|    Apr 26 Thu, 2018 5:22 pm
FLASH NEWS

പെരിയാറിലെ മല്‍സ്യക്കുരുതി; നിര്‍ദേശം പാലിക്കാത്ത കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കും

Published : 24th May 2016 | Posted By: SMR

ഏലൂര്‍: മലിനീകരണ നിയന്ത്രണബോര്‍ഡ് നല്‍കിയ നോട്ടീസിന്മേല്‍ യാതൊരു നടപടിയും എടുക്കാത്ത എടയാറിലെ സ്വകാര്യ പേപ്പര്‍ മില്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിക്കാന്‍ ഇന്നലെകൂടിയ യോഗം തീരുമാനിച്ചു. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.
പെരിയാറില്‍ അടിക്കടിയുണ്ടാവുന്ന മലിനീകരണവും മല്‍സ്യക്കുരുതിയും സംബന്ധിച്ച് മലിനീകരണ ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. 2016ല്‍ അഞ്ചുമാസം പിന്നിടുമ്പോള്‍ 13 തവണ മല്‍സ്യക്കുരുതിയുണ്ടാവുകയും പുഴയിലേക്ക് അധികമായി സ്വകാര്യ കമ്പനി മലിനജലം ഒഴുക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ജനകീയ സമിതി കമ്പനിയില്‍ പരിശോധന നടത്തി ന്യൂനതകള്‍ കണ്ടെത്തി പരിഹാരങ്ങള്‍ നിര്‍ദേശിച്ചിരുന്നു. നാലാം തിയ്യതി കമ്പനിക്കു നോട്ടീസ് നല്‍കിയെങ്കിലും രണ്ടുദിവസം കഴിഞ്ഞപ്പോള്‍ നോട്ടീസ് പിന്‍വലിച്ചു. എന്നാല്‍ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ വീണ്ടും 9ാംതിയ്യതി സംയുക്തസമരസമിതി പരിശോധന നടത്തുകയും അന്വേഷണ സമിതി കമ്പനിക്ക് മുന്നില്‍ 11 നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തു. എന്നാല്‍ ഫില്‍റ്റര്‍ പ്ലസ് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കണമെന്ന നിര്‍ദേശം മാത്രമാണ് കമ്പനി നടപ്പാക്കിയതെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. ഇന്നലെ നടത്തിയ പരിശോധനയിലും നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടതായി കണ്ടെത്തിയില്ലെന്ന് പിസിബി അധികൃതര്‍ പറയുന്നു. 2005ല്‍ ജോയിന്റ് പരിശോധനയില്‍ കണ്ടെത്തിയ കൃത്യവിലോപം അതേപടി തുടരുന്നതായി മലിനീകരണ വിരുദ്ധ സമിതിപ്രവര്‍ത്തകന്‍ ഏലൂര്‍ പുരുഷന്‍ പറഞ്ഞു. ജോയിന്റ് പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ പരിഹരിക്കാത്തതിനാല്‍ കമ്പനിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. കൂടാതെ കമ്പനിക്കകത്ത് കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ അടിയന്തരമായി നടപടി സ്വീകരിക്കമെന്നും ഇല്ലെങ്കില്‍ ഈ മാലിന്യങ്ങള്‍ പെരിയാറിലേക്ക് ഒഴുകിയെത്താന്‍ സാധ്യതയുണ്ടെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
50 ലക്ഷംരൂപ മുടക്കി പെരിയാറിലെ മലിനീകരണം കണ്ടെത്തുന്നതിനു സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ ഒന്നുംതന്നെ പ്രവര്‍ത്തനയോഗ്യമല്ലെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പെരിയാറിലെ നിറംമാറ്റം ഉണ്ടാവുമ്പോള്‍ പിസിബി ഓഫിസിലിരുന്നുതന്നെ അത് കണ്ടെത്താനും അതിന്റെ ഉദ്ഭവസ്ഥാനം കണ്ടെത്താനും കഴിയുമെങ്കിലും ഇതൊന്നും പ്രവര്‍ത്തനസജ്ജാക്കാന്‍ വേണ്ടത്ര നടപടിയില്ലെന്നു മലിനീകരണ വിരുദ്ധസമിതി ചൂണ്ടിക്കാണിച്ചു. ഇന്നലെ നഗരസഭാ ഹാളില്‍ നടന്ന ചര്‍ച്ചയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവനുപുറമെ ഏലൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ സിജി ബാബു, വൈസ് ചെയര്‍മാന്‍ എ ഡി സുജില്‍, ഏലൂര്‍ പിസിബി ഓഫിസിലെ എന്‍വൈന്‍മെന്റ് ഓഫിസര്‍ എം പി ത്രിദീപ്കുമാര്‍, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, പെരിയാര്‍ മലിനീകരണ വിരുദ്ധസമിതി അംഗങ്ങള്‍, ജനജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ എന്നിവരാണ് പങ്കെടുത്തത്. പെരിയാറിനെ സംബന്ധിച്ച് പ്രധാന യോഗമായിരുന്നിട്ടും ജലസേചന വകുപ്പിന്റെയോ മല്‍സ്യഫെഡിന്റെയോ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ ആരും യോഗത്തില്‍ പങ്കെടുത്തില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss