|    Sep 26 Tue, 2017 11:50 pm

പെരിയാര്‍ കടുവാ സങ്കേതത്തില്‍ ചുവര്‍ ചിത്രരചനാ ക്യാംപ് തുടങ്ങി

Published : 30th September 2016 | Posted By: Abbasali tf

കുമളി: പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ സന്ദേശമുയര്‍ത്തി പെരിയാര്‍ കടുവാ സങ്കേതത്തില്‍ ചുവര്‍ ചിത്രരചനാ ക്യാംപിനു തുടക്കമായി. തേക്കടി അമ്പാടിക്കവല മുതല്‍ ആനവച്ചാല്‍ വരെ വനം വകുപ്പ് നിര്‍മിച്ച ഒരു കിലോമീറ്ററോളം നീളമുള്ള സംരക്ഷണ ഭിത്തിയിലാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. വിദേശികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ യാത്ര ചെയ്യുന്ന കുമളി-തേക്കടി റോഡരികിലുള്ള മതിലിലാണ് ചിത്രം വരയ്ക്കുന്നത്.തേക്കടിയിലെത്തുന്നവര്‍ മാലിന്യങ്ങള്‍ വനമേഖലയ്ക്കുള്ളില്‍ അലക്ഷ്യമായി വലിച്ചെറിയുക പതിവാണ്. ഇവ ഭക്ഷിച്ച് ആനയും മ്ലാവും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ചത്ത സംഭവങ്ങള്‍ നിരവധിയാണ്. കടുവയും പുലിയും ആനയും വെള്ളവും മരങ്ങളും ഉള്‍പ്പെടെ പ്രകൃതിയുമായി ബന്ധപ്പെട്ട ചിത്രങ്ങളാവും വിവിധ വര്‍ണങ്ങളിലായി ചുവരില്‍ ഇടം പിടിക്കുക. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ചിത്രകാരന്‍മാരാണ് പദ്ധതിയില്‍ പങ്കാളികളായിട്ടുള്ളത്. വനവും വന്യജീവികളെയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ആളുകളില്‍ എത്തിക്കുന്നതിനുള്ള നൂതന മാര്‍ഗമായാണ് വനം വകുപ്പ് ഈ പദ്ധതിയെ കാണുന്നത്. ഇന്നലെ രാവിലെ ആനവച്ചാല്‍ ബാംബു ഗ്രോവില്‍ നടന്ന ചടങ്ങില്‍ പെരിയാര്‍ കടുവാ സങ്കേതം ഡപ്യൂട്ടി ഡയറക്ടര്‍ കൃഷന്‍ കുമാര്‍ ചിത്രരചനാ ക്യാംപ് ഉദ്ഘാടനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക