകമാവുമെന്നതിലാണ്. അതോടെ നിരവധി തൊഴിലുകള്‍ അനൗപചാരിക മേഖലകളില്‍ നിന്നും ഔപചാരിക മേഖലകളിലേക്ക് പറിച്ചുനടപ്പെടുമെന്നാണ് കരുതപ്പെടുന്നത്. നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ. അരവിന്ദ് പനഗാരിയയും ജോബ്‌ലെസ് ഗ്രോത്തിനെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്നാണ് പ്രതികരിച്ചിട്ടുള്ളതെങ്കിലും നീതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ അഭിപ്രായം ഇതിനു നേരെ വിപരീതമാണ്. മദ്യനിരോധനവും ഗോവധ നിരോധനവും സാര്‍വത്രികമാവുന്നതോടെ നിലവില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ പണിയും വരുമാനവും നഷ്ടപ്പെടുമെന്നാണ് അമിതാഭ് കാന്തിന്റെ നിലപാട്. ഐടി മേഖലയില്‍ ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങിയ വന്‍കിട തൊഴില്‍ദായകര്‍ ലക്ഷക്കണക്കിന് യുവാക്കളെ പിരിച്ചുവിടാന്‍ പോവുന്നുവെന്നാണ് റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ മേഖലയില്‍നിന്നു മാത്രം ഒന്നരലക്ഷത്തോളം പേര്‍ക്കാണ് പണി നഷ്ടപ്പെടാന്‍ പോവുന്നതത്രേ! യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായതിനുശേഷം അറവുശാലകളും മാംസ-മല്‍സ്യവില്‍പന കേന്ദ്രങ്ങളും വിവേചനരഹിതമായി അടച്ചിട്ടതിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് തൊഴിലും ജീവിതമാര്‍ഗങ്ങളും ത്യജിക്കേണ്ടിവന്നിട്ടുള്ളത്. നിരവധി പേര്‍ക്ക് തൊഴിലും വന്‍തോതില്‍ വിദേശനാണ്യവും നേടിത്തന്നിരുന്ന തുകല്‍വ്യവസായവും തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ്. ഒരു കാര്യം വ്യക്തമാണ്: മോദി സര്‍ക്കാരിന്റെയും നീതി ആയോഗിന്റെയും ഉന്നതസ്ഥാനത്തുള്ളവര്‍ എന്തുതന്നെ അവകാശപ്പെട്ടാലും പുതിയ തൊഴിലവസര സൃഷ്ടിക്ക് ഇടംനല്‍കാത്ത സാമ്പത്തിക വികസന നയങ്ങളാണ് പൊതുവില്‍ മോദി ഭരണകൂടവും മോദിയെ പിന്തുണയ്ക്കുന്ന സംസ്ഥാന ഭരണകൂടങ്ങളും പിന്തുടര്‍ന്നുവരുന്നത്. ഒരുപക്ഷേ, ഇത്തരമൊരു പൊതുബോധത്തിന്റെ ഫലമായിട്ടായിരിക്കും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ. പനഗാരിയ അധ്യക്ഷനായൊരു കര്‍മസമിതി, പുതിയ തൊഴില്‍ നയരൂപീകരണത്തിന് ആധാരമായ വിശ്വസനീയ സ്ഥിതിവിവരക്കണക്കുകളും തൊഴില്‍ പ്രവണതകളും തേടി പുറപ്പെട്ടിരിക്കുന്നത്. പുതിയ തൊഴിലവസരങ്ങളില്‍ ഊന്നല്‍ വേണമെന്നത് കാതലായൊരു നയം തന്നെയാണ്. സാമ്പത്തിക വളര്‍ച്ചാനിരക്ക് ഉയര്‍ന്നതുകൊണ്ടു മാത്രം പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാവണമെന്നില്ല. കൃഷിയില്‍ നിന്നും അനുബന്ധ അനൗപചാരിക വികസനമേഖലകളില്‍ നിന്നുമുള്ള അധ്വാനശക്തി ഔപചാരിക മേഖലകളിലേക്കു മാറിയാല്‍ മാത്രമേ തൊഴിലില്ലായ്മയ്ക്ക് എന്തെങ്കിലും പരിഹാരമുണ്ടാവൂ. ഇതിന് അവശ്യം വേണ്ടത് നിര്‍മാണ-സേവന മേഖലകളുടെ ത്വരിതഗതിയിലുള്ള വികസനമാണ്. സമഗ്രമായ രൂപത്തിലുള്ള വികസനവുമായിരിക്കണം ഇത്. ഇതിലേക്കായി മോദി മുന്നോട്ടുവച്ച ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന ലക്ഷ്യം എങ്ങുമെത്തിയിട്ടുമില്ല. അതേസമയം, ഇത്തരമൊരു പ്രക്രിയയുമായി ബന്ധപ്പെട്ടുള്ളൊരു അപകടസാധ്യതയും നിലവിലുണ്ട്. അനൗപചാരിക മേഖലയിലെ അധ്വാനശക്തി പൂര്‍ണമായ തോതില്‍ ഔപചാരിക മേഖലയിലേക്ക് എത്തിക്കഴിയുന്നതോടെ വികസന മേഖലയില്‍ മുരടിപ്പിനുള്ള സാധ്യതയുണ്ടെന്നതാണിത്. ഏതാനും ചില ദക്ഷിണ പൂര്‍വേഷ്യന്‍ മേഖലാ രാജ്യങ്ങള്‍ 1990കളുടെ അവസാനത്തോടെ സമാനമായൊരു പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്നതാണ്. നേരെമറിച്ച്, ഔപചാരിക മേഖലകളില്‍ വളര്‍ച്ചാനിരക്ക് പുതിയ തൊഴിലവസര സൃഷ്ടിയില്ലാതെ തന്നെ കൈവരിക്കാന്‍ കഴിയുകയും ചെയ്യും. യന്ത്രവല്‍ക്കരണം വ്യാപകമാക്കുക വഴി ഉല്‍പാദനക്ഷമത മെച്ചപ്പെടുത്തുക എന്ന തന്ത്രത്തിലൂടെയാണ് ഈ പ്രക്രിയ നടക്കുക. അനൗപചാരിക മേഖലകളില്‍ ഇത് അസാധ്യവുമാണ്. അധ്വാനശക്തിയുടെ ആധുനികവല്‍ക്കരണത്തിന്റെ സ്ഥിതിയും ഇതുതന്നെ. ഔപചാരികമേഖലയില്‍ അധ്വാനശക്തിയുടെ ആധുനികവല്‍ക്കരണം പ്രായോഗികമാക്കാന്‍ കഴിയുമെങ്കിലും അനൗപചാരിക മേഖലയില്‍ ഇത് സാധ്യവുമല്ല. നിരവധി വികസിത സമ്പദ്‌വ്യവസ്ഥകളുടെ വളര്‍ച്ചാ റിക്കാഡ് നല്‍കുന്ന പാഠം, ബൃഹത്തായ വികസനത്തോടൊപ്പം ആധുനികവല്‍ക്കരണവും വൈദഗ്ധ്യ വികസനവും ഒരേസമയം നടത്താനായാല്‍ മാത്രമേ നിലനില്‍ക്കുന്ന വികസനം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കൂവെന്നാണ്. ഇന്ത്യയും ഈ പാത തന്നെ പിന്തുടരണം. മെച്ചപ്പെട്ട തൊഴില്‍ശക്തിയിലൂടെ മാത്രമേ കോടിക്കണക്കിന് തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ഐശ്വര്യപൂര്‍ണമായ ജീവിതം ഉറപ്പാക്കാന്‍ സാധ്യതയുള്ളൂ എന്ന വസ്തുത നാം തിരിച്ചറിയുക തന്നെ വേണം. ഇവിടെയാണ് കാര്‍ഷികമേഖലയെ ആശ്രയിച്ചു കഴിയുന്ന താഴ്ന്ന വരുമാനക്കാരുടെ വികസനം പ്രസക്തിയാര്‍ജിക്കുന്നതും. ഇതിന് അവശ്യം ചെയ്യേണ്ടത് തൊഴില്‍മേഖലാ പരിഷ്‌കരണമാണ്. അനൗപചാരിക മേഖലയിലെ തൊഴിലിന്റെ ചലനാത്മകതയും ഉറപ്പാക്കേണ്ടതുണ്ട്. ചലനാത്മകത അഥവാ മൊബിലിറ്റി യാഥാര്‍ഥ്യമാക്കാന്‍ ഔപചാരിക-അനൗപചാരിക മേഖലകളെ വേര്‍തിരിച്ചുനിര്‍ത്തുന്ന അതിര്‍വരമ്പുകള്‍ നീക്കം ചെയ്യേണ്ടതും ആവശ്യമായി വരുന്നു. ഇവിടെയാണ് തൊഴിലവസര സൃഷ്ടിയോടൊപ്പം ആസ്തിനിര്‍മാണവും പൊതു ചെലവു വര്‍ധനയിലൂടെ വേണമെന്നു പറയുന്നതിന്റെ പ്രസക്തി വ്യക്തമാക്കപ്പെടുന്നത്. വിശിഷ്യാ, ആന്തരഘടനാ വികസനത്തിലൂടെ, ആന്തരഘടനാ മേഖലയിലെ പൊതുനിക്ഷേപ വര്‍ധനയിലൂടെ മാത്രമാണ് സ്വകാര്യ നിക്ഷേപത്തിന് ഊര്‍ജം ലഭ്യമാവുക. ഇത്തരമൊരു ആശയമാണ് ഇന്ത്യയില്‍ സാമ്പത്തികാസൂത്രണത്തിന് തുടക്കമിട്ട കാലഘട്ടം മുതല്‍ മിശ്ര സമ്പദ്‌വ്യവസ്ഥ എന്ന സംവിധാനം വഴി ലക്ഷ്യമിട്ടിരുന്നത്. വികസനത്തിലെ നെഹ്‌റൂവിയന്‍ കാഴ്ചപ്പാടിന്റെ അന്തസ്സത്ത തന്നെ ഇതായിരുന്നു. എന്നാല്‍, നവലിബറല്‍ പ്രത്യയശാസ്ത്രത്തിന് 1990കള്‍ മുതല്‍ തുടക്കംകുറിച്ചതോടെയാണ് പൊതുനിക്ഷേപത്തില്‍ നിന്ന് സ്വകാര്യ നിക്ഷേപത്തിലേക്ക് വികസനത്തിനു ദിശാമാറ്റം ഉണ്ടാവുന്നത്. യുപിഎ സര്‍ക്കാരുകള്‍ ഈ മാറ്റത്തിന് അനുകൂലമായ നിലപാടുകളും അതിനനുസൃതമായ നയപരിപാടികളും ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ് ചെയ്തിരുന്നത്. മോദി സര്‍ക്കാരാണെങ്കില്‍ ഈ കോര്‍പറേറ്റ് സ്വകാര്യ നിക്ഷേപ നയസമീപനത്തിന് ആക്കം വര്‍ധിപ്പിച്ചിരിക്കുകയുമാണ്. ഇതേത്തുടര്‍ന്നാണ് തൊഴിലവസരങ്ങള്‍ അനുദിനം കുറഞ്ഞുവരുന്നതെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി ഭരണകൂടം തികഞ്ഞ പരാജയമാണെന്ന വിഷയം ശക്തമായി ഉന്നയിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് സ്വന്തം നിലപാട് വ്യക്തമാക്കാന്‍ സഹായകമായ നടപടികള്‍ സ്വീകരിക്കുന്നതിനായി വിവിധ വകുപ്പുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. വാഗ്ദാനം ചെയ്തതിന്റെ മൂന്നു ശതമാനം ജോലിപോലും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വസ്തുതയാണ് മോദി ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss