|    Dec 14 Fri, 2018 9:49 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പെരുംമഴയില്‍ ചില വര്‍ത്തമാനങ്ങള്‍

Published : 20th August 2018 | Posted By: kasim kzm

കണ്ണേറ് – കണ്ണന്‍

നാടൊട്ടുക്കും പ്രളയജലത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ അതുമിതും പറഞ്ഞ് ആളെ കളിയാക്കുന്നത് ചൊവ്വുള്ള കാര്യമല്ലെന്നു കണ്ണന് അറിയാഞ്ഞിട്ടല്ല. ജനങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയാണ് കണ്ണനും ചെയ്യുന്നത്. എന്നാലും നേതാക്കന്‍മാരുടെ ചില പ്രവൃത്തികള്‍ കാണുമ്പോള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞുപോവുമല്ലോ. അതിനാല്‍, ഉദ്ദേശ്യശുദ്ധിയുടെ പേരില്‍ ഈയുള്ളവന് മാപ്പു നല്‍കണേ എന്ന് ആദ്യമേ തന്നെ താഴ്മയോടെ പ്രാര്‍ഥിച്ചുകൊള്ളുന്നു.
മലവെള്ളം ആര്‍ത്തിരമ്പിവരുകയും ഡാമുകള്‍ ഇതാ, ഇപ്പോള്‍ പൊട്ടുമെന്ന ഭീതി ഉയര്‍ത്തുകയുമൊക്കെ ചെയ്തപ്പോള്‍ മലയാളികള്‍ക്കു പേടിയൊന്നും തോന്നാതിരുന്നത് പിണറായി വിജയന്‍ എന്ന ഒരേയൊരാള്‍ മുഖ്യമന്ത്രിസ്ഥാനത്ത് ഉള്ളതുകൊണ്ടാണെന്ന കാര്യത്തില്‍ കണ്ണന് യാതൊരു സംശയവുമില്ല. എന്തൊരു ചങ്കൂറ്റമാണ് പിണറായി സഖാവ് കാണിച്ചതെന്നോ! ‘ഞാനില്ലേ കൂടേ’ എന്ന് എല്ലാ കേരളീയരോടും സഖാവ് ചോദിച്ചു. മലവെള്ളത്തിനു മുമ്പാകെ നെഞ്ചു കാട്ടി നിന്നു, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഴുവനും ഏകോപിപ്പിച്ചു, ചികില്‍സയ്ക്കുവേണ്ടിയുള്ള അമേരിക്കന്‍ യാത്ര മാറ്റിവച്ചു, ദിവസവും രണ്ടുനേരം മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ചു. പിണറായിയുടെ ധീരനേതൃത്വം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ ആത്മവിശ്വാസം കുറച്ചൊന്നുമല്ല. ഇരമ്പിയാര്‍ത്തുപെയ്യുന്ന മഴയും കുത്തിയൊലിച്ചുവരുന്ന മലവെള്ളവും അതു കണ്ട് സ്തംഭിച്ചു പോയിട്ടുണ്ടാവണം എന്നതു കവിഭാവന.
പക്ഷേ, പിണറായി സഖാവിന്റെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പണ്ട് ഞങ്ങളുടെ നാട്ടുകാരനായ ഉമ്മര്‍ഹാജിയുടെ ഹോട്ടല്‍ മാനേജ്‌മെന്റ് പോലെ ആയിരുന്നുവോ എന്നാണ് കണ്ണന്റെയൊരു ശങ്ക. ഹോട്ടല്‍ കച്ചവടക്കാരനാണ് ഉമ്മര്‍ഹാജി. തന്റെ കാലശേഷം ഹോട്ടല്‍ കൊണ്ടുനടക്കാന്‍ ഒരാള്‍ വേണമല്ലോ എന്നു കരുതി ഹാജി മകനെ മൂന്നാറിലയച്ച് ഹോട്ടല്‍ മാനേജ്‌മെന്റ് പഠിപ്പിച്ചു. ടൈയും കെട്ടിവന്ന് റിസപ്ഷനിലിരുന്ന് ഹോട്ടല്‍ നടത്താന്‍ തുടങ്ങിയപ്പോഴേ ഹാജിയാര്‍ക്ക് ബേജാറ് തുടങ്ങിയത്രേ. ഇവന്‍ എന്തൊക്കെയാണപ്പാ കാണിക്കുന്നത്! ഹാജിയാരുടെ സ്ട്രാറ്റജി വേറെയൊന്നാണ്. ഹോട്ടലില്‍ കച്ചവടം കുറഞ്ഞാല്‍ മൂപ്പര്‍ പണിക്കാരെ മുഴുവന്‍ വിളിച്ചു ചീത്തപറയും. പൊരിച്ച മീന്‍ കരിഞ്ഞുപോയാലും അരി അധികം വെന്തുപോയാലും ചീത്ത പറയും. ബന്ദും ഹര്‍ത്താലും മൂലം ഹോട്ടല്‍ പൂട്ടിയിടേണ്ടിവന്നാലും ചീത്ത പണിക്കാര്‍ക്കു തന്നെ. മഴവെള്ളം കയറി വഴി ബ്ലോക്കായാലും ഹാജിയാരുടെ വക പണിക്കാര്‍ക്കു കിട്ടുന്നത് ഞെരിവട്ടം തെറി- ഈ ശകാരമാണ് ഉമ്മര്‍ഹാജിയുടെ കൈയിലെ ഒരേയൊരു ആയുധം. ഇതാണ് മൂപ്പരുടെ സ്ട്രാറ്റജി; ഈ സ്ട്രാറ്റജി മൂലം തന്റെ കച്ചവടം ഭംഗിയായി നടക്കുന്നു എന്നാണ് ഹാജിയാര്‍ മോനോടു പറയാറുള്ളത്. അതിനാല്‍, കൊണ്ടുപോടാ നിന്റെ മാനേജ്‌മെന്റ് തത്ത്വങ്ങളെന്ന്.
പിണറായിയും ഇതേ മട്ടിലൊരു സ്ട്രാറ്റജിയാണ് കൊണ്ടുനടക്കുന്നത്. മന്ത്രിമാരെ വിളിച്ച് സഖാവ് വയറു നിറച്ചും കൊടുക്കും. റവന്യൂ സെക്രട്ടറിക്കും കൊടുത്തുവത്രേ ഈയിടെ. കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കും ശിപായിക്കുമൊക്കെ സ്ഥാനത്തിനനുസരിച്ച് ശകാരവാക്കുകള്‍ വീതിച്ചുകൊടുക്കുന്നുണ്ട്. നിരന്തരം ക്ഷോഭിച്ചുകൊണ്ടിരിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ രീതി. വെള്ളപ്പൊക്കം വരുന്നതിനു മുമ്പേ പരീക്ഷിച്ചു വിജയിപ്പിച്ച സ്ട്രാറ്റജിയാണുതാനും ഇത്. മാധ്യമക്കാരോട് കടക്കൂ പുറത്തെന്നു പറഞ്ഞല്ലോ പണ്ട്. അപ്പോള്‍ സ്ട്രാറ്റജി വിജയിച്ചു. മൈക്ക് കൈയില്‍ തട്ടിയപ്പോള്‍ സ്വന്തം പാര്‍ട്ടി ചാനലിന്റെ ലേഖികയ്ക്കിട്ടൊരു കൊട്ടുകൊടുത്ത് ചൊടിച്ചിറങ്ങിയപ്പോഴും സംഗതി ക്ലിക്കാക്കി. വെള്ളപ്പൊക്കം വന്നപ്പോള്‍ ശരിക്കും മുഖ്യമന്ത്രി, പഴയ സാഹിത്യഭാഷയില്‍ പറഞ്ഞാല്‍, ക്ഷോഭിക്കുന്ന തലമുറയുടെ പ്രതിനിധിയാണ്. കണ്ണന്റെ കഥയിലെ ഉമ്മര്‍ഹാജിയെ കടത്തിവെട്ടുന്നുണ്ട് മുഖ്യമന്ത്രി. അതിനാല്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കൊക്കെ മുഖ്യമന്ത്രിയെ പേടിയാണത്രേ. കൊണ്ടുപോടോ തന്റെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തത്ത്വങ്ങള്‍ എന്നെങ്ങാനും സഖാവ് പറഞ്ഞാലോ!
ക്ഷോഭത്തിന്റെയും അവജ്ഞയുടെയും ഇക്കണ്ട തത്ത്വങ്ങള്‍ തന്നെയാണ്, ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പിക്കണമെന്നു രമേശ് ചെന്നിത്തല പറഞ്ഞപ്പോഴും മുഖ്യമന്ത്രി പ്രയോഗിച്ചുകാട്ടിയത്. സഖാവ് പുച്ഛത്തോടെ ചിരിച്ചുകൊണ്ടാണ് പ്രതിപക്ഷനേതാവിനെ കൊച്ചാക്കിയത്. നേരുപറഞ്ഞാല്‍ രമേശ്ജി വേറെയൊന്നും കരുതിയിട്ടല്ല കെട്ടോ, സംഗതി സൈന്യത്തെ ഏല്‍പിച്ചോളൂ എന്നു പറഞ്ഞത്. ആറ്റില്‍ ഒലിച്ചുവരുന്ന അനാഥശവത്തെ അടുത്ത പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലേക്കു കുത്തിമാറ്റുന്ന പോലിസ് തന്ത്രമില്ലേ; അതേ പണ്ട് പോലിസ് വകുപ്പ് കൈകാര്യം ചെയ്ത പ്രതിപക്ഷനേതാവ് പ്രയോഗിച്ചുള്ളൂ. എങ്ങനെയെങ്കിലും ചുമതലയൊഴിഞ്ഞ് തടി രക്ഷപ്പെടുത്തുക എന്നൊരു കോണ്‍ഗ്രസ് സംസ്‌കാരമുണ്ടല്ലോ. അത് ഉള്ളിലുള്ളതു കാരണം പട്ടാങ്ങായി മുഖ്യമന്ത്രിക്കൊരു ഉപദേശം കൊടുത്തതാണ് പുള്ളി. ദുരിതനിവാരണമൊക്കെ സൈന്യത്തെ ഏല്‍പിച്ചുകൊടുത്താല്‍ ചുമതലയൊഴിഞ്ഞുകിട്ടും. എല്ലാ കുഴപ്പങ്ങള്‍ക്കും കേന്ദ്രത്തെയും മോദിയെയും കുറ്റപ്പെടുത്തിക്കൊണ്ട് മുക്തകണ്ഠം കുരച്ചുചാടാം. ഒരു ഉത്തരവാദിത്തവുമില്ല; കുപ്പായത്തില്‍ ചുളിവുപോലും വീഴുകയില്ല. പക്ഷേ, പിണറായി അല്ലേ ആള്‍. കേന്ദ്രമെന്നും സൈന്യമെന്നുമൊക്കെ കേട്ടാല്‍ സഖാവിന് കലിവരാതിരിക്കുമോ? അതിനാല്‍ രമേശ്ജി തുടക്കത്തിലേ ഔട്ട്; ആര്‍ക്കുവേണം ഇവന്‍മാരുടെയൊക്കെ സൈന്യം? അതാണു സംഭവിച്ചത്.
പക്ഷേ, പിണറായി സഖാവിനെ ശരിക്കും അറിയാവുന്നവര്‍ പറയുന്നത് ഇതെല്ലാം അവര്‍ പ്രതീക്ഷിച്ചതു തന്നെയാണെന്നാണ്. ഇരട്ടച്ചങ്കുള്ള ആളാണ് സഖാവ്. ഈ രണ്ടു ചങ്കുകളും നിറയെ അലിവുണ്ടുതാനും. പക്ഷേ, സ്റ്റോക്ക്‌ഹോം സിന്‍ഡ്രം എന്നൊക്കെ പറയാറില്ലേ, അതേപോലെയൊരു ഏനക്കേട് പിണറായിക്കുമുണ്ടത്രേ. അതായത്, എല്ലാം താനായിട്ട് ശരിയാക്കുമെന്നൊരു വാശി. മറ്റൊരാള്‍ പറയുന്നത് കേള്‍ക്കാന്‍ മടി, താന്‍ സദാ ശരിയാണെന്ന ഉറച്ച ബോധം, എതിരഭിപ്രായങ്ങള്‍ വരുമ്പോള്‍ ദേഹമാകെ ചൊറിഞ്ഞു തിണര്‍ക്കല്‍- ഇതൊക്കെയാണ് ഈ സിന്‍ഡ്രത്തിന്റെ ലക്ഷണങ്ങള്‍. പിണറായിയില്‍ ഈ സിന്‍ഡ്രം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും. അപ്പോള്‍ സഖാവിന് പഴയ ബ്രണ്ണന്‍ കോളജ് കാലം ഓര്‍മയില്‍ വരും. അന്നത്തെ അടിപിടികളെക്കുറിച്ചൊക്കെയുള്ള സ്മരണകള്‍ തികട്ടിവരും. പിന്നെ താനറിയാതെ തന്നെ ഒരു വെളിച്ചപ്പെടലാണ്. അത്രയേ സംഭവിച്ചിട്ടുള്ളൂ. രമേശ്ജിക്കും കോണ്‍ഗ്രസ്സുകാര്‍ക്കും ഇതു വല്ലതും അറിയുമോ ആവോ!

******

ആപത്തു വരുമ്പോള്‍ കൂട്ടത്തോടെ എന്നാണല്ലോ; കേരളത്തില്‍ സംഭവിച്ചതും അതുതന്നെ. ഒഡീഷയില്‍ ന്യൂനമര്‍ദം ഉണ്ടായപ്പോള്‍ ഇടുക്കിയില്‍ മഴ തിമര്‍ത്തുപെയ്തു, കരിഞ്ചോലമലയിലും നിലമ്പൂരിലും ഉരുള്‍പൊട്ടി, കക്കിയും ഭൂതത്താന്‍കെട്ടും മലമ്പുഴയും നിറഞ്ഞുകവിഞ്ഞു, കുട്ടനാട് വെള്ളത്തിലായി. എല്ലാം കൂട്ടത്തോടെയാണ് സംഭവിച്ചത്. സിപിഐ എന്ന ആദര്‍ശപ്പാര്‍ട്ടിക്കും ഇതുതന്നെയായിരുന്നു വിധി. സ്വന്തം ആദര്‍ശക്കുപ്പായം പോലും പാര്‍ട്ടിയാപ്പീസില്‍ വച്ച് ഉടുതുണിക്ക് മറുതുണിയില്ലാതെ ഇറങ്ങിയോടുകയായിരുന്നു സഖാക്കളെല്ലാവരും.
ആദര്‍ശം വിട്ടൊരു കളിയില്ല തങ്ങള്‍ക്ക് എന്നു വരുത്തിത്തീര്‍ക്കാന്‍ കാനം രാജേന്ദ്രന്റെ സ്ഥാനാരോഹണത്തിനുശേഷം പാര്‍ട്ടി ചില്ലറ കളിയൊന്നുമല്ല കളിക്കുന്നത് എന്ന് മാലോകര്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അല്ലറചില്ലറ നീക്കുപോക്കൊക്കെ ആവാമെന്നു പറയുന്ന ഇസ്മായിലിനെയും ദിവാകരനെയും സി എന്‍ ചന്ദ്രനെയുമെല്ലാം പുല്ലുപോലെയാണ് വലിച്ചു പുറത്തിട്ടത്. ആദര്‍ശഭ്രമം ഒന്നുകൊണ്ടു മാത്രമാണ് ചീഫ് വിപ്പിന് കാറും ബംഗ്ലാവുമൊന്നും വേണ്ടെന്നു പാര്‍ട്ടി വാദിച്ചത്. അഞ്ചാം മന്ത്രിസ്ഥാനത്തിനു വേണ്ടി മുസ്‌ലിംലീഗ് വട്ടംകൂട്ടിയപ്പോള്‍ സിപിഐക്കാര്‍ വിമര്‍ശിച്ചതിന് കണക്കില്ല. പി സി ജോര്‍ജിനെ ചീഫ് വിപ്പാക്കിയപ്പോള്‍ പൊതുഖജനാവിന്റെ ചോര്‍ച്ചയോര്‍ത്ത് സഖാക്കളൊഴുക്കിയ കണ്ണീരെത്ര! എല്ലാം ആദര്‍ശത്തിനുവേണ്ടിയായിരുന്നു. ഈ ആദര്‍ശപുരുഷന്‍മാരാണിപ്പോള്‍ ജയരാജനെ മന്ത്രിയാക്കിയപ്പോള്‍ കിട്ടിയ പഴുതിലൂടെ കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവിയിലേക്കു കയറിക്കൂടുന്നത്.
തികഞ്ഞ ആദര്‍ശവാദികളാണ് പാര്‍ട്ടി മന്ത്രിമാര്‍ എന്ന കാര്യത്തിലും ആര്‍ക്കും യാതൊരു സംശയവുമില്ല. അതിനാല്‍, സിപിഐ മന്ത്രി കെ രാജുവിനെ കോട്ടയത്ത് ദുരിതനിവാരണ ചുമതലയേല്‍പ്പിച്ചപ്പോള്‍ ആര്‍ക്കുമുണ്ടായില്ല ഒരു മനോവിഷമവും. സ്വാതന്ത്ര്യദിന പരേഡില്‍ സല്യൂട്ട് സ്വീകരിച്ചശേഷം നടത്തിയ പ്രസംഗത്തില്‍ തന്റെ ആദര്‍ശവ്യഗ്രത മുഴുവനും മന്ത്രി ജനത്തിന് വിളമ്പിക്കൊടുക്കുകയും ചെയ്തു. ദുരിതത്തെ നേരിടാന്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നായിരുന്നു മന്ത്രിയുടെ തിരുമൊഴി. ഇപ്പോള്‍ മലയാളം മാഷുമാര്‍ പോലും ഉപയോഗിക്കാത്ത അഹമഹമികയാ എന്ന വാക്കാണുപോലും മന്ത്രി ഉപയോഗിച്ചത്. ഇതുകേട്ട് കോരിത്തരിപ്പോടെ കൈയടിച്ചുപോലും സിപിഐക്കാര്‍.
എന്നിട്ടെന്തുണ്ടായി എന്നു കണ്ണന്‍ പറയുന്നില്ല. ജര്‍മനിയിലിരുന്ന് ഓണമാഘോഷിക്കുകയാണുപോലും മന്ത്രി ഇപ്പോള്‍. എവിടെപ്പോയി ആദര്‍ശക്കുപ്പായം എന്നൊന്നും ചോദിക്കേണ്ടതില്ല. അത് മാര്‍ക്‌സിന്റെയും ലെനിന്റെയും എ ബി ബര്‍ദന്റെയും പടങ്ങള്‍ക്കു പിറകില്‍ ചുരുട്ടിക്കൂട്ടിവച്ചിട്ടുണ്ട് മന്ത്രി. മന്ത്രി തന്നെ തിരിച്ചുവന്ന് ആ കുപ്പായം അലക്കിവെളുപ്പിക്കട്ടെ.

******

ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള നല്ല വക്കീലാണെന്നു കണ്ണന്‍ കേട്ടിട്ടുണ്ട്. നന്നായി പെരുമാറാന്‍ അറിയാവുന്ന ആളാണെന്നുമറിയാം. ശത്രുക്കള്‍ക്കിടയില്‍ പോലും ശ്രീധരന്‍പിള്ള വക്കീലിന് ആരാധകരുണ്ട്.
ഈ മഹാപ്രതിഭയ്ക്ക് ജ്യോതിഷവും കൈനോട്ടവും സാമുദ്രികശാസ്ത്രവുമൊക്കെ അറിയാമോ എന്നാണ് കണ്ണന്റെ ഇപ്പോഴത്തെ സംശയം. കുറച്ചുകാലമായി ശ്രീധരന്‍പിള്ളയുടെ പണി ഭാവി പ്രവചിക്കലാണ്. ബിജെപിയുടെ ഭാവിയെപ്പറ്റിയാണ് പ്രവചനങ്ങള്‍ കൂടുതലും. എല്ലാ തിരഞ്ഞെടുപ്പുകാലങ്ങളിലും പിള്ള ബിജെപിക്കു കിട്ടുന്ന സീറ്റുകളുടെ എണ്ണം കൃത്യമായി പ്രവചിക്കും. ഇത്തവണ ചെങ്ങന്നൂരില്‍ മല്‍സരിച്ചപ്പോഴുമുണ്ടായി പ്രവചനം. ഏറ്റവുമൊടുവില്‍ പിള്ളവക്കീല്‍ പ്രവചിച്ചിട്ടുള്ളത് കോണ്‍ഗ്രസ്സിന്റെ വിഷയമാണ്. കോണ്‍ഗ്രസ്സില്‍ നിന്ന് രണ്ടു പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ വരുമെന്നാണ് പിള്ളയുടെ പ്രവചനം.
ഈ പ്രവചനത്തെ കേസ് ജയിക്കുമെന്ന് കക്ഷികളോടു വക്കീല്‍മാര്‍ പറയുന്ന പതിവ് വര്‍ത്തമാനമാണെന്നു കരുതി തള്ളിക്കളഞ്ഞാല്‍ മതി കോണ്‍ഗ്രസ്സുകാര്‍. പക്ഷേ, മുല്ലപ്പെരിയാറും ഇടുക്കിയും പൊട്ടുമെന്നു പറയുമ്പോള്‍ ഉണ്ടാവുന്നതിനേക്കാള്‍ വലിയ അങ്കലാപ്പിലാണ് കോണ്‍ഗ്രസ്സുകാര്‍. കര്‍ത്താവേ, അതു ഞാനാണോ എന്ന് ഓരോരുത്തരും നെഞ്ചില്‍ കൈവച്ചു ചോദിക്കുന്നുവേ്രത! ശ്രീധരന്‍പിള്ളയും അത്രയൊക്കെയേ ഉദ്ദേശിച്ചുള്ളുവോ!
ഏതായാലും ശ്രീധരന്‍പിള്ളയ്ക്ക് ഒരു കാര്യം ചെയ്യാവുന്നതാണ്. നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ പോലെ ശ്രീധരന്‍പിള്ളയുടെ പ്രവചനങ്ങള്‍ എന്നൊരു പുസ്തകമിറക്കാം. ഇപ്പോള്‍ തന്നെ നൂറോ മറ്റോ പുസ്തകങ്ങള്‍ ഇറക്കിയ വക്കീലിന് ഇനിയും ഈ കൃഷിയിലേര്‍പ്പെടാമല്ലോ സധൈര്യം. ആളുകള്‍ വായിച്ചാലെന്ത്, ഇല്ലെങ്കിലെന്ത്. പ്രകാശനത്തിന് അടുത്ത തവണ രാഷ്ട്രപതിയെ തന്നെ വിളിക്കാമല്ലോ. ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss