|    Oct 18 Thu, 2018 2:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പെയിന്റടി വിവാദം : ഡിജിപിക്ക് എതിരായ പരാതി തള്ളി

Published : 29th September 2017 | Posted By: fsq

 

തിരുവനന്തപുരം: പെയിന്റടി വിവാദത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരായി വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളി. സംസ്ഥാനത്തെ എല്ലാ പോലിസ് സ്‌റ്റേഷനുകളിലും ഡ്യൂലക്‌സ് കമ്പനിയുടെ പെയിന്റടിക്കണമെന്ന ഉത്തരവിനെതിരെയായിരുന്നു ഹരജി. വിഷയത്തില്‍ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് വിജിലന്‍സ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് സ്‌റ്റേഷനുകളില്‍ അടിക്കാന്‍ ബെഹ്‌റ നിര്‍ദേശിച്ചിട്ടില്ല. 2015 ല്‍ ഗുജറാത്തില്‍ നടന്ന കേന്ദ്ര പോലിസ് മേധാവികളുടെ സമ്മേളനത്തില്‍ നിര്‍ദേശിച്ച പ്രകാരം ഏകീകൃത നിറം നല്‍കാ ന്‍ ആ നിറത്തിന്റെ കളര്‍ കോഡ് മാത്രമാണ് സര്‍ക്കുലറില്‍ നല്‍കിയിരുന്നതെന്നും ഇടക്കാല റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപോര്‍ട്ട് പരിഗണിച്ചാണ് ഹരജി തള്ളുന്നതെന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി അജിത് കുമാര്‍ ഉത്തരവിട്ടു. ഡിജിപി ബെഹ്‌റ സംസ്ഥാന പോലിസ് മേധാവി സ്ഥാനം ഒഴിയുന്നതിന് രണ്ടുദിവസം മുമ്പാണ് കേരളത്തിലെ 500ല്‍ പരം പോലിസ് സ്‌റ്റേഷനുകളില്‍ ഡ്യൂലക്‌സ് കമ്പനിയുടെ കാപ്പിപ്പൊടി നിറം അടിക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കിയത്. ഇതുകാരണം 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു സ്വകാര്യ ഹരജിയിലെ ആരോപണം. കോടതിയില്‍ കേസ് എത്തിയപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ബെഹ്‌റയെത്തിയിരുന്നു. പരാതിയില്‍ അന്വേഷണം നടത്തേണ്ടെന്ന നിലപാട് കോടതിയെ വിജിലന്‍സ് അറിയിക്കുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss