|    Oct 16 Tue, 2018 1:09 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘പെണ്‍കുഞ്ഞുങ്ങളോട് നിങ്ങള്‍ക്ക് അലിവില്ലേ?’

Published : 22nd September 2017 | Posted By: fsq

 

കൊച്ചി: പെണ്‍കുഞ്ഞുങ്ങളോട് നിങ്ങള്‍ക്ക് മനുഷ്യത്വവും അലിവും ഇല്ലേയെന്ന് പ്രശസ്ത എഴുത്തുകാരി ഡോ. ജെ ദേവിക. ഡോ. ഹാദിയയെ വീട്ടുതടങ്കലിലാക്കിയതില്‍ പ്രതിഷേധിച്ച് ഇന്നലെ ഫേസ്്ബുക്കിലാണ് ഇവര്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തിയത്.“”ഹിംസ്ര ജന്തുവിനെ പേടിച്ച് സ്വന്തം വീട്ടില്‍ അഭയം തേടിയ കുട്ടി സ്വന്തം കാവല്‍നായ്ക്കള്‍ വേട്ടപ്പട്ടികളെ പോലെ ഇരച്ചടുക്കുന്നതു കണ്ട് ഞെട്ടുന്നതുപോലെ ഞാന്‍ ഞെടുങ്ങുന്നു. കാരണം നിങ്ങളുടെ വിവേക ശൂന്യതയും കാരുണ്യം തൊട്ടുതീണ്ടാത്ത മനസ്സും ഇന്ന് ഈ നാട്ടില്‍ ബാക്കിനില്‍ക്കുന്ന പൊതുപുണ്യത്തെകൂടി വറ്റിച്ചുകളയുന്ന ലക്ഷണമാണ് കാണുന്നത്.” അവര്‍ തുടരുന്നു.”അതുകൊണ്ട് ഇത് ലൗ ജിഹാദ് കെണിയാണെന്നും ഹാദിയയെ അവരുടെ ഭര്‍ത്താവില്‍ നിന്ന് മാറ്റിത്താമസിപ്പിക്കണമെന്നും നിങ്ങള്‍ക്കു തോന്നിയതില്‍ ഞാന്‍ അതിശയിക്കുന്നില്ല. പക്ഷേ ഈ സംരക്ഷണത്തിന് പറ്റിയ ഇടം അശോകന്റെ ഭവനമാണെന്ന് നിങ്ങള്‍ തീരുമാനിച്ചതിലാണ് നിങ്ങളുടെ മഹാ അന്ധത വ്യക്തമാകുന്നത്. നിങ്ങളുടെ മാത്രമല്ല, കേരളത്തിലെ മുഖ്യധാരയുടെ മുഴുവന്‍ പൊള്ളത്തരവും വ്യക്തമാക്കുന്നു അത്. ഹാദിയയെ ബലപ്രയോഗത്തിലൂടെയാണ് പോലിസ് അവരുടെ പിതാവിന്റെ വീട്ടിലെത്തിച്ചതെന്ന് ടിവിയില്‍ കണ്ടവരാണ് നാം. ഒരു സ്ത്രീക്ക് സ്വന്തം വീട്ടില്‍ പോകാന്‍ ഇത്ര മടിയോ എന്ന് പലരും വിചാരിച്ചിട്ടുണ്ടാവണം. ഇസ്‌ലാമില്‍ ചേര്‍ന്നില്ലായിരുന്നുവെങ്കില്‍ ഹാദിയയുടെ ചെറുത്തുനില്‍പ്പിനെ മറ്റൊരു വിധത്തില്‍ നിങ്ങള്‍ വ്യാഖ്യാനിക്കില്ലായിരുന്നോ?” ദേവിക ചോദിക്കുന്നു.”തങ്ങളനുഭവിച്ച നരകയാതനയില്‍ നിന്ന് രക്ഷപ്പെടാന്‍ പല സ്ത്രീകളും പല വഴികളും തേടുന്നുവെന്ന് നമുക്കറിയാം.  ചിലര്‍ നാടുവിട്ടുപോകുന്നു, ചിലര്‍ സ്വന്തം കുടുംബങ്ങളില്‍ നിന്ന് അകലുന്നു. ഇവരില്‍ ചിലര്‍ മതം മാറിയെന്നുമിരിക്കും. ”മതം മാറാന്‍ കുടുംബപരമായ സാഹചര്യങ്ങള്‍ ഒരുപക്ഷേ ഉണ്ടായേക്കാമെന്നും അങ്ങനെയെങ്കില്‍ അവരെ വീട്ടിലേക്കല്ല, സുരക്ഷിതമായ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള സ്ഥലത്തേക്കല്ലേ വിടേണ്ടിയിരുന്നത്. നിങ്ങളുടെ സംരക്ഷണ കൗതുകത്തിന്റെ പൊള്ളത്തരമാണ് ഇപ്പോള്‍ പുറത്തായത്. കള്ളുകുടിയന്‍ തന്തയുടെ ഉപദ്രവം സഹിക്കവയ്യാതെ വീട്ടില്‍ നിന്ന് ഓടിപ്പോയ മക്കളെപ്പറ്റി നിങ്ങള്‍ കേട്ടിട്ടേയില്ലേ? ഹാദിയയുടെ അച്ഛന്റെ വീട്ടിലെ സ്ഥിതി എന്താണെന്ന് എനിക്കറിയില്ല. ഒരുപക്ഷേ അതു മോശമല്ലായിരിക്കാം. പക്ഷേ, ഞാന്‍ ചോദിക്കുന്നു, നമുക്കെങ്ങനെ അറിയാം? മക്കളെ കഠിനമായി ശിക്ഷിക്കുന്ന പല പ്രസന്നവദനന്മാരെയും ഞാന്‍ കണ്ടിട്ടുണ്ട്. അവിടേക്കു മടക്കരുതെന്ന് ഹാദിയ കരഞ്ഞുപറഞ്ഞപ്പോള്‍ അവള്‍ ഒരുപക്ഷേ പറയാതിരുന്ന എന്തെങ്കിലും ഉണ്ടാകുമെന്ന് ഊഹിക്കാനുള്ള അനുകമ്പ നിങ്ങള്‍ക്കില്ലാതെ പോയല്ലോ.” വിഡ്ഡി സ്വര്‍ഗം അധികനാള്‍ നീളാറില്ല എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss