|    Nov 19 Sun, 2017 12:47 am
FLASH NEWS

പെരിയാര്‍വാലി കനാലുകളുടെ പുനരുദ്ധാരണത്തില്‍ അലംഭാവം

Published : 8th November 2017 | Posted By: fsq

 

പെരുമ്പാവൂര്‍: പെരിയാര്‍വാലി കനാലുകളുടെ പുനരുദ്ധാരണത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്ന് ആരോപണം. പെരിയാര്‍വാലി ജലസേചന കനാലുകളുടെ പുനരുദ്ധാരണത്തിന് സര്‍ക്കാരിന്റെ ഭരണാനുമതി ലഭിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ജില്ലയുടെ കിഴക്കന്‍ മേഖലയായ കോതമംഗലം, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൃക്കാക്കര, കുന്നത്തുനാട്, ആലുവ തുടങ്ങിയ നിയോജന മണ്ഡലങ്ങളുടെ ഏറ്റവും പ്രധാന കുടിവെള്ള ശ്രോതസ്സാണ് പെരിയാര്‍വാലി കനാലുകള്‍. ഈ പദ്ധതി ആരംഭിച്ച കാലംമുതല്‍ വര്‍ഷം തോറും ആഗസ്ത്, സപ്തംമ്പര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കനാല്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഡിസംബര്‍ മാസങ്ങളില്‍ വെള്ളം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പു തൊഴിലാളികളാണ് സമയബന്ധിതമായി കനാലുകള്‍ നന്നാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ആവര്‍ത്തന സ്വഭാവമുള്ള പ്രവൃത്തികള്‍ വര്‍ഷംതോറും തൊഴിലുറപ്പു പദ്ധതിയില്‍ ഏറ്റെടുക്കുന്നത് തടഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ത്രിതല പഞ്ചായത്ത് ഭരണസമിതികളും വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികളും നിരന്തരമായി നടത്തിയ ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കൂടി തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് കനാലുകള്‍ നന്നാക്കുന്നതിന് അനുവാദം നല്‍കുകയായിരുന്നു. എന്നാല്‍ ഡാമിലെ ഷട്ടറുകളുടെ അറ്റകുറ്റപ്പണിക്കു വേണ്ടി വെള്ളം തുറന്നു വിട്ടതിനാല്‍ കഴിഞ്ഞ വര്‍ഷം ഡിസംമ്പറില്‍ വെള്ളം തുറന്നു വിടാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈ വര്‍ഷം ഡാമിലെ ഷട്ടറുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയായിട്ടുള്ള സാഹചര്യത്തില്‍ വെള്ളം ശഖരിക്കുന്നതിന് സര്‍ക്കാരിന്റെ അനുവാദത്തിനു വേണ്ടി അധികൃതര്‍ കാത്തിരിക്കുകയാണ്. ഈ വര്‍ഷം മുതല്‍ തൊഴിലുറപ്പില്‍ സര്‍ക്കാര്‍ പുനരുദ്ധാരണം നടക്കുകയില്ലായെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ സപ്തംമ്പര്‍, ഒക്ടോബര്‍ മാസങ്ങളിലായി കനാലുകളുടെ പുനരുദ്ധാരണത്തിനുള്ള പദ്ധതി തയ്യാറാക്കി പെരിയാര്‍വാലി സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ളതാണ്.കനാലുകളിലെ ചെളിയും മണ്ണും കാടും നീക്കം ചെയ്യുന്നതിനും മറ്റ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി അഞ്ച് കോടി എസ്റ്റിമേറ്റാണ് സര്‍ക്കാരിലേക്ക് നല്‍കിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടില്ല. ഇതുമൂലം കനാലുകള്‍ മാലിന്യ കൂമ്പാരമായി തുടരുകയാണ്. ഇനി ഭരണാനുമതി ലഭിച്ചാല്‍ തന്നെ സാങ്കേതിക അനുമതി ലഭിക്കുന്നതിനും ടെണ്ടര്‍ നടപടികള്‍ക്കും മറ്റുമായി മാസങ്ങള്‍ വേണ്ടിവരും. ഇതോടെ ജനുവരിയില്‍ പോലും വെള്ളം തുറന്നു വിടാന്‍ കഴിയില്ല.ഈ സാചര്യത്തില്‍ ആയിരക്കണക്കിനു ഹെക്ടര്‍ കൃഷി സ്ഥലത്തിനും ജനങ്ങളുടെ കുടിവെള്ളക്ഷാമത്തിനും ആശ്വാസമാവേണ്ട കനാല്‍ പുനരുദ്ധാരണ പദ്ധതിക്ക് അനുമതി നല്‍കാന്‍ മടിക്കുന്നത് സര്‍ക്കാരിന്റെ ജനങ്ങളുടെ പ്രശ്നങ്ങളോടുള്ള നിസംഗതയാണ് തെളിയിക്കുന്നത്. ഈ നിസംഗത തുടര്‍ന്നാല്‍ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും ഇതു സംബന്ധിച്ച് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മനോജ് മൂത്തേടന്‍ ധനകാര്യ മന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക