|    Jan 18 Wed, 2017 11:44 pm
FLASH NEWS

പെണ്‍ശിവാജി

Published : 18th October 2015 | Posted By: swapna en

ഓര്‍മ/ കെ.എം.  അക്ബര്‍

തമിഴ് സിനിമയുടെ ചിരിക്കുന്ന മുഖമായിരുന്നു മനോരമ. തെന്നിന്ത്യന്‍ സിനിമയില്‍ മനോരമയോളം ആളുകളെ ചിരിപ്പിച്ച മറ്റൊരു നടിയുണ്ടോ എന്നു സംശയം. എന്നാല്‍, പ്രായം മറന്ന് സെറ്റില്‍നിന്നു സെറ്റിലേക്ക് പോയി മറ്റുള്ളവരെ ചിരിപ്പിക്കുമ്പോഴും ദുഃഖങ്ങള്‍ നിറഞ്ഞതായിരുന്നു മനോരമയുടെ സ്വകാര്യജീവിതം. തഞ്ചാവൂരിലെ മണ്ണാര്‍ഗുഡിയില്‍നിന്ന് ചിരി കൊണ്ട് അലങ്കരിച്ച തമിഴ് സിനിമാ മനസ്സിലേക്കുള്ള യാത്രയില്‍ വേദനകളായിരുന്നു ഏറെയും.
തഞ്ചാവൂരിലെ മന്നാര്‍ഗുഡയില്‍     ജനനം. യഥാര്‍ഥ പേര് ഗോപിശാന്തി. കുട്ടിക്കാലത്ത് പട്ടിണിയും ഇല്ലായ്മയുമായിരുന്നു കൂട്ട്. വീട്ടുപണിയെടുത്താണ് അമ്മ മകളെ വളര്‍ത്തിയത്. വീട്ടിലെ പട്ടിണിമൂലം ആറാം ക്ലാസില്‍ പഠിത്തം നിര്‍ത്തേണ്ടിവന്ന പന്ത്രണ്ടുകാരിക്ക് ആകെ കൈമുതലായുണ്ടായിരുന്നത് തെറ്റില്ലാതെ പാടാനുള്ള       കഴിവു മാത്രം. അമ്മയുടെ അനുജത്തിയെ അച്ഛന്‍ രണ്ടാം വിവാഹം ചെയ്തതോടെ ദുരിതമിരട്ടിച്ചു. പട്ടിണി സഹിക്കവയ്യാതെ തഞ്ചാവൂരില്‍നിന്നു നാടകത്തിലഭിനയിക്കാന്‍ പള്ളാത്തൂരിലെത്തിയപ്പോള്‍ തമിഴകത്തിന്റെ ആച്ചിയായിത്തീരുമെന്ന് ആ പന്ത്രണ്ടുകാരി സ്വപ്‌നം കണ്ടുകാണില്ല.
നാടകത്തില്‍ പെണ്‍വേഷം കെട്ടുന്ന പുരുഷന്മാര്‍ക്കു വേണ്ടി പിന്നണി പാടുകയായിരുന്നു പള്ളാത്തൂരിലെത്തിയ ശേഷം ആദ്യം ചെയ്തത്. പിന്നെ പാടിപ്പാടി പ്രശസ്തയായി. അതിനിടയില്‍ മനോരമയിലെ അഭിനയമോഹം നാടകലോകം തിരിച്ചറിഞ്ഞു.
സംഭാഷണങ്ങള്‍ പറയാനുള്ള മിടുക്ക് കണ്ട് എസ്.എസ്. രാജേന്ദ്രനാണ് നാടകത്തിലേക്കുള്ള വഴി തുറന്നുകൊടുത്തത്. പിന്നെ മുഖത്ത് ചായം തേച്ച് അഭിനയിച്ചു തുടങ്ങി.

1500 ചിത്രങ്ങള്‍; 1000 നാടകങ്ങള്‍
രാജേന്ദ്രന്റെ എസ്.എസ്.ആര്‍. നാടക മണ്‍ട്രം കമ്പനിയിലായിരുന്നു തുടക്കം. ഇവരുടെ ‘മണിമകുടം’ എന്ന നാടകത്തിലൂടെയാണ് മനോരമ പേരെടുക്കുന്നത്. പടിപടിയായി പിന്നെ വെള്ളിത്തിരയിലെ താരവുമായി. അക്കാലത്ത് എസ്.എസ്. രാജേന്ദ്രനും ദേവികയും അഭിനയിച്ച ഒരു ചിത്രത്തിലും മനോരമ മുഖം കാണിച്ചു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ആ ചിത്രം പുറത്തിറങ്ങിയില്ല.
സിംഹള ചിത്രത്തിനു വേണ്ടിയാണ് മനോരമ ആദ്യമായി കാമറയ്ക്കു        മുന്നിലെത്തിയത്. 1958ല്‍ കണ്ണദാസനാണ് മനോരമയെ തമിഴ് സിനിമയുടെ ലോകത്തെത്തിക്കുന്നത്. 1963ല്‍  പുറത്തിറങ്ങിയ ‘കൊഞ്ചും കുമാരി’യില്‍ ആദ്യമായി നായികയുമായി. അക്കാലത്തെ മികച്ച താരജോഡികളായിരുന്നു ചോയും മനോരമയും. പിന്നീട് നാഗേഷും തങ്കവേലുവും തെങ്കായി ശ്രീനിവാസനുമെല്ലാം മനോരമയുടെ വിജയ ജോഡികളായി വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നു. പതിനേഴ് മലയാള ചിത്രങ്ങളടക്കം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 1500 ചിത്രങ്ങളില്‍ അഭിനയിച്ച് റെക്കോഡിട്ടു ഈ തമിഴകത്തിന്റെ സുകുമാരി. പുറമെ ആയിരത്തിലേറെ നാടകങ്ങളിലഭിനയിച്ചും ചരിത്രം സൃഷ്ടിച്ചു.
അഞ്ച് തെന്നിന്ത്യന്‍ മുഖ്യമന്ത്രിമാര്‍ക്കൊപ്പം സിനിമയില്‍ അഭിനയിച്ചുവെന്ന നേട്ടം മനോരമയ്ക്കു മാത്രം സ്വന്തമായിരുന്നു. അണ്ണാദുരൈ, എം.ജി.ആര്‍, കരുണാനിധി, ജയലളിത എന്നീ തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്കും ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന എന്‍.ടി. രാമറാവുവിനൊപ്പവുമായിരുന്നു മനോരമ അഭ്രപാളിക്ക് മുന്നിലെത്തിയത്. അപ്പോഴും അധികാരകേന്ദ്രങ്ങളില്‍ സ്വാധീനം ചെലുത്താനൊന്നും ഈ നടി തുനിഞ്ഞില്ല. ഹാസ്യവും സീരിയസും വഴങ്ങുന്ന മനോരമയെ ശിവാജി ഗണേശനു സമാനമായ സ്ഥാനമാണ് തമിഴ് സിനിമാലോകം നല്‍കിയത്.
മികച്ച ഗായികയെന്ന ഖ്യാതിയും മനോരമയ്ക്കു സ്വന്തമായിരുന്നു. ഏതാണ്ട് 300ഓളം തമിഴ്ഗാനങ്ങള്‍ അവര്‍ ആലപിച്ചു. നാടകപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പരിചയപ്പെട്ട എസ്.എം. രാജേന്ദ്രനുമായി 1964ലായിരുന്നു വിവാഹം. 1966ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

2002ല്‍ രാജ്യം അവരെ പത്മശ്രീ നല്‍കി ആദരിച്ചു. കൂടാതെ, നിരവധി അവാര്‍ഡുകളും മനോരമയെ തേടിയെത്തി. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും 1995ലെ ഫിലിം ഫെയര്‍ അവാര്‍ഡും സിനിമാലോകം സ്‌നേഹപൂര്‍വം ആച്ചിയെന്ന് വിളിച്ച മനോരമയ്ക്കു ലഭിച്ചു.

ഹാസ്യാഭിനയത്തില്‍ അക്ഷരാര്‍ഥത്തില്‍ പുതിയൊരു ചരിത്രമെഴുതുകയായിരുന്നു മനോരമ. സ്ത്രീകള്‍ക്ക് ഹാസ്യം പറഞ്ഞിട്ടില്ലാത്ത കാലത്ത് അന്നത്തെ അറിയപ്പെടുന്ന പുരുഷ കൊമേഡിയന്മാരെയെല്ലാം കടത്തിവെട്ടി മനോരമ പുതിയൊരു വിലാസം തന്നെ സൃഷ്ടിച്ചു. എങ്കിലും ഹാസ്യ നടന്മാരുടെ നിഴലില്‍ നിന്ന് വളരെ പെട്ടെന്നു തന്നെ മനോരമ മോചിതയായി. പിന്നെ ലഭിച്ചത് ഒപ്പമുള്ള നടനേക്കാള്‍ പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു.

മനോരമയോട് മല്‍സരിച്ച് അഭിനയിക്കാനായിരുന്നു തങ്കവേലു മുതല്‍ വിവേക് വരേയുള്ള ഹാസ്യതാരങ്ങളുടെയെല്ലാം വിധി. എന്നിട്ടും മനോരമ എപ്പോഴും ഇവരേക്കാള്‍ ഒരു പടി മുന്നിട്ടുനിന്നു. അങ്ങനെയാണ് പഴയ നായകന്‍ ചോ രാമസ്വാമി മനോരമയ്ക്കു പെണ്‍ ശിവാജിയെന്ന പേര് ചാര്‍ത്തിക്കൊടുത്തത്. സിനിമയില്ലെങ്കില്‍ നാടകത്തിലഭിനയിക്കുമെന്നും നാടകമില്ലങ്കില്‍ തെരുവില്‍ പാട്ടു പാടുമെന്നും പ്രഖ്യാപിച്ച കലാകാരി.

സിനിമാവേഷങ്ങളില്‍ നിന്നിറങ്ങി വരുമ്പോഴും തമിഴന് യഥാര്‍ഥ അമ്മയും മുത്തശ്ശിയും പെങ്ങളുമായിരുന്ന മനോരമ മരിക്കും വരെ തമിഴ്‌സിനിമയിലെ എക്കാലത്തേയും വലിയ മങ്കയായിരുന്നു. അങ്ങനെ സ്വന്തം പേരുകൊണ്ട് കാലത്തെ അടയാളപ്പെടുത്തി കടന്നുപോവുകയായിരുന്നു, തെന്നിന്ത്യന്‍ സിനിമയിലെ ഇതിഹാസമായ ഈ ബഹുഭാഷാ നടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 67 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക