|    Dec 19 Wed, 2018 5:43 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പെണ്ണുപിടിത്തക്കാരുടെ ജനസേവനം

Published : 11th September 2018 | Posted By: kasim kzm

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

സിപിഎമ്മിന് എന്തു പറ്റി എന്ന് മനുഷ്യരെല്ലാം ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാവും. പാലക്കാട് എംഎല്‍എ പി കെ ശശിക്കെതിരേ ജില്ലയിലെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് ഉയര്‍ത്തിയ പീഡന പരാതി പുറത്തുവന്നതോടെ സിപിഎം നേതൃത്വത്തില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ആ നിലയ്ക്കാണ്. കുരങ്ങിന്റെ കൈയില്‍ പൂമാല കിട്ടിയതുപോലെ സ്ത്രീപീഡന പരാതി സിപിഎമ്മിനെ പോലെ ഒരു ഇടതുപക്ഷ പാര്‍ട്ടി കൈകാര്യം ചെയ്യുന്നതാണ് ആ നില സൃഷ്ടിച്ചിട്ടുള്ളത്. യുവ വനിതാ നേതാവും എംഎല്‍എയുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടായതും പരാതിയുയര്‍ന്നതും കഴിഞ്ഞ മാസമാണ്. അത് സ്ഥിരീകരിച്ചത് പരാതി ലഭിച്ച കാര്യം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വെളിപ്പെടുത്തിയതോടെയും. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ വിശദീകരണം, ജനറല്‍ സെക്രട്ടറി അറിയാതെയോ അറിഞ്ഞോ പിബിയുടെ വിശദീകരണ കുറിപ്പ്, മുതിര്‍ന്ന പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ പ്രതിദിന തത്സമയ പ്രതികരണങ്ങള്‍, ആരോപണവിധേയനായ എംഎല്‍എയുടെ സര്‍വപുച്ഛത്തോടും അഹങ്കാരത്തോടുമുള്ള വെല്ലുവിളികള്‍, ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍, പോലിസില്‍ പരാതിപ്പെടാത്തതെന്തെന്ന് പരാതിക്കാരിയോടുള്ള സിപിഎം നേതാക്കളുടെയും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെയും ചോദ്യങ്ങള്‍- വിവാദത്തിന്റെ അമിട്ടുകള്‍ പൊട്ടിവിടരുകയാണ്. നേതാക്കളെല്ലാം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഒറ്റക്കാര്യം. സ്ത്രീപീഡന പരാതി സംസ്ഥാന കമ്മിറ്റിയോ കേന്ദ്ര നേതൃത്വമോ പൂഴ്ത്തിവച്ചിട്ടില്ല. പരാതി സംസ്ഥാന കമ്മിറ്റിക്കു മുമ്പിലാണ്. കഴിയുംവേഗം നടപടിയുണ്ടാകും. പക്ഷേ, പരാതിയെത്തുടര്‍ന്ന് സിപിഎമ്മില്‍ സംഭവിച്ചതിനെ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടികള്‍ പേരിട്ടുവിളിക്കുന്നത് ഉള്‍പ്പാര്‍ട്ടി സമരമെന്നാണ്. അതും വിഭാഗീയതയുമായി ബന്ധപ്പെട്ട് കത്തിയാളുന്ന ഉള്‍പ്പാര്‍ട്ടി സമരമെന്ന്. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് എംഎല്‍എയുടെയും യുപിയിലെ ബിജെപി എംഎല്‍എയുടെയും കാര്യത്തിലും പരാതി ഉയര്‍ന്നപ്പോള്‍ അതിന്റെ മുന്നില്‍ നിന്നു പ്രതികരിച്ചവരും പരാതിക്കാരിക്ക് താങ്ങും തണലുമായി നിന്നവരുമാണ് സിപിഎം നേതാക്കള്‍. അതില്‍ നിന്നു വ്യത്യസ്തവും വിരുദ്ധവുമായ നിലപാട് പാര്‍ട്ടി എംഎല്‍എക്കെതിരായ പരാതിയില്‍ എന്തുകൊണ്ട് സംഭവിക്കുന്നു? ഇത്തരമൊരു സന്ദര്‍ഭത്തെ സംബന്ധിച്ച് ഇഎംഎസ് പറയുന്നുണ്ട്: ”ശരിയായ ആശയ രാഷ്ട്രീയ നയത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടുത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു നേതൃത്വത്തിനു മാത്രമേ പാര്‍ട്ടിക്ക് എപ്പോഴും നേരിടേണ്ടിവരുന്ന ആശയ രാഷ്ട്രീയ സംഘടനാ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനാവൂ.” ഉള്‍പ്പാര്‍ട്ടി സമരത്തിന്റെ ആ പാഠം സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും ഉള്‍ക്കൊണ്ടിട്ടില്ല എന്നതിന്റെ പാഠമാണ് ഇക്കാര്യത്തില്‍ വെളിപ്പെടുന്നത് എന്നര്‍ഥം. ആശയപരമായും സംഘടനാപരമായും ഒരുപോലെ ബന്ധപ്പെട്ടതാണ് പാര്‍ട്ടി അംഗം കൂടിയായ വനിതാ നേതാവിന്റെ പരാതി. അത് അര്‍ഹിച്ച ഗൗരവത്തില്‍ പാര്‍ട്ടി സ്വീകരിക്കുമെന്നു വിശ്വസിച്ചാണ് യുവതി ജില്ലാ കമ്മിറ്റിക്ക് ആദ്യം പരാതി നല്‍കിയത്. സംഘടന ചലിച്ചില്ലെന്നു കണ്ടാണ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയത്. അതുകൊണ്ടും ഫലം കിട്ടാതെവന്നപ്പോള്‍ പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടില്‍ പ്രതീക്ഷയര്‍പ്പിച്ചു. അതും പാഴായെന്നു ബോധ്യപ്പെട്ടപ്പോഴാണ് ജനറല്‍ സെക്രട്ടറിക്ക് ഇ-മെയില്‍ പരാതി നല്‍കിയത്. നടപടി ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിക്ക് പരാതി അയച്ചെന്നു യെച്ചൂരി വെളിപ്പെടുത്തി. അതോടെയാണ് യെച്ചൂരി ഇടപെടും മുമ്പ് കേരളത്തില്‍ നടപടി തുടങ്ങിയിട്ടുണ്ടെന്ന വിശദീകരണം ഉണ്ടായത്. പരാതി പൂഴ്ത്തിയതല്ലെന്നും അന്വേഷണത്തിനു രണ്ടു കേന്ദ്ര കമ്മിറ്റി അംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും വിശദീകരണം വന്നത്. പാര്‍ട്ടി അംഗത്തില്‍ നിന്നോ ഘടകത്തില്‍ നിന്നോ പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട ഘടകം അടിയന്തരമായി മറുപടി നല്‍കണമെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തന്നെ നേരത്തേ വ്യവസ്ഥ ചെയ്ത കാര്യം പിബി മെംബര്‍മാര്‍ക്കെങ്കിലും അറിയാതിരിക്കാന്‍ വയ്യ. അങ്ങനെ ഒരു പ്രതികരണം പരാതി കിട്ടിയപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ വിഷയം ഒന്നര മാസം നീളുകയും ജനറല്‍ സെക്രട്ടറി വരെ പരാതി നല്‍കേണ്ട ഗതികേട് പീഡിപ്പിക്കപ്പെട്ട വനിതാ നേതാവിന് ഉണ്ടാവുമായിരുന്നില്ല. ഇത്തരം പരാതി ഉയരുമ്പോള്‍ അതു കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിയില്‍ സംവിധാനമുണ്ടെന്നും അതു പുറത്തു ചര്‍ച്ച ചെയ്യാനുള്ളതല്ലെന്നും സംസ്ഥാന സെക്രട്ടറിക്കു പറയേണ്ടിവരുമായിരുന്നില്ല. എന്നാല്‍, ആ സംവിധാനം പ്രവര്‍ത്തിക്കാതിരുന്നത് എന്താണെന്നും നടപടിയെടുക്കുന്നുണ്ടെന്ന മറുപടി പരാതിക്കാരിക്ക് നല്‍കാതിരുന്നത് എന്താണെന്നും നേതൃത്വം വിശദീകരിക്കേണ്ടതുണ്ട്. പോലിസിനെ സമീപിക്കാന്‍ പരാതിക്കാരി എന്തുകൊണ്ടാണ് ധൈര്യപ്പെടാത്തതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയും പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും ചോദിക്കുന്നതും പാര്‍ട്ടി സംവിധാനത്തിന്റെ ദുരവസ്ഥയാണ് വെളിപ്പെടുത്തുന്നത്. തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച് തന്നെ ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി ഇരിങ്ങാലക്കുട പാര്‍ട്ടിക്കു നല്‍കിയത് മറ്റൊരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയാണ്. കാത്തിരുന്നിട്ടും പ്രതികരണമില്ലാതെ വന്നപ്പോള്‍ പോലിസില്‍ പരാതി നല്‍കി. പാര്‍ട്ടി നേതാക്കള്‍ക്കെതിരായ പരാതിയില്‍ നീതി കിട്ടണമെങ്കില്‍ പോലിസിനെ സമീപിക്കണമെന്ന അവസ്ഥ സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടി സമരത്തിന് ഇപ്പോള്‍ സാധ്യതയില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് പെണ്‍വേട്ടക്കാര്‍ക്കെതിരേ പോലിസിനെ അഭയം തേടണമെന്നും. കേരളത്തില്‍ പോലിസാകട്ടെ സിപിഎമ്മിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലുമാണ്. കേന്ദ്ര നേതൃത്വവും സംസ്ഥാന സെക്രട്ടറിയും പരാതി സംസ്ഥാന സമിതിയുടെ പരിഗണനയിലാണെന്ന് അവകാശപ്പെടുമ്പോള്‍ ആശ്ചര്യകരമായത് ആരോപണവിധേയനായ പി കെ ശശി തന്നെ പാലക്കാട് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ അധ്യക്ഷത വഹിച്ചതാണ്. തുടര്‍ന്ന് മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചതും. ഈ ദിവസങ്ങളില്‍ കണ്ടത് പാര്‍ട്ടി അംഗമായ വനിതാ യുവനേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച എംഎല്‍എയെ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ ഒരുപോലെ സംരക്ഷിക്കുന്നു എന്നതാണ്. കുറ്റം ചെയ്തവരെ ഉന്നത ഘടകങ്ങളിലുള്ളവര്‍ സംരക്ഷിക്കുന്ന സ്ഥിതിയെക്കുറിച്ച് പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍ രേഖയില്‍ ചൂണ്ടിക്കാണിച്ചിട്ടും അത് ആവര്‍ത്തിക്കുകയാണ് പിബി നേതൃത്വം പോലും ചെയ്യുന്നത്. സാധാരണനിലയില്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ പങ്കാളികളായവരെ ഇരുത്തേണ്ടിടത്ത് ഇരുത്തുകയോ പുറത്തുകളയുകയോ ചെയ്യുന്ന പതിവായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക്. ഇപ്പോള്‍ ഇത്തരം കുറ്റവാളികളാണ് സിപിഎമ്മിന്റെ ശക്തരായ നേതാക്കളെന്ന സ്ഥിതി വന്നതിന്റെ ഉദാഹരണങ്ങളാണ് ശശിമാരും കോട്ടമുറിക്കലുമാരും തെളിയിച്ചുകൊണ്ടിരിക്കുന്നത്. തെറ്റു തിരുത്തല്‍ രേഖകളും കേന്ദ്ര പ്ലീനം രേഖയുമൊക്കെ ഏട്ടിലെ പശുക്കളാണ്. ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ലോക്കല്‍ കമ്മിറ്റിയംഗമായി എറണാകുളം മഹാനഗരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ആളെ ഏറെക്കഴിയാതെ സിപിഎമ്മിനു പുറത്താക്കേണ്ടിവന്നു. ഒരു പെണ്‍വാണിഭകേന്ദ്രം പോലിസ് റെയ്ഡ് ചെയ്തപ്പോള്‍ അതിന്റെ നടത്തിപ്പുകാരനായി പിടികൂടിയത് ആ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെയായിരുന്നു. അതുകൊണ്ട് പീഡനത്തിനിരയാകുന്നവര്‍ വിദ്യാസമ്പന്നരും പോരാളികളും ആണെങ്കിലും കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പ്രബലരാകുമ്പോള്‍ സമ്മര്‍ദത്തിലാകുന്നു. ഭീഷണി നേരിടുന്നു. പ്രലോഭനങ്ങളുടെ മുറിവേല്‍ക്കുന്നു. കുറ്റവാളികള്‍ക്കെതിരേ പോലിസിലോ വനിതാ കമ്മീഷനിലോ പരാതി നല്‍കാന്‍ ഭയപ്പെടുന്നു. ഈ അവസ്ഥ രക്ഷാകവചമായി കുറ്റവാളികളായ നേതാക്കള്‍ ഉപയോഗപ്പെടുത്തുന്നു. എങ്കിലും അതിനെതിരേയും ഇരകള്‍ പോരാടാന്‍ തുടങ്ങി എന്നതാണ് ഇരിങ്ങാലക്കുടയിലെ വനിതാ ഡിവൈഎഫ്‌ഐ നേതാവിന്റെയും പാലക്കാട്ടെ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെയും ധീരമായ നിലപാടുകള്‍. അതിനു സിപിഎമ്മിനകത്തുനിന്നും പുറത്തുനിന്നുമുള്ള നീതിബോധമുള്ളവര്‍ പിന്തുണ നല്‍കേണ്ടതുണ്ട്. സിപിഎമ്മില്‍ വനിതാ യുവതലമുറ നേരിടുന്ന പീഡനങ്ങള്‍ തന്നെയാണ് കുറവിലങ്ങാട്ടെ മഠത്തില്‍ നിന്ന് ജലന്ധര്‍ ബിഷപ്പിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീയും നേരിടുന്നത്. സിപിഎമ്മിന്റെ പിബി നേതാക്കളെന്നു പറയുന്നവര്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരേ പൊതുവേദികളില്‍ ആഞ്ഞടിക്കുന്നവരായിട്ടും ആ പാര്‍ട്ടിയിലും ഇതുതന്നെ സംഭവിക്കുന്നു. ഒരുവശത്ത് വിശ്വാസത്തിന്റെയും മറുവശത്ത് അച്ചടക്കത്തിന്റെയും കാവല്‍ഭിത്തികള്‍ ഇവര്‍ക്കെതിരാണെങ്കിലും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss