|    Jul 20 Fri, 2018 10:31 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പെയിന്റിങ് തൊഴിലാളി മരിച്ചത് പോലിസിന്റെ മര്‍ദനമേറ്റെന്ന്

Published : 29th September 2017 | Posted By: fsq

 

കൊച്ചി: പെയിന്റിങ് തൊഴിലാളി എളമക്കര കലൂര്‍ പൊറ്റക്കുഴി സ്വദേശി ജോണ്‍സന്റെ മരണം ക്രൂരമായ പോലിസ് മര്‍ദനമുറയെ തുടര്‍ന്നാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. മരണത്തിന് ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആക്ഷന്‍ കൗണ്‍സി ല്‍ ഭാരവാഹികളും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു. കഴിഞ്ഞ 18ന് രാത്രി 9.30നാണ് കലൂര്‍ പൊറ്റക്കുഴി സെമിത്തേരിപ്പറമ്പില്‍ പൈനാടത്ത് വീട്ടില്‍ ജോണ്‍സണെ(46) വീട്ടില്‍ മദ്യപിച്ച് വഴക്കുണ്ടാക്കിയതിനെത്തുടര്‍ന്ന് എളമക്കര പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ജോണ്‍സന്റെ മാതാവ് അമ്മിണി അറിയിച്ചതിനെ തുടര്‍ന്നാണ് പോലിസെത്തിയത്. ഇതിനു മുമ്പും സമാന സംഭവം ഉണ്ടായിട്ടുണ്ടെന്നും സ്‌റ്റേഷനി ല്‍ എത്തിച്ച് കുറച്ചുനേരം കഴിഞ്ഞ് വീട്ടിലേക്കു പറഞ്ഞയക്കുകയുമായിരുന്നു ചെയ്തിരുന്നത്. അതിനാലാണ് പോലിസിനെ വിവരം അറിയിച്ചതെന്ന് ജോണ്‍സന്റെ അമ്മ പറഞ്ഞു. എന്നാല്‍, സ്‌റ്റേഷനില്‍ എത്തിച്ച ജോണ്‍സനെ പോലിസുകാര്‍ ക്രൂരമായി മര്‍ദിക്കുകയും ഇരുകൈകളും പിന്നില്‍ കെട്ടിയശേഷം തല ഭിത്തിയില്‍ പലപ്രാവശ്യം ഇടിപ്പിക്കുകയും ചെയ്തുവെന്നും അമ്മ അമ്മിണി ആരോപിച്ചു. 20ന് ബോധക്ഷയം ഉണ്ടായതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് എക്‌സ്‌റേ നടത്തിയപ്പോള്‍ തലയുടെ പിന്‍ഭാഗത്ത് മുറിവുകള്‍ ഉണ്ടെന്നും തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സാമ്പത്തിക പരാധീനതമൂലം അതിനു കഴിഞ്ഞില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. പിന്നീടാണ് ലിസി ഹോസ്പിറ്റലില്‍ ജോണ്‍സനെ പ്രവേശിപ്പിച്ചത്. അവിടെ എത്തിച്ച ഉടനെ ഇയാളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 24ന് ജോണ്‍സണ്‍ മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ പോലിസ് സ്‌റ്റേഷനു മുമ്പില്‍ പ്രതിഷേധ കൂട്ടായ്മ നടത്തുമെന്നും ചെയര്‍മാന്‍ പി ജെ തോമസ്, ആര്‍ രമേശ്, വി ആര്‍ സുധീര്‍ എന്നിവരും ജോ ണ്‍സന്റെ മക്കളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss