|    Jan 20 Fri, 2017 7:13 am
FLASH NEWS

പെന്‍ഷന്‍ തുക പൂര്‍ണമായും നല്‍കണമെന്ന് കെഎസ്ആര്‍ടിസി

Published : 21st June 2016 | Posted By: SMR

പി പി ഷിയാസ്

തിരുവനന്തപുരം: വായ്പാ കുടിശ്ശികയുടെ തീരാക്കനം മൂലം തലയുയര്‍ത്താനാവാത്ത നിലയില്‍ ഉരുളുന്ന കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിനുള്ള മുഴുവന്‍ തുകയും നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കി. പ്രതിമാസം ആവശ്യമായ 52.5 കോടി രൂപയും സര്‍ക്കാര്‍ തന്നെ വഹിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.
പെന്‍ഷന്‍ വിതരണത്തിന് ഓരോ മാസവും കെഎസ്ആര്‍ടിസി വിവിധ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുക്കുകയാണ് പതിവ്. പ്രതിമാസം ഈ വായ്പാ കുടിശ്ശിക കൂടിവരുന്ന സാഹചര്യത്തില്‍ ഇത് കെഎസ്ആര്‍ടിസിയെ സാമ്പത്തിക പ്രതിസന്ധിയുടെ പടുകുഴിയിലാക്കുമെന്നതാണ് കത്തിന് ആധാരം. ഒരു വര്‍ഷത്തിലേറെയായി പെന്‍ഷന്‍ വിതരണത്തിന് പ്രതിമാസം 20 കോടി രൂപ വീതം സര്‍ക്കാര്‍ വിഹിതം കോര്‍പറേഷന് ലഭിക്കുന്നുണ്ട്. മുമ്പ് ആകെ 40 കോടിയായിരുന്ന ഒരുമാസത്തെ പെന്‍ഷന്‍ തുക ടിഎ വര്‍ധിപ്പിച്ചപ്പോള്‍ 52.5 കോടി ആയി. ഇതോടെ ബാക്കിവരുന്ന 32.5 കോടി കോര്‍പറേഷന്‍ തന്നെ കണ്ടെത്തേണ്ടതായിവന്നു. എന്നാല്‍, വര്‍ധിച്ച 12.5 കോടിക്ക് ആനുപാതത്തിലുള്ള സഹായവര്‍ധന സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ല. ഇതോടെ കെഎസ്ആര്‍ടിസിയുടെ ബാധ്യത വര്‍ധിച്ചു.
40,000 പേര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കെടിഡിഎഫ്‌സി, എറണാകുളം, പാലക്കാട് ജില്ലാ സഹകരണ ബാങ്കുകള്‍, പവര്‍ ഫൈനാന്‍സ് കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് കോര്‍പറേഷന്‍ വായ്പയെടുക്കുന്നത്. ഇതിനിടെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലൂടെ കെടിഡിഎഫ്‌സിയുടെ ഒരു ഭാഗം കടം വീട്ടിയിരുന്നു. എങ്കിലും നിലവില്‍ ഇവയിലെല്ലാംകൂടി ഏകദേശം 2,000 കോടിയിലേറെ രൂപയാണ് കുടിശ്ശികയുള്ളത്. പ്രതിദിന വരുമാനത്തില്‍ നിന്ന് ഒരുവിഹിതം ഓരോ ദിവസവും തവണകളായി തിരിച്ചടയ്ക്കുന്നുണ്ടെങ്കിലും വീണ്ടും വായ്പയെടുക്കുന്നതോടെ സ്ഥിതി പിന്നെയും ഗുരുതരമാവുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് ഇനിയും ബാധ്യത വഹിക്കാനാവില്ലെന്ന ഉറച്ച നിലപാടെടുക്കാന്‍ കെഎസ്ആര്‍ടിസിയെ പ്രേരിപ്പിച്ചത്.
ദിവസ വരുമാനത്തിലെ കുറവാണ് മറ്റൊരു തിരിച്ചടി. നിലവില്‍ 5.5 കോടിയാണ് ദിവസവരുമാനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2015 ഏപ്രിലില്‍ പ്രതിദിന വരുമാനം 7 കോടിയാക്കാനുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും എല്ലാ യൂനിറ്റിനും ടാര്‍ജറ്റ് നിശ്ചയിച്ച് നല്‍കുകയും ചെയ്‌തെങ്കിലും ഇത് വെറും സ്വപ്‌നമായി അവശേഷിക്കുകയായിരുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഈ ലക്ഷ്യം 7.5 കോടിയായി പുനര്‍നിശ്ചയിച്ചു. എന്നാല്‍, അതും ഫലംകാണുന്നില്ല.
അതേസമയം, കത്തിന് സര്‍ക്കാര്‍ അനുകൂല മറുപടി നല്‍കിയിട്ടില്ലെന്ന് കെഎസ്ആര്‍ടിസി ജനറല്‍ മാനേജര്‍ ആര്‍ സുധാകരന്‍ പറഞ്ഞു. എന്നാല്‍, ഇതൊരു നിരന്തര ആവശ്യമാണെന്നും എല്ലാവര്‍ഷവും ബജറ്റിനു മുമ്പ് അതതു സര്‍ക്കാരിന് കെഎസ്ആര്‍ടിസി ഇത്തരത്തില്‍ കത്ത് അയക്കാറുണ്ടെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. തല്‍ക്കാലം തീരുമാനം പുനപ്പരിശോധിക്കില്ല. പെന്‍ഷ ന്‍ കൊടുക്കാനുള്ള സഹായങ്ങള്‍ സര്‍ക്കാര്‍ ഓരോ മാസവും ചെയ്യുന്നുണ്ടെന്നും അത് മുടങ്ങില്ലെന്നും മന്ത്രി പറഞ്ഞു. 6,703 ബസ്സുകളാണ് കോര്‍പറേഷനുള്ളത്. ഇതില്‍ 5,274 ബസ്സുകളാണ് ഇന്നലെ നിരത്തിലിറങ്ങിയത്. 1,429 ബസ്സുകള്‍ വിവിധ കാരണങ്ങളാല്‍ കട്ടപ്പുറത്താണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക