|    Dec 19 Wed, 2018 5:26 am
FLASH NEWS

പെന്‍ഷന്‍ തടഞ്ഞുവെച്ചിരിക്കുന്നതായി വ്യാപക പരാതി

Published : 5th September 2018 | Posted By: kasim kzm

പെരുമ്പാവൂര്‍: വര്‍ഷങ്ങളായി മുടക്കം കൂടാതെ ലഭിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തടഞ്ഞുവച്ചിരിക്കുന്നതായി വ്യാപക പരാതി. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പഞ്ചായത്തുകള്‍ വഴി വിതരണം ചെയ്യുന്ന വിധവ, വികലാംഗ, വാര്‍ധക്യകാല, കര്‍ഷക തൊഴിലാളി, അഗതി പെന്‍ഷനുകളിലാണ് തെറ്റായ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായ ഒട്ടേറെ പേരുടെ പെന്‍ഷനുകള്‍ തടഞ്ഞ് വച്ചിരിക്കുന്നത്. പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കു ആയിരം സിസിയില്‍ കൂടുതലുള്ള വാഹനങ്ങള്‍ സ്വന്തമായി ഉണ്ടെങ്കില്‍ അവരെ പെന്‍ഷനില്‍ നിന്ന് ഒഴിവാക്കും എന്ന ധനകാര്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പെന്‍ഷന്‍ വാങ്ങുന്നവരുടെ വാഹനങ്ങളെ സംബന്ധിച്ച് വിവരശേഖരണം ഉദ്യോഗസ്ഥര്‍ നടത്തിയത്. വീടുകളില്‍ ചെന്ന് പെന്‍ഷന്‍കാരില്‍ നിന്ന് നേരിട്ട് വാഹനങ്ങളെ സംബന്ധിച്ച് വിവരശേഖരണം നടത്തുന്നതിന് പകരം ആര്‍ടിഒ ഓഫിസുകളില്‍ നിന്ന് നെറ്റ് വഴി വിവരങ്ങള്‍ ശേഖരിച്ച് പെന്‍ഷന്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഇന്നുവരെയും ഇരുചക്രവാഹനങ്ങള്‍ പോലും സ്വന്തമായി ഇല്ലാത്തവരുടെ പേരില്‍ പോലും നാലുചക്ര വാഹനങ്ങള്‍ ഉണ്ടെന്ന തെറ്റായ വിവരങ്ങള്‍ സൈറ്റില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് നിരവധിപേര്‍ക്ക് പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യമുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ നിരവധി പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഈ ദുര്‍ഗതി ഉണ്ടായിരിക്കുന്നത്. ഓണക്കാലത്ത് പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും പഞ്ചായത്തുകളില്‍ പോയി അന്വേഷിച്ചപ്പോള്‍ വാഹന സംബന്ധമായ കാരണത്താല്‍ പെന്‍ഷന്‍ നിഷേധിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കി. ഇതിനെ തുടര്‍ന്ന് പെന്‍ഷന്‍ സൈറ്റില്‍ രേഖപ്പെടുത്തിയ വാഹന നമ്പറുകള്‍ പരിശോധിച്ചപ്പോള്‍ മറ്റ് പലരുടെയും പേരിലുള്ള വാഹനം തങ്ങളുടെ പേരിലാണ് എന്നാണ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇങ്ങനെ സംഭവിച്ചത് മറ്റാരുടെയും ആശ്രയമില്ലാതെ കഴിയുന്ന ആയിരക്കണക്കിനാളുകള്‍ക്ക് കനത്ത നിരാശയുണ്ടാക്കിയിരിക്കുകയാണ്. പെന്‍ഷന്‍ തടഞ്ഞുവെച്ചിരിക്കുന്ന അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ പുനസ്ഥാപിക്കുന്നതിന് വേണ്ടി നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ യാതൊരുവിധ മാര്‍ഗ നിര്‍ദേശങ്ങളും നല്‍കാത്തത് ആയിരക്കണക്കിന് പെന്‍ഷന്‍കാരോടുള്ള നീതി നിഷേധമാണ്. തങ്ങളുടെ പേരില്‍ രേഖപ്പെടുത്തിയിരിക്കുന്ന വാഹനം മറ്റു വ്യക്തികളുടെ പേരിലുള്ള വാഹനമാണെന്ന് തെളിയിക്കുന്ന രേഖകളുമായി പെന്‍ഷന്‍ നിഷേധിക്കപ്പെട്ടവര്‍ വിവിധ പഞ്ചായത്തുകളില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തിരക്കില്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കോ മറ്റ് ഉദ്യോഗസ്ഥര്‍ക്കോ ഈ പരാതികള്‍ പരിശോധിക്കാനും പെന്‍ഷന്‍ പുന സ്ഥാപിക്കാനോ കഴിയാത്തത് മൂലം തടഞ്ഞുവച്ച പെന്‍ഷന്‍ ഇനി ലഭിക്കുമോ എന്നുള്ള ആശങ്കയിലാണ് പെന്‍ഷന്‍കാര്‍.ഇതിന് പുറമെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകള്‍ അറുപത് വയസ്സ് വരെ പണം അടച്ച് അര്‍ഹത നേടിയ കെട്ടിട നിര്‍മാണ ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അറുനൂറ് രൂപയായി കുറച്ചത് വളരെയധികം പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ആയിരത്തിയൊരുന്നൂറ് രൂപ പ്രതിമാസം ലഭിക്കുമ്പോള്‍ തങ്ങള്‍ക്ക് അറുനൂറാക്കി ചുരുക്കിയത് തെറ്റായ സമീപനമാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അശാസ്ത്രീയമായ മാനദണ്ഡങ്ങളിലൂടെ സാധാരണക്കാരുടെ ഏറ്റവും വലിയ ആശ്രയമായ സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ അട്ടിമറിക്കുന്നതിനും അര്‍ഹരായ ആളുകളെ പെന്‍ഷന്‍ സ്‌കീമില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള സര്‍ക്കാരിന്റെ നിലപാട് തിരുത്തണമെന്നും തെറ്റായ വിവരശേഖരണത്തിലൂടെ അര്‍ഹരായവരുടെ പെന്‍ഷന്‍ നിഷേധിച്ച നടപടി പുനപരിശോധിച്ച് എത്രയും വേഗം പെന്‍ഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡിസിസി വൈസ് പ്രസിഡന്റുമായ മനോജ് മൂത്തേടന്‍ ധനകാര്യ മന്ത്രിക്കും തദ്ദേശവകുപ്പ് മന്ത്രിക്കു നിവേദനം അയച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss