|    Jan 17 Tue, 2017 10:55 pm
FLASH NEWS

പെണ്‍ കരുത്തില്‍ നിര്‍മിച്ചത് 13 കോല്‍ താഴ്ചയുള്ള കിണര്‍

Published : 26th June 2016 | Posted By: SMR

പൊന്നാനി: പെണ്‍ കരുത്തില്‍ നിര്‍മിച്ചത് 13 കോല്‍ താഴ്ചയുള്ള പൊതുകിണര്‍. മാറഞ്ചേരിയിലെ പത്തോളം പെണ്ണുങ്ങള്‍ ചേര്‍ന്നപ്പോള്‍ ഒരു ദ്വീപിന്റെ കുടിവെള്ള ക്ഷാമത്തിനാണ് ശാശ്വത പരിഹാരമാവുകയായിരുന്നു. നിരവധി തവണ ഇക്കാര്യത്തിനായി അധികാരികളോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇതോടെയാണ് സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയര്‍ന്ന പ്രദേശമായ തുറുവാണം ദ്വീപില്‍ ഒരു പൊതുകിണര്‍ നിര്‍മിക്കാന്‍ സ്ത്രീകള്‍ തന്നെ തീരുമാനിച്ചത്. ഭരണകൂടം തോറ്റിടത്ത് 13 കോലിനേക്കാള്‍ ആഴത്തില്‍ കൂറ്റന്‍ പൊതുകിണര്‍ നിര്‍മിച്ച് മാതൃകയായിരിക്കുകയാണ് പത്തോളം സ്ത്രികള്‍.
കോള്‍ പാടങ്ങളുടെ നടുവില്‍ ഉയര്‍ന്നു നില്‍കുന്ന ചെങ്കലും ചെരലും നിറഞ്ഞ പ്രദേശമാണ് തുറുവാണം ദ്വീപ്. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായതിനാല്‍ തന്നെ വേനലായാല്‍ കുടിവെള്ള ക്ഷാമവും രൂക്ഷം. കഴിഞ്ഞ തവണ ഈ കുന്നിന്റെ നാല് ചെവുകളിലുമായി 6 കുളങ്ങള്‍ ഇതേ തൊഴിലാളികള്‍ നിര്‍മ്മിച്ചിരുന്നു. ആ കുളങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ മഴവെള്ളം സ്‌റ്റോര്‍ ചെയ്തപ്പോള്‍ ഇത്തവണ നിലവിലുള്ള കിണറുകളിലും പുതിയ കുളങ്ങളിലും ജലനിരപ്പ് ഒരു പരിധിയിവിട്ട് താഴാതെ നിന്നു.
കാലാകാലങ്ങളായി മറിവരുന്ന ഭരണാധികാരികളോട് പരാതിപ്പെട്ടിട്ടും ശാശ്വത പരിഹാരമാകാത്ത തങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് തങ്ങള്‍ തന്നെ തുനിഞ്ഞിറങ്ങിയാല്‍ പരിഹാരം കാണാനാകുമെന്ന് അതോടെ അവര്‍ തിരിച്ചറിഞ്ഞു. വെള്ളം വറ്റാതെ നിന്ന നാല് കുളങ്ങള്‍ നല്‍കിയ ആത്മ വിശ്വസവും അക്രഡിറ്റ് എന്‍ജിനീയര്‍ ശ്രീജിത്തിന്റെ പ്രോല്‍സാഹനവും കൂടി ആയപ്പോഴാണ് അതേ കോളനിയിലെ 10 പേര്‍ ചേര്‍ന്ന് കിണര്‍ കുത്താന്‍ തീരുമാനിച്ചത്.
പൂര്‍ണമായും ചെങ്കല്‍ പാറ നിറഞ്ഞ കുന്നിന്‍ ചെരിവിലെ അബേദ്ക്കര്‍ എസ്സി കോളനി ശ്മശാനത്തോട് ചേര്‍ന്നുള്ള പഞ്ചായത്തിന്റെ സ്ഥലത്ത് 3. 30 മീറ്റര്‍ വ്യാസവും 20 മീറ്റര്‍ താഴ്ച്ചയിലുമുള്ള കിണറിന്റെ നിര്‍മാണത്തിനാണ് തുടക്കം കുറിച്ചത്. 70,000രൂപ അടങ്കല്‍ തുകയിലാണ് പണി ആരംഭിച്ചത്. 10 തൊഴിലാളികളോടൊപ്പം രണ്ട് വിദഗ്ധ തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തിയാണ് കിണര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
മഴക്ക് മുമ്പ് തന്നെ വെള്ളം കണ്ട് പണി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കാനായ സന്തോഷത്തിലാണ് തൊഴിലാളികള്‍. കഴിഞ്ഞവര്‍ഷം മാത്രം കുത്തിയത് 16 പുതിയ കുളങ്ങള്‍ 19 വാര്‍ഡുകളിലായി ഉപയോഗ ശൂന്യമായ നാല്‍പതോളം കുളങ്ങളെ അവര്‍ പുനരുജ്ജീവിപിച്ചു. ഫലം ഈ വര്‍ഷം പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്നതും ഏറ്റവുമധികം കുടിവെള്ളക്ഷാമം അനുഭവിക്കാറുള്ള പ്രദേശങ്ങളില്‍പോലും കുടിവെള്ള ക്ഷാമമുണ്ടായില്ല.
പുതിയ സാമ്പത്തിക വര്‍ഷം വെറും രണ്ട്മാസം മാത്രം പിന്നിടുമ്പോള്‍ എട്ടോളം പുതിയ കുളങ്ങളുടെ പ്രവര്‍ത്തികള്‍ അന്തിമ ഘട്ടത്തിലാണ്. ..15ഓളം കുളങ്ങളുടെ പുനരുദ്ധാരണവും നടന്നുകൊണ്ടിരിക്കുന്നു. മഴക്കാലത്ത് ഉപയോഗിക്കാന്‍ കഴിയാത്ത വിധം തകര്‍ന്നു കിടന്നിരുന്ന നാല് ഗ്രാമീണ റോഡുകളെ പൂര്‍ണ്ണമായും നവീകരിച്ച് കോണ്‍ഗ്രീറ്റിങ് പ്രവര്‍ത്തികള്‍ വരെ ചെയ്യുന്നതും ഇതേ സ്ത്രീ തൊഴിലാളികള്‍. അതില്‍ ഒന്നിന്റെ പണി പൂര്‍ത്തീകരിച്ച് ഒരു മാസം മുന്‍പാണ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക