|    Mar 26 Sun, 2017 3:23 am
FLASH NEWS

പെപ്‌സികോയുമായി ഐഎംഎയുടെ കൂട്ടുകച്ചവടം; യുവ ഡോക്ടറുടെ പോരാട്ടം വിജയം കണ്ടു

Published : 11th March 2016 | Posted By: SMR

Pepsico-2

KNR_gl_doctor_babu_payyannu

ഡോ. കെ വി ബാബു

കണ്ണൂര്‍: ബഹുരാഷ്ട്ര കുത്തകകള്‍ക്കു വേണ്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ അധാര്‍മിക ഇടപെടലിനെതിരേ യുവ ഡോക്ടറുടെ പോരാട്ടത്തിനു വിജയസമാപ്തി. പയ്യന്നൂര്‍ ബസ് സ്റ്റാന്റിനു സമീപം ക്ലിനിക്ക് നടത്തുന്ന നേത്രരോഗ വിദഗ്ധന്‍ ഡോ. കെ വി ബാബു കഴിഞ്ഞ എട്ടു വര്‍ഷമായി നടത്തിയ നിയമപോരാട്ടമാണ് ഒടുവില്‍ വിജയത്തിലെത്തിയിരിക്കുന്നത്. കുത്തക കമ്പനിയായ പെപ്‌സികോയുടെ ട്രോപ്പിക്കാന ജ്യൂസ്, ക്വാക്കര്‍ ഓട്‌സ് എന്നിവ ശുപാര്‍ശ ചെയ്യാന്‍ വേണ്ടി ഐഎംഎ 2.25 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടതിനെതിരേയാണ് ഡോ. കെ വി ബാബു നിയമനടപടിയുമായി മുന്നോട്ടുപോയത്.
കരാര്‍ ആരോഗ്യരംഗത്തെ ധാര്‍മികതയ്ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി 2008ല്‍ ഇദ്ദേഹം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ)ക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും പരാതി നല്‍കുകയായിരുന്നു. എന്നാല്‍, പിന്നീടങ്ങോട്ട് നിരന്തര വേട്ടയാടലുകള്‍ക്കു വിധേയനായെങ്കിലും അദ്ദേഹം പിന്‍മാറിയില്ല. ഒടുവില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഗോപാല്‍സിങ് യാദവ് അധ്യക്ഷനായ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് യുവ ഡോക്ടറുടെ വാദങ്ങള്‍ ന്യായമാണെന്നു കണ്ടെത്തി അടിയന്തര നടപടിക്കു നിര്‍ദേശം നല്‍കിയത്. ഇതിന് പുറമെ, ഐഎംഎയെയും എംസിഐയെയും സമിതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സാമൂഹിക പ്രതിബദ്ധതയ്ക്കും പൊതു താല്‍പര്യത്തിനുമുപരി വാണിജ്യ താല്‍പര്യങ്ങളാണ് ഐഎംഎയെയും എംസിഐയെയും നയിക്കുന്നതെന്നും ഡോ. ടി എന്‍ സീമ ഉള്‍പ്പെട്ട സമിതി കുറ്റപ്പെടുത്തി. പെപ്‌സിക്കോയ്ക്കു വേണ്ടിയുള്ള ഇടപെടലില്‍ പ്രതിഷേധിച്ചു നിയമപോരാട്ടത്തിനിറങ്ങിയ ഡോ. ബാബുവിനെതിരേ കേരള, ദേശീയ ഐഎംഎകള്‍ രംഗത്തെത്തിയിരുന്നു. ഡോ. ബാബുവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയപ്പോള്‍ ഇതിനെതിരേ 2010ല്‍ എംസിഐക്കു പരാതി നല്‍കി. ഐഎംഎ ഭാരവാഹികള്‍ക്കെതിരായ പരാതി ആദ്യം പരിഗണിച്ച എംസിഐ പിന്നീട് മലക്കംമറിഞ്ഞു.
ഡോ. കെ വി ബാബുവും ഭാര്യ ബിന്ദുവും നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഇതേത്തുടര്‍ന്ന് ഇവര്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയെ സമീപിച്ചു. എംസിഐയുടെ നടപടിയെ സമിതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതോടെ ഡോ. ബാബുവിനെതിരായ നടപടികള്‍ തിരുത്തുകയായിരുന്നു. ഇതിനിടെ വിഷയം ലോക്‌സഭയിലും രാജ്യസഭയിലും ഉന്നയിക്കപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ലോകമെമ്പാടുമായി 200ലേറെ രാഷ്ടങ്ങളിലാണ് പെപ്‌സിക്കോ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നത്.

 

ALSO READ

bRUNGRAJ

(Visited 388 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക