|    Sep 20 Wed, 2017 7:30 am
FLASH NEWS

പെരിങ്ങരയില്‍ രണ്ടാം കൃഷിയിറക്കിയ നെല്‍കര്‍ഷകര്‍ കണ്ണീര്‍ക്കയത്തില്‍

Published : 28th July 2016 | Posted By: SMR

തിരുവല്ല: അപ്പര്‍കുട്ടനാട് മേഖലയായ പെരിങ്ങര പഞ്ചായത്തില്‍ രണ്ടാം കൃഷിയിറക്കിയ നെല്‍കര്‍ഷകര്‍ കണ്ണീര്‍ക്കയത്തില്‍. കാലവര്‍ഷത്തെ തുടര്‍ന്ന് പാടശേഖരം വെള്ളത്തില്‍ മുങ്ങിയതോടെ കൃഷിനാശം ഉറപ്പായതാണ് കര്‍ഷകരെ കണ്ണീരിലാക്കിയത്. വേങ്ങല്‍ ആലംതുരുത്തി കൈപ്പാല പാടശേഖരത്തിലെ കര്‍ഷകരാണ് ഇക്കുറി രണ്ടാംകൃഷിക്ക് മുതിര്‍ന്നത്.
40 ഏക്കര്‍ വിസ്തൃതിയില്‍ കഴിഞ്ഞ ഏപ്രില്‍ മാസം കര്‍ഷകര്‍ രണ്ടാം കൃഷിക്ക് വിത്ത് വിതച്ചു. അത്യുല്‍പാദനശേഷിയുള്ള പന്ത്രണ്ട് എണ്‍പത്തിയഞ്ച് എന്ന വിത്താണ് വിതച്ചത്. വിത്ത് മുളച്ച് നെല്‍ച്ചെടി ആയതു മുതല്‍ അനുഭവപ്പെട്ട മഴ ചെടികളെ വെള്ളത്തിലാക്കി. ഒരു തവണ ചെടികള്‍ക്ക് വളം ഇടാന്‍ മാത്രമാണ് കര്‍ഷകര്‍ക്ക് അവസരം ലഭിച്ചത്. നെല്‍ച്ചെടികള്‍ വെള്ളത്തിലായതിനാല്‍ പിന്നീട് വളം നല്‍കാനായില്ല. നെല്‍ച്ചെടികളില്‍ കതിര്‍ വന്നപ്പോഴേക്കും കനത്ത മഴയില്‍ ഇവ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയാണ് ഇപ്പോഴുള്ളത്.
മഴ തുടരുന്നതിനാല്‍ കൃഷി നാശം ഉറപ്പാക്കിയിരിക്കയാണ് കര്‍ഷകര്‍. ഇനി സര്‍ക്കാരില്‍ നിന്നും സഹായം നേടുകയെന്ന ലക്ഷ്യത്തിലാണ് കര്‍ഷകര്‍. ഇതിനകം കൃഷി വകുപ്പ് ഉദ്യോഗസ്ഥരും, മന്ത്രി മാത്യു ടി തോമസും പാടശേഖരം സന്ദര്‍ശിച്ചിരുന്നു.
അനില്‍ ഉള്ളമഠം, രാജു ഇലഞ്ഞിമൂട്ടില്‍, സണ്ണി പ്ലാന്തറ, സന്ദീപ് പ്ലാന്തറ, സിബി ഇടിഞ്ഞില്ലം, ലില്ലിക്കുട്ടി ഏനാട്ടില്‍, ജോയി മൂന്നാടത്ത്, രാജു പടിപ്പുരക്കല്‍, റോയി വേളുപ്ര താഴ്ചയില്‍, ബേബി ചെറുകണ്ടത്തില്‍, റോയി മുണ്ടപ്പള്ളില്‍ എന്നിവരാണ് കൈപ്പാല പടിഞ്ഞാറ് പാടശേഖരത്തില്‍ രണ്ടാം കൃഷിയിറക്കി കൃഷി നാശം നേരിടുന്നത്. വേങ്ങല്‍ ആലംതുരുത്തി കൈപ്പാല പടിഞ്ഞാറ് പാടശേഖരത്തിലാണ് ഇക്കുറി രണ്ടാംകൃഷിക്ക്കര്‍ഷകര്‍ മുതിര്‍ന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക