|    Jun 21 Thu, 2018 7:34 pm
FLASH NEWS

പെരിയാര്‍ കറുത്തൊഴുകി; മല്‍സ്യങ്ങള്‍ ശ്വാസംകിട്ടാതെ ചത്തൊടുങ്ങുന്നു

Published : 18th January 2016 | Posted By: SMR

ഏലൂര്‍: പെരിയാര്‍ ഇന്നലെ രാവിലെ മുതല്‍ കറുത്തൊഴുകുന്നു. മല്‍സ്യസമ്പത്തുകള്‍ ജീവവായു ലഭിക്കാതെ ചത്തൊടുങ്ങുകയാണ്. കൊഞ്ച് ഉള്‍പ്പെടെയുള്ള മല്‍സ്യങ്ങളാണ് കൂടുതലായും ശ്വാസംകിട്ടാതെ ചത്തൊടുങ്ങുന്നത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് അധികൃതരെത്തി സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ പുഴ കറുക്കാനുണ്ടായ കാരണത്തിന്റെ ഉറവിടം കണ്ടെത്താന്‍ പിസിബി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ 15 ദിവസത്തോളം പെരിയാര്‍ ചുവന്നൊഴുകിയതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞമാസം പുഴ ചുവന്നൊഴുകിയപ്പോള്‍ പിസിബി അധികൃതര്‍ സാംപിളുകള്‍ ശേഖരിച്ചെങ്കിലും പരിശോധന റിപോര്‍ട്ട് പുറത്തുവിടുകയോ ചുവന്നൊഴുക്കിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാതെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജനങ്ങളെ ഒന്നടങ്കം കബളിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. പെരിയാര്‍ മലിനമാവുമ്പോള്‍ പുഴയുടെ അടിത്തട്ടില്‍നിന്നും വെള്ളം ശേഖരിച്ച് പരിശോധന നടത്തണമെന്ന നാട്ടുകാരുടെ ആവശ്യം പിസിബി അധികൃതര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.
പെരിയാറില്‍ നിന്നും ശേഖരിക്കുന്ന വെള്ളം വിശദമായ പഠനം നടത്തണമെങ്കില്‍ എറണാകുളത്തെ സെന്‍ട്രല്‍ ലബോറട്ടറിയെയാണ് ആശ്രയിക്കു—ന്നത്. അവിടെനിന്നും ഫലം ലഭിക്കണമെങ്കില്‍ രണ്ടുദിവസമെങ്കിലും വേണ്ടിവരും. പെരിയാറില്‍ മലിനീകരണം കണ്ടെത്തുന്ന സാഹചര്യത്തിലെല്ലാം മലിനീകരണ നിയന്ത്രണബോര്‍ഡ് അധികൃതര്‍ ചില കമ്പനികള്‍ക്ക് പേരിനുമാത്രം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി നടപടികള്‍ അവസാനിപ്പിക്കുകയാണ് പതിവ്. മലിനീകരണ നിയന്ത്രണബോര്‍ഡും പരിസ്ഥിതി പ്രവര്‍ത്തകരും ഏലൂര്‍ നഗരസഭയും ജില്ലാ ഭരണകൂടവും നിശബ്ദമായതോടെ കൊച്ചി നഗരത്തിലെ അരക്കോടി ജനങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പെരിയാര്‍ മലിനമാവുന്നത് തുടര്‍ക്കഥയാവുകയാണ്. രണ്ടാഴ്ചമുമ്പ് പെരിയാറിന്റെ കൈവരിയായ ഇടമുളപുഴ മലിനമായപ്പോള്‍ പുഴയില്‍നിന്നും സാംപിള്‍ ശേഖരിക്കാനെത്തിയ പിസിബി അധികൃതരെ പ്രതിഷേധക്കാര്‍ തടയുകയും തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ജില്ലാ കലക്ടര്‍ പെരിയാര്‍ സന്ദര്‍ശിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും രണ്ടാഴ്ച പിന്നിട്ടിട്ടും ജില്ലാ കലക്ടര്‍ക്ക് സംഭവസ്ഥലത്തെത്താന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞദിവസം നടന്ന ഏലൂര്‍ നഗരസഭ കൗണ്‍സിലും ജില്ലാ കലക്ടറോട് പെരിയാര്‍ സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 2015ല്‍ വലിയതോതില്‍ പെരിയാര്‍ 60 തവണയാണ് ചുവന്നൊഴുകിയത്. കൂടാതെ രാസമാലിന്യവും മറ്റും പുഴയിലേക്ക് ഒഴുക്കിയതിനെത്തുടര്‍ന്ന് 25 തവണ മല്‍സ്യങ്ങളും ചത്തുപൊങ്ങിയിട്ടുണ്ട്. കൊച്ചി നഗരത്തിലെ ജനങ്ങളുടേയും പ്രമുഖ വ്യവസായ ശാലകളുടേയും കുടിവെള്ളത്തെ ഗുരുതരമായി ബാധിക്കുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ട പിസിബി അധികൃതര്‍ യാതൊരു നടപടിക്കും തയ്യാറാവാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss