|    Aug 21 Mon, 2017 3:29 pm
FLASH NEWS

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിജീവനക്കാരുടെ നിയമനത്തെച്ചൊല്ലി രാഷ്ട്രീയ പോര് രൂക്ഷം

Published : 12th August 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയിലെ ജീവനക്കാരെ നിയമിക്കുന്നത് സംബദ്ധിച്ച് രാഷ്ട്രീയ പോര് രൂക്ഷമായി. ഉദ്ഘാടനം കഴിഞ്ഞ മാത്യ-ശിശു ബ്ലോക്കിലേക്ക് ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് ഇടത്-വലത് മുന്നണികളാണ് പോസ്റ്റര്‍ യുദ്ധവും വിശദീകരണങ്ങളും ഇറക്കുന്നത്. ജീവനക്കാരുടെ നിയമനത്തിന് നിയമസഭയില്‍ സര്‍ക്കാര്‍ അവഗണന കാണിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മഞ്ഞളാംകുഴി അലി എംഎല്‍എയുടെ സബ്മിഷന് വ്യക്തമായ മറുപടി നല്‍കാതെ ആരോഗ്യമന്ത്രി ഒഴിഞ്ഞുമാറി. താലൂക്ക് ആശുപത്രിയില്‍ നിന്നു ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച ജീനക്കാരുടെ എണ്ണം ഉയര്‍ത്തി കാണിച്ച് ആവശ്യത്തിന് ജീനക്കാര്‍ ഇപ്പോള്‍ ആശുപത്രിയിലുണ്ടെന്ന രീതിയിലാണ് മന്ത്രി മറുപടി നല്‍കിയത്. അന്ന് അനുവദിച്ച 15 തസ്തികകളാണ് അധിക തസ്തിക അനുവദിച്ചിട്ടുണ്ടെന്ന മട്ടില്‍ സഭയില്‍ അവതരിപ്പിച്ചത്. 177 കിടക്കകള്‍ക്ക് ആനുപാതികമായി 134 തസ്തികകള്‍ ഇവിടെ ഉണ്ടെന്നാണ് മന്ത്രിയുടെ വാദം. രോഗികളുടെ എണ്ണം വര്‍ധിച്ചതും പുതിയ മാതൃ-ശിശു കെട്ടിടം ആരംഭിച്ചതും പരിഗണിക്കാത്ത മറുപടിയാണ് മന്ത്രി നല്‍കിയത്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്നത് മാത്രമാണ് ആശ്വാസ വാക്ക്. രണ്ടാം തവണയാണ് പുതിയ സാഹചര്യത്തില്‍ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി അധിക തസ്തികകള്‍ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എംഎല്‍എ സഭയില്‍ സബമിഷന്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 30ന് ഇതേ കാര്യം ചൂണ്ടിക്കാട്ടി സബ്മിഷന്‍ അവതരിപ്പിച്ചപ്പോള്‍ സര്‍ക്കാറിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി നിരസിക്കുകയായിരുന്നു. 2014 ജനുവരിയിലാണ് യുഡിഎഫ്് സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയത്. തുടര്‍ന്ന് പ്രതിദിനം രണ്ടായിരത്തിലധികം രോഗികള്‍ ചികില്‍സയ്‌ക്കെത്തുകയും 250 പേരെ കിടത്തി ചികില്‍സിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. പനി പടര്‍ന്ന് പിടച്ചപ്പോള്‍ അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണം വീണ്ടും വര്‍ധിച്ചു. പ്രതിമാസം ഇരുനൂറോളം പ്രസവങ്ങളും ഇവിടെ നടക്കുന്നു. 24 സ്റ്റാഫ് നഴ്‌സുമാരാണ് ഇത്രയും രോഗികളുടെ പരിചരണത്തിനായുള്ളത്. അത്യാഹിത വിഭാഗത്തിലും ഐസിയുവിലും ഇവരുടെ സേവനം തന്നെയാണുള്ളത്. ഏറ്റവും പ്രധാനപ്പെട്ട അനസ്‌തേഷ്യ ഡോക്ടറുടെ തസ്തിക പോലും മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. മാതൃ-ശിശു കെട്ടിടത്തില്‍ 150 രോഗികളെ കിടത്തി ചികില്‍സിക്കാനാവും. ഇത്തത്തില്‍ ജില്ലാ ആശുപത്രി പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ 123 ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് 15 പേരെ നിയമിച്ചിട്ടുണ്ടെന്ന മന്ത്രിയുടെ മറുപടി. 1,200 രോഗികള്‍ ദിനം പ്രതിയെത്തുന്ന പൊന്നാനിയിലെ മാതൃ-ശിശു ആശുപത്രിലേക്ക് 85 തസ്തികള്‍ നിര്‍മിക്കുകയും പെരിന്തല്‍മണ്ണയിലേക്ക് ഒന്നും അനുവദിക്കാതിരിക്കുന്നതും തികച്ചും വിവേചനമാണെന്നും 123 പേരുടെ തസ്തിക അനുവദിക്കുന്നതില്‍ പുനപരിശോധന നടത്തി അനുകൂല നടപടി സ്വീകരിക്കണമെന്നും മഞ്ഞളാംകുഴി അലി സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക