|    Oct 18 Wed, 2017 1:06 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പെത്‌ലാവാദ് വര്‍ഗീയ കലാപം: ആര്‍എസ്എസുകാര്‍ക്കെതിരേ കേസെടുക്കാനാവില്ലെന്ന് പോലിസ്

Published : 9th November 2016 | Posted By: SMR

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ പെത്‌ലാവാദില്‍ കഴിഞ്ഞ മാസമുണ്ടായ വര്‍ഗീയ കലാപം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുന്നതിന് ആര്‍എസ്എസ് ആസൂത്രണം ചെയ്തതാണെന്ന് പോലിസിന്റെ അന്വേഷണ റിപോര്‍ട്ട്. എന്നാല്‍, അക്രമികളുടെ ആര്‍എസ്എസ് പശ്ചാത്തലവും ‘സ ര്‍ക്കാരിന്റെ നയവും’ കാരണം പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും റിപോര്‍ട്ട് പറയുന്നു. ഇത്തരം സംഭവങ്ങളില്‍ പ്രതികള്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കേണ്ടതാണെങ്കിലും ആര്‍എസ്എസ് പ്രവര്‍ത്തകരായതിനാലാണ് രണ്ടുപേര്‍ക്കുമെതിരേ നടപടിയെടുക്കാതിരുന്നതെന്നും പോലിസ് സൂചിപ്പിച്ചു.
ആര്‍എസ്എസ് പദ്ധതി കണ്ടറിഞ്ഞ പോലിസ്, കലാപം ആളിക്കത്താന്‍ അനുവദിക്കാതെ അവരുടെ നീക്കത്തെ പരാജയപ്പെടുത്തിയെന്നും പെത്‌ലാവാദ് പോലിസ് തയ്യാറാക്കിയ നാല് പേജുള്ള അന്വേഷണ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹക് ആകാശ് ചൗഹാനും അച്ഛന്‍ മുകുത് ചൗഹാനും ചേര്‍ന്നാണ് വര്‍ഗീയ കലാപം ആസൂത്രണം ചെയ്തത്.
കലാപം ഒഴിവാക്കാന്‍ പോലിസ് എടുത്ത നടപടികള്‍ക്ക് 95 ശതമാനം പ്രദേശവാസികളും പിന്തുണ നല്‍കിയെന്നും സബ് ഡിവിഷനല്‍ പോലിസ് ഓഫിസര്‍ രാകേഷ് വ്യാസ് ജില്ലാ പോലിസ് മേധാവി സഞ്ജയ് തിവാരിക്കു സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. പെത്‌ലാവാദില്‍ കഴിഞ്ഞ മാസം 12 മുതല്‍ 14 വരെയാണ് വര്‍ഗീയാസ്വാസ്ഥ്യമുണ്ടായത്. ഒക്ടോബര്‍ 12ന് മുഹര്‍റത്തിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ നടക്കുന്നതിനിടെ സംഘര്‍ഷാവസ്ഥ മുന്നില്‍ക്കണ്ട് ആര്‍എസ്എസ് നേതാവ് മുകുത് ചൗഹാനെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 24നു നബിദിന പരിപാടികളോടനുബന്ധിച്ചു നടന്ന റാലിക്കിടയില്‍ ആര്‍എസ്എസ് കലാപം അഴിച്ചുവിടാന്‍ ശ്രമം നടത്തിയിരുന്നതിനാലാണ് ചൗഹാനെ പോലിസ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. ഡിസംബറിലും പോലിസിന്റെ ഇടപെടലുകള്‍മൂലം സംഘര്‍ഷം ഒഴിവായിരുന്നു. ചൗഹാനെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് മേഖലയില്‍ ആര്‍എസ്എസ് ബന്ദിന് ആഹ്വാനം ചെയ്തു. അതോടൊപ്പം സബ് ഡിവിഷനല്‍ ഓഫിസര്‍ രാകേഷ് വ്യാസിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തു.
ബന്ദിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രാകേഷ് വ്യാസിന്റെ വാഹനത്തിനു നേരെ ആക്രമണം നടത്തി. ആര്‍എസ്എസിന്റെ സമ്മര്‍ദം കാരണം വ്യാസിനെ പിന്നീട് സ്ഥലംമാറ്റുകയുണ്ടായി. ആയുധം കൊണ്ടുനടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചൗഹാന്‍ പോലിസിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെ അനുമതി നല്‍കിയിട്ടില്ല. മുമ്പും നിരവധി വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ജൗഭ ജില്ലയില്‍പ്പെട്ട സ്ഥലമാണ് പെത്‌ലാവാദ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക