|    Jan 20 Fri, 2017 7:41 pm
FLASH NEWS

പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ പുരുഷ ജീവനക്കാര്‍

Published : 12th July 2016 | Posted By: SMR

തലശ്ശേരി: ജില്ലയിലെ പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലുകളില്‍ പുരുഷ ജീവനക്കാര്‍ തുടരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പിന് രണ്ടു വര്‍ഷം മുമ്പ് നല്‍കിയ പരാതിയിലും ഇതുവരെ യാതൊരു നടപടിയുമെടുത്തില്ലെന്ന് ആക്ഷേപം. 2014 ആഗസ്ത് 11നാണ് സാമൂഹിക പ്രവര്‍ത്തകര്‍ സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് ഡയരക്ടര്‍ക് പരാതി നല്‍കിയത്. എന്നാല്‍ ഗൗരവതരമായ വിഷയമായിട്ടും സര്‍ക്കാരോ അധികൃതരോ യാതൊരു ഇടപെടലും നടത്തിയിട്ടില്ല.
ഇരിട്ടി, വെളിമാനം, കോളയാട്, മയ്യില്‍ എന്നീ സ്ഥലങ്ങളിലായാണ് പെണ്‍കുട്ടികള്‍ക്കുള്ള പ്രീമെട്രിക് ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി തലം വരെ പഠിക്കുന്ന 400ഓളം പെണ്‍കുട്ടികളാണ് ഇവിടുത്തെ അന്തേവാസികള്‍. ഹോസ്റ്റലുകളില്‍ വാര്‍ഡന്‍, വാച്ച്മാന്‍, പാചകക്കാരി, പാര്‍ടൈം സ്വീപര്‍മാര്‍ എന്നീ തസ്തികകളില്‍ വനിതകളെ മാത്രമേ നിയമിക്കാന്‍ പാടുള്ളൂയെന്നാണു വകുപ്പുതല നിര്‍ദേശം.
എന്നാല്‍, ഹോസ്റ്റലുകളില്‍ പുരുഷന്‍മാരെ പ്രത്യേകിച്ച് ചെറുപ്പക്കാരെയാണ് നിയമിച്ചിട്ടുള്ളതെന്നാണ് വിചിത്രമായ മറ്റൊരു കാര്യം. പിഎസ്‌സി ലിസ്റ്റ് നിലവിലുണ്ടായിട്ടും താല്‍കാലിക ജീവനക്കാരെയാണ് നിയമിക്കുന്നത്. ഹോസ്റ്റലിലെ വാര്‍ഡര്‍മാര്‍ അന്തേവാസികള്‍ക്കൊപ്പം കഴിയണമെന്നാണു പട്ടികവര്‍ഗ ഹോസ്റ്റലിലെ വ്യവസ്ഥ. വനിതാ വാര്‍ഡര്‍മാര്‍ ഹോസ്റ്റലില്‍ താമസിക്കാതെ പുരുഷന്‍മാരായ വാച്ച്മാന്‍മാര്‍ കുട്ടികള്‍ക്കൊപ്പം താമസിക്കുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. മഴ കനത്തതോടെ മലയോര മേഖലകളില്‍ വൈദ്യുതി നിലയ്ക്കുന്നത് പതിവാണ്. ഹോസ്റ്റലുകളില്‍ ജനറേറ്റര്‍ വാങ്ങാനുള്ള ഒരുശ്രമം പോലും ഇതുവരെ ഉണ്ടായിട്ടില്ല.
പട്ടികവര്‍ഗ ഹോസ്റ്റലുകളിലെ പരാതി പരിഹരിക്കാന്‍ സ്ഥലം എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള ഉപദേശക സമിതി നിലവിലുണ്ടെങ്കിലും ഇത് ചേരാറില്ല. വല്ലപ്പോഴും ചേരുന്നുണ്ടെങ്കിലും വഴിപാട് മാത്രമായി മാറുകയാണ്. അതിനാല്‍ തന്നെ രക്ഷിതാക്കള്‍ക്ക് പരാതി പറയാനുള്ള വേദിയും നഷ്ടമാവുകയാണ്. വര്‍ഷം ഒരു കോടിയിലേറെ രൂപ ഹോസ്റ്റല്‍ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ടെങ്കിലും മഴ കനത്തിട്ടും ഹോസ്റ്റലിലെ അന്തേവാസികളായ വിദ്യാര്‍ഥിനികള്‍ക്ക് കമ്പിളി
പുതപ്പ് പോലും ഇതുവരെ വിതരണം ചെയ്തിട്ടില്ല. കുട്ടികള്‍ക്കുള്ള ബെഡ്ഷീറ്റ്, തോര്‍ത്ത്, യൂനിഫോം തുടങ്ങി സ്‌റ്റേഷനറി സാമഗ്രികളും വിതരണം ചെയ്തില്ലെന്ന പരാതിയും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് പരാതി രേഖാമൂലം നല്‍കിയിട്ടും യാതൊരുവിധ അന്വേഷണവും നടത്താതെ തഴയുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക