|    Dec 15 Sat, 2018 1:33 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പെണ്ണുങ്ങളുടെ നവോത്ഥാന മതില്‍

Published : 7th December 2018 | Posted By: kasim kzm

മധ്യമാര്‍ഗം –  പരമു

പുതുവര്‍ഷദിനം ഇക്കുറി കേമമായിരിക്കും. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള മാധ്യമപ്രതിനിധികള്‍ കേരളത്തിലേക്കു വരുകയാണ്. നാട് കാണാനും പ്രകൃതിഭംഗി ആസ്വദിക്കാനും പൂരവാദ്യമേളങ്ങള്‍ കേള്‍ക്കാനും അല്ല, പെണ്ണുങ്ങള്‍ സ്വന്തം നിലയില്‍ പടുത്തുയര്‍ത്തുന്ന വന്‍മതില്‍ പകര്‍ത്താന്‍. ഇന്നുവരെ ഇങ്ങനെ നയനാനന്ദകരമായ കാഴ്ച കണ്ടിട്ടില്ല. അതുകൊണ്ട് കേരളത്തില്‍ ജനുവരി 1ന് അരങ്ങേറുന്ന വനിതാ മതിലിനു വമ്പിച്ച വാര്‍ത്താപ്രാധാന്യമാണു ലഭിച്ചിരിക്കുന്നത്. പൊതുനിരത്തിനരികില്‍ 620 കിലോമീറ്റര്‍ ദൂരത്തില്‍ കെട്ടിപ്പൊന്തിക്കുന്ന മതില്‍ കാണാന്‍ ജനങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഒന്നുമില്ല. നിര്‍മാണം പൂര്‍ണമായി പുറത്തായതിനാല്‍ ‘കടക്ക് പുറത്തി’ന്റെ വിപ്ലവം മാധ്യമപ്രതിനിധികള്‍ക്ക് അനുഭവിക്കേണ്ടിവരില്ല. വിദേശത്തുനിന്നൊക്കെ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ വരുന്ന മാധ്യമപ്രതിനിധികള്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമനിയന്ത്രണം മനസ്സിലാവാതെ വലയാന്‍ സാധ്യതയുണ്ട്. സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് അതിനുള്ള പ്രതിവിധി ഉണ്ടാക്കുമെന്നു കരുതാം.
സ്ത്രീകള്‍ക്കു തന്നെ ഒറ്റയ്ക്ക് ചെയ്യാവുന്ന കാര്യമാണ് ഇതെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പുരുഷന്‍മാര്‍ വരണമെന്നില്ല. ഇനി വന്നേ കഴിയുകയുള്ളുവെന്നു വച്ചാല്‍ നിര്‍മാണസ്ഥലത്തു നിന്ന് അല്‍പം വിട്ട് മാറിനില്‍ക്കാം. ഏതു പ്രായത്തിലുള്ള പെണ്ണുങ്ങള്‍ക്കും നിര്‍മാണത്തില്‍ ഏര്‍പ്പെടാം. 10 വയസ്സ് മുതല്‍ എത്ര വയസ്സ് വരെയുമാവാം. വസ്ത്രങ്ങളുടെ കാര്യത്തില്‍ ഒരു നിബന്ധനയും വച്ചിട്ടില്ല. ചുരിദാറോ സാരിയോ പാവാടയോ ആവാം. മറ്റു സമരങ്ങളില്‍ ധരിക്കുന്ന കടും ചുവപ്പ് ബ്ലൗസും മതില്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. വൈകുന്നേരം നാലുമണിക്കായതിനാല്‍ വെയിലിനു നേരിയ ചൂട് ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തൊപ്പി വേണ്ടിവരും.
ശബരിമലയും പെണ്ണുങ്ങളുടെ മതിലുനിര്‍മാണവും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. വല്ലവരും അത്തരം പ്രചാരണം നടത്തുന്നുണ്ടെങ്കില്‍ അതു രാഷ്ട്രീയപ്രേരിതമായിരിക്കും. നവോത്ഥാനമാണ് മതിലിന്റെ ലക്ഷ്യം. അതായത് 1888ലെ ശ്രീനാരായണ ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠ, 1883ലെ മഹാത്മാ അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്ര, 1907ലെ അയ്യങ്കാളിയുടെ കാര്‍ഷിക പണിമുടക്ക് വിപ്ലവം, 1914ലെ പണ്ഡിറ്റ് കറുപ്പന്‍ നയിച്ച കായല്‍ സമ്മേളനം, 1924ലെ കല്ലുമാല പൊട്ടിച്ചെറിഞ്ഞ പെരിനാട് വിപ്ലവം, 1924ലെ വൈക്കം സത്യഗ്രഹം, 1931ലെ ഗുരുവായൂര്‍ സത്യഗ്രഹം, 1936ലെ ക്ഷേത്രപ്രവേശന വിളംബരം, 2019ലെ വനിതാ മതില്‍- ഇങ്ങനെ നവോത്ഥാനത്തിന് കേരളം പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. ഇതിന്റെ ശില്‍പി മുഖ്യമന്ത്രിയും. നവോത്ഥാനം പറയുമ്പോള്‍ ശില്‍പിയുടെ പേരു മാത്രമേ സാധാരണ പറയാറുള്ളൂ. മനുഷ്യര്‍ വെറുതെ ഇരുണ്ട യുഗത്തിലേക്കു പോവുന്നതു തടയുകയാണ് ഇതിന്റെ ലക്ഷ്യം.
ഇങ്ങനെയൊരു മതില്‍ കെട്ടാനൊന്നും സര്‍ക്കാര്‍ തീരുമാനിച്ചതല്ല. സര്‍ക്കാരിന് അതിനു നേരവും ഇല്ല. മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഇങ്ങനെയൊരു നിര്‍ദേശം വച്ചത്. വെള്ളാപ്പള്ളി ഒരു നിര്‍ദേശം വച്ചാല്‍ അതു തള്ളാന്‍ പറ്റുമോ? കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഇഷ്ടക്കാരനാണ്. ബിജെപി പ്രസിഡന്റ് അമിത്ഷായുടെ ഉറ്റസ്‌നേഹിതന്‍. മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനൊപ്പം രഥയാത്ര നടത്തിയ ആളാണ്. ഇതിനൊക്കെ പുറമേ, ശബരിമലയില്‍ സ്ത്രീപ്രവേശനം പാടില്ലെന്ന് നാഴികയ്ക്കു നാല്‍പതുവട്ടം പറയുന്ന മാന്യനാണ്. അഴിമതിക്കേസുകളിലും മറ്റും ഉള്‍പ്പെട്ട് നട്ടംതിരിയുന്ന സാമുദായികനേതാവാണ്. ജാതിയും വര്‍ഗീയതയും സദാസമയവും ആ നാവിലൂടെ പ്രസരിപ്പിച്ചുകൊണ്ടിരിക്കും. അങ്ങനെയുള്ള ഒരാള്‍ നിര്‍ദേശിച്ചാല്‍ അത് ഉടനെ അംഗീകരിക്കണം. അദ്ദേഹത്തെ തന്നെ സംഘാടകസമിതി ചെയര്‍മാനുമാക്കി. നവോത്ഥാനത്തിന്റെ അടിത്തറ പാകിയ ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യനായതിനാല്‍ അദ്ദേഹത്തെ തന്നെയാണ് സര്‍ക്കാര്‍ മതില്‍ സംഘാടകസമിതി അധ്യക്ഷനാക്കേണ്ടത്. ഗുരുദേവന്റെ ആദര്‍ശം അപ്പാടെ സ്വന്തം ജീവിതത്തിലും പൊതുജീവിതത്തിലും നടപ്പാക്കുന്ന മാന്യദേഹമാണ് അദ്ദേഹം. മതില്‍ നിര്‍മിക്കാനുള്ള തീരുമാനവും സംഘാടകസമിതി രൂപീകരണവും കഴിഞ്ഞ ശേഷമാണ് വിവരം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കാരൊക്കെ അറിയുന്നത്. പിന്നെ താമസിച്ചില്ല. വലത്തെ കാല്‍ ബിജെപിയിലും ഇടത്തെ കാല്‍ എസ്എന്‍ഡിപിയിലും വച്ച വെള്ളാപ്പള്ളി മുഖേന അറിയുന്നതിനേക്കാള്‍ മുമ്പേ അവര്‍ അണികള്‍ക്കു വിവരം നല്‍കി. വനിതാ മതില്‍ നമ്മുടേതാണ്. അതു വന്‍ വിജയമാക്കണം. മുഴുവന്‍ കേള്‍ക്കുന്നതിനു മുമ്പ് സഖാക്കള്‍ മതിലിന്റെ പ്രചാരണവുമായി പുറത്തിറങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss