|    Oct 18 Thu, 2018 12:08 am
FLASH NEWS

പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവം: തിരുപ്പൂര്‍ പോലിസ് കോഴിക്കോട്ടെത്തി

Published : 21st January 2017 | Posted By: fsq

 

കോഴിക്കോട്: കോഴിക്കോട് നിന്നും രണ്ടാഴ്ച മുമ്പ് കാണാതായ പെണ്‍കുട്ടി തിരുപ്പൂരില്‍ ട്രെയ്‌നില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. കോഴിക്കോട് ജില്ലാ ജയിലിന് സമീപത്തെ വാടകവീട്ടില്‍ താമസിക്കുന്ന പുതിയേടത്ത് കണ്ടിപറമ്പ് ജോഷിയുടെ മകള്‍ ഹന്‍ഷ ഷെറിന്റെ(19) മരണമാണ് ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തില്‍ തീരുമാനമാവാതെനീളുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയിലെടുത്ത ഹന്‍ഷയുടെ കാമുകന്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ മാക്കിനാട്ട് ഹൗസില്‍ അഭിറാം സജേന്ദ്രനെ(21) വിശദമായി ചോദ്യം ചെയ്തു വരികയാണ്.അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ഹന്‍ഷയുടെ പിതാവില്‍ നിന്ന് മൊഴിയെടുക്കാനും തിരുപ്പൂര്‍ നോര്‍ത്ത് പോലിസ് സ്‌റ്റേഷനില്‍ നിന്നുള്ള ഒരു സംഘം ഇന്നലെ കോഴിക്കോട്ടെത്തി. കസബ പോലിസിന്റെ കസ്റ്റഡിയിലുള്ള അഭിരാമിനെ തിരുപ്പൂര്‍ പോലിസ് കസ്റ്റഡിയില്‍ ഏറ്റുവാങ്ങി.   ബൈക്കില്‍  നിന്ന് വീണാണ് തലയ്ക്ക് പരുക്കേറ്റതെന്നാണ് അഭിറാം ഹന്‍ഷയെ ചികില്‍സയില്‍ പ്രവേശിപ്പിച്ച കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് അധികൃതരോട് പറഞ്ഞിരുന്നത്. ട്രെയിനില്‍ നിന്ന് വീണ ഹനിഷയെ തോളില്‍ ചുമന്ന് കൊണ്ടുപോവുന്നതിനിടെ സഹായം അഭ്യര്‍ത്ഥിച്ച തിരുപ്പൂര്‍ കോളജ് റോഡ് റെയില്‍പാളത്തിന് സമീപം കല്ലംപാളയത്തെ വീട്ടുകാരോട് പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ വീണതാണെന്നാണ് അഭിരാം പറഞ്ഞത്. മുഖംകഴുകാന്‍ പോയ ഹന്‍ഷ അബദ്ധത്തില്‍ ട്രെയിനില്‍ നിന്ന് വീണെന്നാണ് അഭിറാം പോലിസിനും നല്‍കിയ മൊഴി. കഞ്ചാവ് ഉപയോഗിക്കുന്ന അഭിറാമിനെതിരേ പൊതുനിരത്തില്‍ ശല്യം ചെയ്തതിനും മറ്റും കേസുകള്‍ നിലവിലുണ്ടെന്നിരിക്കെ ഇയാളുടെ മൊഴി പൂര്‍ണമായും മുഖവിലയ്‌ക്കെടുക്കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ വേണ്ടി യുവാവ് ട്രെയിനില്‍ നിന്നും തള്ളിയിട്ടതാണോയെന്ന അന്വേഷണത്തിലാണിപ്പോള്‍ തിരുപ്പൂര്‍ പോലിസും കസബ പോലിസും.   സംഭവം നടന്നത് തിരുപ്പൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണെങ്കിലും ട്രെയ്‌നില്‍ നിന്നുള്ള മരണമായതിനാല്‍ ആര്‍പിഎഫിനാണ് അന്വേഷണച്ചുമതലയെന്ന നിലപാടിലാണ് തിരുപ്പൂര്‍ പോലിസ്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും കേസ് പിന്നീട് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് കൈമാറുമെന്നാണ് തിരുപ്പൂര്‍ നോര്‍ത്ത് പോലിസ് അറിയിച്ചിരിക്കുന്നത്. അതേസമയം ഹന്‍ഷയെ കാണാതായതിന് കേസ് രജിസ്റ്റര്‍ ചെയ്ത കോഴിക്കോട് കസബ പോലിസ് സംഭവത്തില്‍ സമാന്തര അന്വേഷണം നടത്തി യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്. കസബ എസ് എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പോലിസ് സംഘം തിരിപ്പൂരിലെത്തി വിശദമായ അന്വേഷണം നടത്തിയിരുന്നു. സംഭവത്തിന് ശേഷം മൊബൈല്‍ സ്വിച്ച് ഓഫാക്കി ഒളിവില്‍ പോയ അഭിറാമിനെ ചാത്തമംഗലം പെരിങ്ങളം പെരുവഴിക്കടവ് ക്ഷേത്രപറമ്പില്‍വെച്ച് കസബ പോലിസാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ റസാഖ്, കസബ പ്രിന്‍സിപ്പല്‍ എസ് ഐ എസ് സജീവ് എന്നിവരുടെ നേതൃത്വത്തില്‍ അഭിരാമിനെ വിശദമായി ചോദ്യം ചെയ്തു. ഹന്‍ഷ ഷെറിന്റെ മൃതദേഹം ഇന്നലെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ഹന്‍ഷയെ  ഇക്കഴിഞ്ഞ 18 ന് പുലര്‍ച്ചെ മൂന്നിനാണ് തിരുപ്പൂരിലെ റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പല തവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മകള്‍ തിരിച്ചുവരാതിരുന്നതിനെത്തുടര്‍ന്ന് പിതാവ് കസബ പോലിസില്‍ ഇക്കഴിഞ്ഞ 17 ന് പരാതി നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss