|    Oct 17 Wed, 2018 9:41 pm
FLASH NEWS

പെയ്യാതെ പോവുന്ന ഹജ്ജുകള്‍

Published : 8th September 2017 | Posted By: mi.ptk

ബശീര്‍ മുഹ്‌യിദ്ദീന്‍
കസ്മികതകളാണ് ജീവിതം എന്ന് പറയാറുണ്ട്. എന്നാല്‍, ഓരോ ആകസ്മിക അനുഭവത്തിനു പിന്നിലും അദൃശ്യവും നിര്‍ണിതവുമായ ഒരിടപെടല്‍ ഉള്ളതായി കാണാം. അതിനെ നാം ദൈവനിശ്ചയം എന്നു വിളിക്കുന്നു.
200 മുതല്‍ 300 വരെ ദശലക്ഷം പുരുഷബീജങ്ങളില്‍നിന്ന് ഒന്നുമാത്രമാണ് സ്ത്രീയുടെ അണ്ഡവുമായി ചേരുന്നത്. അതിനിടയില്‍ എത്രയോ കുഞ്ഞുങ്ങള്‍ പിറക്കാതെ പോവുന്നു. എത്രയോ പൂക്കള്‍ വിടരാതെ കൊഴിയുന്നു. ജീവിതത്തിലൊരിക്കല്‍ തേടിയെത്തുന്ന ഹജ്ജിലും ഈ ആകസ്മികതയുടെ മിന്നലാട്ടം കാണാം.
മക്ക വിശ്വാസികളെ നിരന്തരം അങ്ങോട്ട് ആവാഹിച്ചുകൊണ്ടിരിക്കുന്നു. വലിച്ചെടുക്കുന്നത്, കറന്നെടുക്കുന്നത് എന്നൊരര്‍ഥം ‘മക്ക’ എന്ന സ്ഥലനാമത്തിനുണ്ട്.
മനുഷ്യശരീരത്തില്‍ ഹൃദയത്തിനുള്ള സ്ഥാനമാണ് ഇസ്്‌ലാമിക ലോകത്ത് മക്കയിലെ കഅ്ബയ്ക്കുള്ളത്. ഹൃദയം രക്തം വലിച്ചെടുത്ത് ശുദ്ധീകരിച്ചു ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരികെ എത്തിക്കുന്നതുപോലെ ‘കഅ്ബ’ ഓരോ വര്‍ഷവും പാപവിശുദ്ധിയും പുതുജീവിതവും നല്‍കി തിരിച്ചയക്കുന്നു മനുഷ്യരെ.
അദൃശ്യനും അരൂപിയുമായ തന്റെ സ്‌നേഹഭാജനത്തെ എത്തിപ്പിടിക്കാനായി ഉഴറി നടക്കവെ, മായാകാഴ്ചകളെ വിസ്മരിച്ച് സ്വര്‍ഗീയ സ്വപ്‌നങ്ങളില്‍ അഭിരമിച്ച് പ്രേമികയായ കമലാ സുരയ്യ ഇങ്ങനെ പാടുന്നുണ്ട്;
യാ  അല്ലാഹ്!
പെയ്ത മഴയില്‍ ഞാന്‍ നനഞ്ഞില്ല
പെയ്യാത്ത മഴയില്‍
ഞാന്‍ നനഞ്ഞു
കണ്ട കിനാവോ കാണാത്ത കിനാവോ
സുന്ദരം!
ചെയ്ത ഹജ്ജോ ചെയ്യാതെ പോയ ഹജ്ജോ സുന്ദരം എന്ന ചോദ്യം ഒട്ടും പ്രസക്തമല്ല. എങ്കിലും എത്രയോ ഹജ്ജുകള്‍ ചെയ്യപ്പെടാതെ പോകുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. ആകസ്മികതയ്ക്കു പിന്നിലെ അദൃശ്യമായ ഒരിടപെടല്‍പോലെ.
ജീവിതത്തിലൊരിക്കല്‍ മക്കയില്‍ ഹജ്ജ് നിര്‍വഹിച്ചവരെക്കാള്‍, കാലം മുഴുവന്‍ മനസ്സില്‍ ഹജ്ജിനെ വഹിച്ചു ജീവിച്ച ശതകോടി തീര്‍ത്ഥാടകര്‍ ഈ ഭൂമിയിലൂടെ കടന്നുപോയിട്ടുണ്ടാവും!.
ചെയ്ത ഹജ്ജ്‌പോലെതന്നെ ചെയ്യാതെ പോവുന്ന ഹജ്ജുകളും എന്റെ മനസ്സില്‍ ഇടയ്ക്കിടെ കുത്തിമറിയാറുണ്ട്.
ഹജ്ജില്‍ മനസ്സിനെ വല്ലാതെ പിടിച്ചുലച്ച ഒരനുഭവമുണ്ടായി. മസ്ജിദുല്‍ ഹറാമില്‍ മിക്കവാറും അഞ്ചുനേരവും നടക്കുന്ന മയ്യിത്ത് നമസ്‌കാരമാണത്. മരണം മക്കയുടെ ദിനചര്യയുടെ ഭാഗമാണെന്നു തോന്നും. ഓര്‍ക്കുംതോറും മനസ്സ് കിടിലംകൊള്ളും. ഹജ്ജിനോടടുത്ത ദിനങ്ങളില്‍ എണ്ണം കൂടിക്കൂടി വരുന്നു. കഅ്ബയുടെ പരിസരങ്ങളില്‍, സഫ-മര്‍വയ്ക്കിടയില്‍, അറഫയില്‍, മുസ്്ദലിഫയില്‍ എവിടെയും അതു സംഭവിക്കാം.
സഹയാത്രികര്‍, ഒന്നിച്ചു നമസ്‌ക്കരിച്ചവര്‍, ത്വവാഫിലും സഅ്‌യിലും തോളുരുമ്മി നടന്നവര്‍ പൊടുന്നനെ കൈവിട്ടു പോവുകയാണ്.
പാകമായ പൂക്കളും പഴങ്ങളും പറിച്ചെടുക്കപ്പെടുമ്പോലെ, പെയ്യാതെ പോവുന്ന മഴമേഘങ്ങള്‍ പോലെ, അങ്ങനെ മരണവും ഒരു തീര്‍ത്ഥാടനമായി മാറുന്നു. ലക്ഷ്യം അതുതന്നെയായിരുന്നല്ലോ. അവന്റെ വിളിക്കു പൂര്‍ണമായും ഉത്തരം നല്‍കല്‍. ഇഹ്‌റാം വസ്ത്രം അന്ത്യയാത്രയുടെ കഫന്‍ പുടവയാവുന്നത് എത്ര പ്രതീകാത്മകം!
നമസ്‌കാര ശേഷം മയ്യിത്തുമായി അതിവേഗം മുഅല്ല ഖബ്ര്‍സ്ഥാനിലേക്കു സഞ്ചരിക്കുന്ന സംഘത്തോടൊപ്പം പലപ്പോഴും നമ്മളും ഓടിപ്പോവും. പരിസരം മറന്നു പൊട്ടിക്കരഞ്ഞുപോവും.
ഹാജറിനെയും കുഞ്ഞു മകനെയും വെടിഞ്ഞു തിരിഞ്ഞുനോക്കാതെ നടന്നകലുന്ന ഇബ്്‌റാഹീമിനോട് ഹാജറിന്റെ ഒരു ചോദ്യമുണ്ടല്ലോ- ‘അല്ലാഹു കല്‍പ്പിച്ചിട്ടാണോ’എന്ന്. ആ ചോദ്യത്തിന്റെ പൊരുളും കരുത്തും അപ്പോഴാണ് നമുക്കു ബോധ്യമാവുക. അവിടെ എത്രയെത്ര ഇബ്്‌റാഹീമും ഹാജറയും ഇസ്മാഈലുമാണ് ഒന്നും ഉരിയാടാതെ ഇറങ്ങിനടക്കുന്നത്!!
അന്നൊരിക്കല്‍, കല്ലെറിയുന്ന ജംറയ്ക്കരികെ തിക്കിലും തിരക്കിലും പെട്ട് മുന്നൂറോളം തീര്‍ത്ഥാടകര്‍ സ്വര്‍ഗം പൂകിയപ്പോള്‍ തൊട്ടുപിറകിലായി ഞങ്ങളുമുണ്ടായിരുന്നു.
ഒന്നും ആകസ്മികമല്ല. എല്ലാം കൃത്യമായ തിരഞ്ഞെടുപ്പാണ്. ‘അവര്‍ നിങ്ങളെ സവിശേഷം തിരഞ്ഞെടുത്തിരിക്കുന്നു’ വെന്ന് അല്‍ഹജ്ജ് അധ്യായത്തില്‍ പറഞ്ഞതിന് അങ്ങനെയും ഒരു പൊരുളുണ്ട്. ഭൂമിയില്‍ ഖലീഫയായും ഹാജിയായും സ്വര്‍ഗത്തിനു സാക്ഷിയായുമുള്ള തിരഞ്ഞെടുപ്പാണത്. നറുക്കുവീണതുകൊണ്ടല്ല മറിച്ച് 750 കോടിയില്‍നിന്നു ഹജ്ജിനായി അല്ലാഹു എന്നെ തിരഞ്ഞെടുത്തതാണ് എന്ന ബോധ്യം ഹാജി കൈവരിക്കുന്നത് അങ്ങനെയാണ്.
അപ്പോഴും ഒരു സഹായത്രികന്റെ വസ്വിയ്യത്ത് എന്നെ അമ്പരപ്പിച്ചുകളഞ്ഞു. ഈ പുണ്യഭൂമിയിലൂടെ അല്ലാഹുവിങ്കലെത്താന്‍ എനിക്കായി പ്രാര്‍ഥിക്കണമെന്നതായിരുന്നു അത്.
എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടും ഹജ്ജ് ഒരു സ്വപ്‌നമായിതന്നെ അവശേഷിക്കുന്ന ദുരനുഭവങ്ങള്‍ ഇന്നു വര്‍ധിച്ചുവരുന്നു. ആഗോളഗ്രാമം എന്നു വിശേഷിപ്പിക്കപ്പെടുമ്പോള്‍തന്നെ ലോകത്ത് നിലനില്‍ക്കുന്ന യുദ്ധസാഹചര്യങ്ങളും ഉപരോധ ഭീഷണികളും തീര്‍ത്ഥാടകന്‍ കാലങ്ങളായി കാത്തുവച്ച സ്വപ്‌നങ്ങളെ തല്ലിക്കെടുത്തുന്നു. കച്ചവടവല്‍ക്കരിക്കപ്പെട്ട തീര്‍ത്ഥാടന രംഗം വഞ്ചനയുടെയും ചൂഷണത്തിന്റെയും പര്യായമായി മാറുന്നു.
ഇടയ്ക്കിടെ ഒരു കൊള്ളിയാന്‍പോലെ മിന്നിമറയുന്ന അത്തരമൊരു ഓര്‍മയും മനസ്സിലുണ്ട്. ഉറ്റവരോട് യാത്രപറഞ്ഞ് അവസാന കരുതിവയ്പുകള്‍ നടത്തി നാളുകളെണ്ണിക്കഴിയുമ്പോള്‍ പൊടുന്നനെ എല്ലാം തകിടം മറിഞ്ഞ അനുഭവമാണത്. മനസ്സ് അവിടെയും ശരീരം ഇവിടെയും എന്ന അവസ്ഥയില്‍ ചരടറ്റ പട്ടംപോലെ മനസ്സ് ഗതിയില്ലാതെ അലഞ്ഞു നടക്കുമ്പോലെ. ആ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങള്‍ വാക്കുള്‍ക്ക് വഴങ്ങില്ല. മനസ്സ് ആത്മവിചാരണയുടെ അറഫയായി മാറുന്ന വേളയാണത്.
എന്റെ പ്രേമഭാജനം എന്തേ എന്നെ വിലക്കിയത്? ദിവ്യാനുഭവത്തിന്റെ പട്ടുനൂലിഴകള്‍ എവിടെവച്ചാണ് പൊട്ടിപ്പോയത്? എന്നെ തനിച്ചാക്കി എല്ലാവരും എങ്ങോട്ടാണ് പോയത്? വീടും ബന്ധുജനങ്ങളും ജന്മനാടും അന്യമായി തോന്നുന്ന അന്തസംഘര്‍ഷത്തില്‍ പരിസരബോധം വീണ്ടെടുക്കാന്‍ നാളുകള്‍ ഏറെ വേണ്ടി വന്നു.
ഹജ്ജിന്റെ കര്‍മങ്ങളെയും ഇടങ്ങളെയും ദൈവിക ചിഹ്നങ്ങള്‍, അടയാളങ്ങള്‍ എന്നിങ്ങനെയാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്.
ഒരു സാങ്കേതിക ആരാധനാകര്‍മം എന്നതിനപ്പുറം ഹജ്ജ് അതിതീവ്രമായ വൈകാരികാനുഭൂതി ചുരത്തുന്നുണ്ട്. അവ കണ്ടെടുക്കല്‍ ഹാജിയുടെ ദൗത്യമാണ്.
സഹയാത്രികനായിരുന്ന എന്റെ അമ്മാവന്‍ ത്വവാഫിനെപ്പറ്റി പങ്കുവച്ച ഒരുനുറുങ്ങറിവ് എന്നെ വിസ്മയിപ്പിച്ചു. ജീവിതം അനന്തമായ പ്രാര്‍ഥനയാണല്ലോ. ഖുര്‍ആനിലെ ‘അല്‍അഅ്‌റാഫ്’ അധ്യായത്തില്‍ പ്രാര്‍ഥനയെപ്പറ്റി ഇങ്ങനെ പറയുന്നുണ്ട്:’നിങ്ങള്‍ വിനയഭാവത്തോടും രഹസ്യമായും നിങ്ങളുടെ നാഥനെ വിളിക്കൂ!. വിനയഭാവത്തിനു ‘തദര്‍റുഅ്’ എന്നാണ് ഉപയോഗിച്ചത്. ‘ദര്‍അ്’ന്ന് അകിട് എന്നാണര്‍ഥം. കുഞ്ഞാട് തള്ളയാടിനു ചുറ്റും നിരന്തരം ചുറ്റിക്കറങ്ങുന്നതും മണത്തുനോക്കുന്നതും ഇടയ്ക്കിടെ അകിടില്‍ തട്ടിനോക്കുന്നതും കണ്ടിട്ടില്ലേ. അമ്മയുടെ അകിട് തനിക്കായി ചുരത്തുമെന്നുള്ള ഒടുങ്ങാത്ത പ്രതീക്ഷയാണത്. ത്വവാഫ് എന്ന കഅ്ബ പ്രദക്ഷിണത്തിലും അതു സംഭവിക്കുന്നുണ്ട്. ഹജറുല്‍ അസ്‌വദില്‍ മുത്തമിട്ട് മുല്‍തമസില്‍ നെഞ്ചുചേര്‍ത്തു അള്ളിപ്പിടിച്ചു പിന്നെയും പിന്നെയും ദിവ്യകാരുണ്യം തനിക്കായി ചുരത്തുവോളം കറങ്ങിത്തിരിയുകയാണ് തീര്‍ത്ഥാടകന്‍.
‘ലൈലയുടെ വീട്ടിലണയവേ
ചിലപ്പോള്‍ ഈ ചുമരും
മറ്റു ചിലപ്പോള്‍ ആ ചുമരും
എന്റെ ചുംബനം കൊണ്ടു.’
ലൈലയെത്തേടുന്ന മജ്‌നുവിനുമപ്പുറം അനുരാഗതീവ്രതയാല്‍ ജഢപിടിച്ച് പൊടിപുരണ്ട് ഉഴറിനടക്കുന്ന തീര്‍ത്ഥാടകനെ മാറിനിന്ന് ഒന്നു നിരീക്ഷിക്കൂ! കാരുണ്യവര്‍ഷത്താല്‍ ആകാശം  ഭൂമിയെ ചുംബിച്ചുണര്‍ത്തുന്ന അനര്‍ഘ നിമിഷങ്ങളെ നമുക്ക് ഒപ്പിയെടുക്കാം.
ഏകമാനവികതയുടെ വിളംബരമാണല്ലോ ഹജ്ജ്. രണ്ട് കണ്ടംതുണിയിലേക്കുള്ള വേഷപ്പകര്‍ച്ചയില്‍ അതുണ്ട്. ഓരോ മന്ത്രവും പദചലനവും ഓരോ ഇടത്തിലൂടെയുള്ള സമയബന്ധിതമായ സഞ്ചാരവുമാണ് ഹജ്ജ്.
ഒരു പ്രവാഹമായി അലിഞ്ഞുചേര്‍ന്ന് സ്വയം ഇല്ലാതാവുമ്പോഴും ഓരോ ഹാജിയും സ്വന്തം ഹജ്ജനുഭവങ്ങള്‍ പുണ്യതീര്‍ത്ഥംപോലെ കോരിയെടുക്കുന്നുണ്ട്. പെയ്തുതോരുന്ന മഴ ഇലത്തുണ്ടില്‍ ബാക്കിവയ്ക്കുന്ന തിളക്കമുള്ള തുള്ളികള്‍ പോലെ. ഹജ്ജ് ഒന്നായിരിക്കെ തന്നെ ഇരുപത്തിയഞ്ച് ലക്ഷം ഭാവങ്ങളുള്ള ഹജ്ജ് അനുഭവങ്ങള്‍.
നിര്‍വൃതിയുടെ, ആത്മഹര്‍ഷത്തിന്റെ, വിരഹത്തിന്റെ, പുനസ്സമാഗമങ്ങളുടെ, ത്യാഗത്തിന്റെ, സമര്‍പ്പണത്തിന്റെ, പങ്കുവയ്ക്കലിന്റെ, നിസ്സഹായതയുടെ, ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെടുന്നതിന്റെ പലതരം രുചിക്കൂട്ടുകള്‍. ഓര്‍മകളുടെ തിരശ്ശീലയില്‍ നിരന്തരം വന്നുമറയുന്ന വര്‍ണക്കാഴ്ചകളായി ഹാജി അവയെ തുടച്ചുമിനുക്കിക്കൊണ്ടിരിക്കുന്നു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. കുടുംബസമേതം മക്കിയലെത്തിയ ആദ്യദിനം. എന്റെ ഇസ്മാഈലിനൊപ്പമാണ് അന്ന് ജുമുഅക്കു പോയത്. മുത്ത് എന്ന് ഞങ്ങള്‍ വിളിക്കുന്ന മുജ്തബ. ഏഴാം വയസ്സിലെ തീര്‍ത്ഥാടകന്‍. പാറിനടക്കുന്ന പ്രായം. നമസ്്കാരശേഷം എനിക്ക് അല്‍പ്പം സംസം കുടിക്കാന്‍ കൊതിയായി. മുത്തിനെ കൂടെ നിര്‍ത്തി. സംസം കുടിച്ചു എഴുന്നേറ്റു തിരിഞ്ഞുനോക്കി. മുത്തിനെ കണ്ടില്ല. ആള്‍ക്കൂട്ടം പല ലക്ഷ്യങ്ങളിലേക്കു ചിതറിത്തെറിക്കുന്നു. എന്റെ കാഴ്ച മങ്ങി. നാലുപാടും കുതറിയോടി. കാലുകള്‍ ഇടറി. ശബ്ദം പുറത്തേക്കു വരുന്നില്ല. കൂട്ടുകാരുടെ നമ്പറുകളില്‍ വിളിച്ചുനോക്കി. കിട്ടുന്നില്ല. രണ്ടും കല്‍പ്പിച്ച് പള്ളിയില്‍നിന്നു പുറത്തിറങ്ങി. അകലെ കുറെ പച്ചത്തട്ടങ്ങള്‍ കൂടിനില്‍ക്കുന്നു ഒരാള്‍ ഞങ്ങളുടെ മദ്്‌റസയിലെ ടീച്ചറായിരുന്നു. ‘അതാ വാപ്പാ’ എന്നു പറഞ്ഞ് അവരെന്നെ കൈ കൊട്ടിവിളിച്ചു. ഞാന്‍ പ്രതീക്ഷയോടെ ഓടിച്ചെന്നു. അവര്‍ക്കു നടുവില്‍ കരഞ്ഞുകലങ്ങിയ മുത്ത്. ഞാനവനെ വാരിയെടുത്തു. ഞങ്ങള്‍ വിങ്ങിപ്പൊട്ടി. പരസ്പരം നോക്കിനിന്നു ചിരിച്ചു. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത നിറകണ്‍ ചിരി.
സഅ്‌യിന്റെ പൊരുള്‍ അന്നാണ് ഞാന്‍ അനുഭവിച്ചറിഞ്ഞത്. ഓരോ ഹാജിയും ജീവിതത്തില്‍ സഫാ- മര്‍വകള്‍ക്കിടയില്‍ കിനിയുന്ന പ്രതീക്ഷകളുടെ സംസം മുത്തിക്കുടിക്കുക തന്നെ ചെയ്യും.
അന്ന് അറഫയില്‍നിന്നു മുസ്്ദലിഫയിലേക്കും അവിടെനിന്നു മിനയിലേക്കും നടന്നുപോവാനായിരുന്നു ഞങ്ങളുടെ തീരുമാനം. പ്രവാഹമായി ഒഴുകിപ്പരക്കുക എന്ന ഖുര്‍ആനിക പരാമര്‍ശത്തെ സാക്ഷാല്‍ക്കരിക്കലായിരുന്നു ഉദ്ദേശ്യം.
മണ്ണഞ്ചേരി മാമ എന്നു ഞങ്ങള്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്ന അബൂക്കയും ഞങ്ങളോടൊപ്പം ചേര്‍ന്നു. സാത്വികന്‍; നല്ലതിനുവേണ്ടി കുട്ടിത്തത്തോടെ വാശിപിടിക്കുന്നയാള്‍. പ്രമേഹരോഗത്തിന്റെ സഹയാത്രികന്‍.
ഇടയ്ക്ക് മലവെള്ളപ്പാച്ചിലായി, ചിലപ്പോള്‍ പാറക്കെട്ടില്‍ ചിന്നിച്ചിതറി, മറ്റു ചിലപ്പോള്‍ ഒന്നുമറിഞ്ഞില്ലെന്ന ഭാവത്തില്‍ ശാന്തമായ കുഞ്ഞോളങ്ങള്‍ കണക്കെ ഞങ്ങളൊഴുകി. സംഘം പലതായി പിരിഞ്ഞു. ഞാനും മാമയും ഒന്നിച്ച്. തലമുറകള്‍ എത്രയോ കടന്നുപോയ അതേവഴി. ആ വിശുദ്ധ താഴ്‌വരയില്‍ ചെരിപ്പുകള്‍ സ്വയം അലിഞ്ഞുപോയി. നഗ്നപാദരായി കിലോമീറ്ററുകള്‍. പരസ്പരം മുഖങ്ങളിലേക്കു നോക്കാതെ, അല്ലാഹുവെ മാത്രം ലക്ഷ്യമാക്കിയുള്ള ഒഴുക്ക്. ‘കാഹളത്തില്‍ ഊതപ്പെടുമ്പോള്‍ കുഴിമാടങ്ങളില്‍നിന്നു നാഥനിലേക്ക് അവര്‍ കുതിച്ചുപായുമെന്ന’ യാസീന്‍ സൂക്തത്തിന്റെ തനി പകര്‍ച്ചപോലെ ഭൂമിയിലെ മഹ്്ശര്‍. മനുഷ്യര്‍ ഇയ്യാംപാറ്റ കണക്കെ ഭൂമിയില്‍നിന്ന് കിളിര്‍ത്തുവരുംപോലെ.
മേല്‍വിലാസങ്ങള്‍ അഴിഞ്ഞുവീണ് ആത്മബോധത്തിന്റെ മശ്അറില്‍ എത്തിയപ്പോള്‍, മുസ്്ദലിഫയില്‍ പെരുന്നാള്‍നിലാവ് പൂത്തുതുടങ്ങിയിരുന്നു.
കൈയില്‍ കരുതിയിരുന്ന ഒരുപിടി അവിലും അല്‍പ്പം വെള്ളവും എവിടെയോ കൈവിട്ടുപോയി. നാട്ടില്‍നിന്നു കൊണ്ടുവന്ന ലഗേജ് ഹോട്ടലിലാണ്. കൈയില്‍ കരുതിയ ചെറിയ ബാഗ് മിനയിലെ തമ്പിലാണ്. ബാക്കിവച്ച ഭൗതിക പ്രതീക്ഷകള്‍ കളഞ്ഞുപോയ ചെറിയ സഞ്ചിയിലായിരുന്നു. അന്ന് ആ ഉമ്മയും കുഞ്ഞും സഫാ കുന്നിന്റെ ചരിവില്‍ കഴിച്ചുകൂട്ടിയ നിമിഷങ്ങള്‍ പോലെ. പ്രതീക്ഷകള്‍ ഒടുങ്ങുന്നില്ല. ഇപ്പോള്‍ സകല ഭാരങ്ങളും ഇറക്കിവയ്ക്കപ്പെട്ടിരിക്കുന്നു. മനസ്സിന് ഒരു തൂവല്‍ തൂക്കം മാത്രം. ചിറകടിച്ചുയരാം നാഥനിലേക്ക്.
പടച്ചവന്‍ അടുപ്പം കൂടുന്ന, മുസ്്ദലിഫയെന്ന ഭൗതിക കാമനകളുടെ മരുപ്പറമ്പ് ഇപ്പോള്‍ ശാന്തമാണ്. ആകാശം മേല്‍ക്കൂരയാക്കി രണ്ടുകണ്ടം തുണിയില്‍ പൊതിഞ്ഞ് ഞാനും മഞ്ചേരി മാമയും അന്ന് അല്ലാഹുവോടൊപ്പം രാപാര്‍ത്തു. അത്താഴപ്പട്ടിണി മറന്നുറങ്ങി. ഭൗതിക കാമനകളുടെ കനം കുറയുമ്പോള്‍ ഏതു മരുപ്പറമ്പിലും നമുക്കു സ്വര്‍ഗത്തിലെ മുന്തിരി വള്ളികള്‍ നട്ടുമുളപ്പിക്കാം.
ഇന്നു ലോകം തിരസ്‌കൃതരുടെ, അഭയാര്‍ഥികളുടെ മുസ്്ദലിഫയായിരിക്കുന്നു. ഒരു രാവെങ്കിലും അവിടെ കൂട്ടുകിടക്കുമ്പോള്‍ ഹാജി മര്‍ദിതരുടെ പക്ഷത്താണ്.
ആ പള്ളിമിനാരങ്ങള്‍ക്കു ചുറ്റും പാറിപ്പറക്കുന്ന വെള്ളിപ്പിറാവുകളെ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ? അന്ന് സൗറില്‍ അടയിരുന്ന മാടപ്രാവിന്റെ ഇളം തലമുറയാണോ അവ? അതോ, അബാബീലിന്റെ പിന്‍ഗാമികളോ? ഗോതമ്പു മണികള്‍ കൊത്തിവിഴുങ്ങുന്ന ആ പ്രാവുകള്‍ വിശുദ്ധഭൂമിയിലെ നിര്‍ഭയത്വവും സ്വാതന്ത്ര്യവും ആവോളം ആഘോഷിക്കുന്നുണ്ട്.
മഗ്‌രിബ് ബാങ്ക് കാത്തു കഅ്ബയുടെ തണലിലിരിക്കുമ്പോള്‍ ഗൃഹാതുരത്വത്തിന്റെ കുളിര്‍തെന്നല്‍ ഹാജിയെ തഴുകി തലോടും. ചിലപ്പോളത് കൊടുങ്കാറ്റിന്റെ ഉച്ചസ്ഥായിയിലെത്തും. ആ തണലിലിരിക്കെയാണ് ഓടിക്കിതച്ചുവന്ന ഖബ്ബാബ് എന്ന മര്‍ദിതന്‍ മുത്തുനബിയോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടത്. ‘സമയമായില്ല ഒരുനാള്‍ വരും’ എന്നു നേതാവ് അനുയായിക്കു പ്രതീക്ഷ നല്‍കിയതും അവിടെ വച്ചാണ്.
യാസിറും സുമയ്യയും സ്വര്‍ഗത്തണലില്‍ ചേക്കേറിയതും മക്കം ഫത്ഹില്‍ തിരുതോളില്‍ ചവിട്ടി ബിലാല്‍ ബാങ്കു വിളിക്കാന്‍ കയറിപ്പോയതും അതേ തണല്‍ വഴിയാണ്.

ത്യാഗത്തിന്റെ പൈതൃകങ്ങള്‍ ഒന്നും മാഞ്ഞുപോയിട്ടില്ല. ഇന്നും അവിടത്തെ ഈത്തപ്പഴത്തിലും നോമ്പുതുറ നേരത്തു കിട്ടുന്ന കാവയിലും ത്യാഗത്തിന്റെ മധുരവും ചവര്‍പ്പുമുണ്ട്. അത് വീണ്ടെടുക്കാന്‍ ഹാജി കരുത്തു നേടുന്നുവോ എന്നാണു ഹജ്ജ് ഹാജിയോട് ചോദിച്ചുകൊണ്ടിരിക്കുന്നത്.
ഹജ്ജ് ഉമ്മത്തിനെ നിരന്തരം ചലിപ്പിച്ചുകൊണ്ടേയിരിക്കും. എവിടെയും കെട്ടിനില്‍ക്കാന്‍ അനുവദിക്കാതെ ഹജ്ജ് ഒരു നെരിപ്പോടാണ്. അത് ആലസ്യത്തിന്റെ ക്ലാവുപുരണ്ട മനസ്സുകളെ ഊതിക്കാച്ചി തിളക്കമുള്ളതാക്കും. വൈകുന്നേരങ്ങളില്‍ കഅ്ബയുടെ ചുറ്റുവട്ടങ്ങളില്‍ പരസ്പരം ഊദിന്റെ അത്തര്‍ പുരട്ടിക്കൊടുക്കുന്ന തീര്‍ത്ഥാടകര്‍ വീണ്ടും വീണ്ടും ആശംസിച്ചു കൊണ്ടേയിരിക്കുന്നു.
‘ഹജ്ജുന്‍ മബ്‌റൂര്‍
സഅ്‌യുന്‍ മശ്കൂര്‍’

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss