|    Mar 27 Mon, 2017 4:23 pm
FLASH NEWS

പെപ്‌സിയിലും കോലയിലും മാരക വിഷം

Published : 7th October 2016 | Posted By: SMR

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ശീതളപാനീയ കുത്തകകളായ പെപ്‌സികോയുടെയും കൊക്കകോലയുടെയും ഇന്ത്യയിലെ ഉല്‍പന്നങ്ങളില്‍ മാരക വിഷാംശമുള്ളതായി സര്‍ക്കാരിന്റെ പരിശോധനാ ഫലം. സ്‌പ്രൈറ്റ്, പെപ്‌സി, കൊക്കകോല, മൗണ്ടന്‍ ഡ്യൂ, സെവനപ് തുടങ്ങിയ ശീതളപാനീയങ്ങളിലാണ് വിഷാംശം.
ശരീരത്തിനു ഹാനികരമായ അഞ്ചു തരത്തിലുള്ള ലോഹങ്ങള്‍/ വിഷാംശങ്ങള്‍ ഇതിലുള്ളതായാണ് കണ്ടെത്തല്‍. ഈയം, ക്രോമിയം, കാഡ്മിയം, ഡിഇഎച്ച്പി, ഫത്താലേറ്റ് എന്നിവയാണ് കണ്ടെത്തിയത്. ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഉന്നത വിഭാഗമായ ഡ്രഗ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡാണ് പരിശോധന നടത്തിയത്. മൗണ്ടന്‍ ഡ്യൂവും സെവനപ്പും പെപ്‌സികോയുടെയും സ്‌പ്രൈറ്റ് കൊക്കകോലയുടെയും ഉല്‍പന്നങ്ങളാണ്. കഴിഞ്ഞ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായിരുന്നു പരിശോധന.
വിഷാംശത്തിന്റെ അളവ് ചൂടുള്ള കാലാവസ്ഥയില്‍ കൂടുന്നതായും കണ്ടെത്തി. ഡ്രഗ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം കൊല്‍ക്കത്തയിലുള്ള ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈജീന്‍ ആന്റ് പബ്ലിക് ഹെല്‍ത്തിലാണ് പരിശോധന നടത്തിയത്. പരിശോധനാ ഫലം അഡൈ്വസറി ബോര്‍ഡ് ഡയറക്ടര്‍ ജനറല്‍ ജഗദീഷ് പ്രസാദിനു കൈമാറി. ഓരോ ബ്രാന്‍ഡ് ശീതളപാനീയത്തിന്റെയും നാലു ബോട്ടിലുകള്‍ വീതം എടുത്തായിരുന്നു പരിശോധന. ശീതളപാനീയങ്ങളില്‍ ലോഹങ്ങള്‍ക്ക് അനുവദനീയമായ അളവില്ല. ലിറ്ററില്‍ 0.029, 0.011, 0.0026, 0.009 എന്നിങ്ങനെ ലോഹങ്ങളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഇത് കുപ്പിയില്‍ അടയ്ക്കുമ്പോള്‍ ഇതിന്റെ തോത് ഉയരും.
ഈയം, കാഡ്മിയം എന്നീ ലോഹങ്ങളെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന 10 രാസവസ്തുക്കളിലാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈയത്തിന്റെ അംശം ശരീരത്തില്‍ പ്രവേശിക്കുന്നത് കുട്ടികളെയാണ് വേഗത്തില്‍ ബാധിക്കുക. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈയത്തിന്റെ കെടുതിയില്‍ നിന്ന് രക്ഷപ്പെട്ടാലും അത് മനോരോഗങ്ങള്‍ ഉണ്ടാക്കുമെന്നു ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. കാഡ്മിയം പ്രധാനമായും വൃക്കകളെയാണ് ബാധിക്കുക. കൂടാതെ നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും കാഡ്മിയം ഉണ്ടാക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day