|    Jan 19 Thu, 2017 3:52 am
FLASH NEWS

പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ മാരത്തണ്‍ ഓട്ടക്കാരന്‍ പാറ്റ്ഫാമര്‍ കാസര്‍കോടെത്തുന്നു

Published : 30th January 2016 | Posted By: SMR

കാസര്‍കോട്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ധനസമാഹരണത്തിനായി ഓസ്‌ട്രേലിയന്‍ മാരത്തണ്‍ ഓട്ടക്കാരനും മുന്‍ പാര്‍ലമെന്റംഗവുമായ പാറ്റ് ഫാമറുടെ ഭാരത പര്യടനം തുടങ്ങി. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള സ്പിരിറ്റ് ഓഫ് ഇന്ത്യ റണ്ണിന് കേരളത്തില്‍ ടൂറിസം വകുപ്പാണ് ആതിഥ്യം വഹിക്കുന്നത്.
ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധം മെച്ചപ്പെടുത്തുന്നതിനും വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിനും മാരത്തണ്‍ ലക്ഷ്യമിടുന്നുണ്ട്. പൂവാര്‍, വര്‍ക്കല, ഹരിപ്പാട്, കൊച്ചി, ഗുരുവായൂര്‍, ഫറോഖ്, വടകര, പയ്യന്നൂര്‍, കാസര്‍കോട് എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര 60 ദിവസം കൊണ്ട് 4,600 കിലോമീറ്റര്‍ താണ്ടി ശ്രീനഗറില്‍ സമാപിക്കും. ഒരു പെണ്‍കുട്ടിക്ക് പ്രതിവര്‍ഷ വിദ്യാഭ്യാസ ചെലവ് 2,400 രൂപ എന്ന നിലയില്‍ 48 ലക്ഷത്തോളം രൂപ കണ്ടെത്താനാകുമെന്നാണ് ഫാമറുടെ പ്രതീക്ഷ.
ഫെബ്രുവരി നാലിന് കാസര്‍കോട്ട് ഇന്ത്യ ടൂറിസവും കേരള ടൂറിസവും ചേര്‍ന്ന് ഫാമര്‍ക്ക് ഇന്ത്യ ഈവനിങ് എന്ന പേരില്‍ പ്രത്യേക സ്വീകരണം നല്‍കും. യാത്രയ്ക്കിടെ സാര്‍വത്രിക വിദ്യാഭ്യാസവും ആരോഗ്യവും എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുമായി ഫാമര്‍ സംവദിക്കും. ഓസ്‌ട്രേലിയന്‍ മണ്ണിലെ ദീര്‍ഘദൂര ഓട്ടത്തിന് റെക്കോര്‍ഡ് നേടിയ ഫാമര്‍ സമാധാന സന്ദേശ പ്രചാരണത്തിനായി ലബനന്‍ മുതല്‍ ജെറുസലേമിലൂടെ വിയറ്റ്‌നാം വരെ 20 ദിവസത്തെ യാത്ര നടത്തിയിരുന്നു. 2011ല്‍ 14 രാജ്യങ്ങളിലായി 20,000 കിലോ മീറ്റര്‍ ദൂരം പിന്നിട്ട ധ്രുവാന്തര യാത്രയിലൂടെ പാറ്റ് ഫാമര്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വികസ്വര രാഷ്ട്രങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി റെഡ്‌ക്രോസിന് വേണ്ടി ഒരു കോടി ഡോളര്‍ അദ്ദേഹം സമാഹരിച്ചിട്ടുണ്ട്. ലൈഫ്‌ലൈന്‍, കാന്‍സര്‍ കൗണ്‍സില്‍, ഓസ്‌ട്രേലിയന്‍ റെഡ് ക്രോസ്, ഡയബെറ്റ്‌സ് ഓസ്‌ട്രേലിയ തുടങ്ങിയ സംഘടനകള്‍ക്കായുള്ള ധനശേഖരണത്തിനും ഫാമര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്.
ഓസ്‌ട്രേലിയന്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ചാനലായ ചാനല്‍-9 യാത്രയിലുടനീളം ഫാമറെ പിന്തുടരുന്നുണ്ട്. യാത്രയില്‍ മുന്നൂറോളം സാംസ്‌കാരിക, പൈതൃക കേന്ദ്രങ്ങളും ഈ സംഘം പകര്‍ത്തും. ഫാമറിന്റെ പരിശീലകനും ഫിസിയോതെറാപ്പിസ്റ്റും അടങ്ങുന്ന സംഘവും യാത്രയെ അനുഗമിക്കുന്നുണ്ട്. മാര്‍ച്ച് 30ന് ശ്രീനഗറില്‍ യാത്ര അവസാനിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക