|    Apr 22 Sun, 2018 12:36 pm
FLASH NEWS
Home   >  Todays Paper  >  azchavattam  >  

പെണ്ണാറിന്‍ കരയിലെ കല്‍മേടുകള്‍

Published : 31st January 2016 | Posted By: swapna en

IMG

യാസിര്‍ അമീന്‍

 

നിലാവ് പൊട്ടിച്ചിരിക്കുന്നുണ്ട്. മനസ്സിനെയും ശരീരത്തെയും നനച്ച് മഞ്ഞു പെയ്യുന്നു. ഒരാള്‍ പൊക്കത്തില്‍ റോഡിന്റെ ഇരുവശങ്ങളിലും വളര്‍ന്നുനില്‍ക്കുന്ന പേരറിയാത്ത പുല്ല് മനസ്സിനെ ഭയപ്പെടുത്തുന്നുണ്ട്. സമയം ഒരുമണി കഴിഞ്ഞു കാണും. കാറില്‍ ഞങ്ങള്‍ അഞ്ചു പേര്‍. റാഷീക്ക, അനസ്, അന്‍സാര്‍, അബ്ബാസ് പിന്നെ ഞാന്‍. ഗണ്ടിക്കോട്ടയിലേക്കാണു യാത്ര. രണ്ടു ദിവസം മുമ്പ് തുടങ്ങിയ യാത്ര കുടക്, ഹംബി എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് ഇപ്പോഴിതാ ആന്ധ്രയിലെ ജമ്മലഗുഡുവില്‍നിന്നു 15 കിലോമീറ്റര്‍ അകലെ ഗണ്ടിക്കോട്ടയെന്ന ഗ്രാമത്തില്‍ എത്തിയിരിക്കുന്നു. ഇനി വേണ്ടത് താമസിക്കാന്‍ ഒരിടമാണ്.


 

ആന്ധ്രപ്രദേശ് ടൂറിസത്തിന്റെ റസ്റ്റ് ഹൗസ് മാത്രമാണ് ആ ഗ്രാമത്തില്‍ സഞ്ചാരികള്‍ക്കുള്ള തണ്ണീര്‍പ്പന്തല്‍. ഗേറ്റ് കടന്ന് റസ്റ്റ് ഹൗസിന്റെ അകത്തു പ്രവേശിച്ചു. പഴയ മാതൃകയിലുള്ള കോട്ടേജുകളോടു കൂടിയ വിശാലമായ ഒരിടം. ചില കോട്ടേജുകള്‍ക്കു മുമ്പില്‍ മാത്രം റാന്തല്‍ കണക്കെയുള്ള പ്രകാശം തെളിഞ്ഞിരുന്നു.


ഗേറ്റിനോടു ചേര്‍ന്നുള്ള ഓഫിസും പൂട്ടിയിട്ടിരിക്കുകയാണ്. ആരെയും കാണുന്നില്ല. പുറത്ത് മഞ്ഞും പെയ്യുന്നുണ്ട്. ബ്ലാങ്കെറ്റ് വാരിപ്പൊതിഞ്ഞു റാഷീക്ക ഓഫിസിലെ ബെല്ലടിക്കുന്നത്, മഞ്ഞുമറച്ച കാറിന്റെ ചില്ലില്‍ വൈപ്പര്‍ തീര്‍ത്ത ചെറുജാലകത്തിലൂടെ ഞങ്ങള്‍ നോക്കിനിന്നു. ഒരു മറുപടിയും കിട്ടാതായപ്പോള്‍ റസ്റ്റ് ഹൗസ് ഒരു പ്രേതാലയം പോലെ തോന്നി. ഞങ്ങള്‍ പുറത്തിറങ്ങി. അനസ് കുറച്ചു കൂടി മുമ്പിലേക്ക് ഡ്രൈവ് ചെയ്തു. കാറിന്റെ ലൈറ്റില്‍ ഗണ്ടിക്കോട്ടയുടെ ഗേറ്റ് ഞങ്ങള്‍ കണ്ടു. ചുവന്ന കല്ലില്‍ തീര്‍ത്ത കവാടം മഞ്ഞില്‍ പൊതിഞ്ഞ പ്രകാശത്തില്‍ കൂടുതല്‍ നയനഭംഗി നല്‍കി. അടുത്തുള്ള വലിയ മരത്തിന്‍ ചുവട്ടില്‍ കാറ് നിര്‍ത്തി ഞങ്ങള്‍ അതില്‍ തന്നെ ഉറങ്ങാന്‍ തീരുമാനിച്ചു.

_Gandikota-1

ബ്ലാങ്കെറ്റും തൊലിയും കടന്ന് തണുപ്പ് അസ്ഥികളെ തൊടാന്‍ തുടങ്ങിയപ്പോഴാണ് എണീറ്റത്. സമയം ആറുമണി കഴിഞ്ഞതേയുള്ളൂ. ചുറ്റുമുള്ള ചെറിയ കടകള്‍ തുറന്നിരുന്നു. ചെറിയ ഗ്ലാസില്‍ നല്ല സ്വാദുള്ള ചായ കുടിച്ചതിനു ശേഷം കോട്ടയ്ക്കകത്തു പ്രവേശിച്ചു. വളഞ്ഞുപുളഞ്ഞ കവാടത്തിലൂടെ അനസ് അനായാസം ഡ്രൈവ് ചെയ്തു. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ഒരു വലിയ ആല്‍മരത്തിനു ചുവടെ കുറച്ചു ഗ്രാമീണര്‍ ഇരിക്കുന്നതു കണ്ടു. കോട്ട സന്ദര്‍ശിക്കാന്‍ വന്നവരാണെന്നാണ് ആദ്യം കരുതിയത്. കുറച്ചു കൂടി മുന്നോട്ടു പോയപ്പോള്‍ മനസ്സിലായി ഇത് ആള്‍ത്താമസമുള്ള കോട്ടയാണെന്ന്.

റോഡിന്റെ ഇരുവശത്തും കോട്ടയോളം പഴക്കം ചെന്ന ചെറിയ കെട്ടിടങ്ങളില്‍ ഗ്രാമീണര്‍ താമസിക്കുന്നുണ്ട്. കാറിന്റെ ശബ്ദമോ കാഴ്ചയോ അവരില്‍ പ്രത്യേകിച്ച് ഒരു ഭാവമാറ്റവും വരുത്തിയില്ല. ചിലര്‍ ആടിനെ കറക്കുന്ന തിരക്കിലാണ്. മറ്റു ചിലര്‍ പാതയോരത്തിരുന്ന് പാത്രങ്ങള്‍ കഴുകുന്നു. അരികിലൂടെ പോയ ചെമ്മരിയാടിന്‍ കൂട്ടം കാറിനെ തൊടാതിരിക്കാനായി        ഒരു പയ്യന്‍ പ്രത്യേക തരത്തില്‍ ശബ്ദമുണ്ടാക്കുന്നുണ്ട്. ഞങ്ങള്‍ മുന്നോട്ടു പോയി. റോഡ് അവസാനിച്ചപ്പോള്‍ മുമ്പില്‍ കണ്ടത് ജാമിഅ മസ്ജിദാണ്. പുറത്തിറങ്ങി മസ്ജിദിന്റെ കവാടത്തിലേക്കു നടന്നു. ചുറ്റും പ്രകൃതിയും ഉണര്‍ന്നുകഴിഞ്ഞിരുന്നു. അധികം വെളിച്ചം പരന്നിട്ടില്ല. പള്ളിമിനാരങ്ങളില്‍ നിന്ന് തത്തകള്‍ ചിലച്ചുകൊണ്ട് പുറത്തേക്കു പറന്നകന്നു. വിശാലമായ അകത്തളമുള്ള പള്ളി ഡല്‍ഹിയിലെ ജുമാ മസ്ജിദിനെ ഓര്‍മിപ്പിച്ചു. അകത്തളത്തിന് ചുറ്റും ചെറിയ മുറികളുള്ള കെട്ടിടം. മതപാഠശാലകളായിരുന്നിരിക്കണം. തത്തകളുടെ ആവാസകേന്ദ്രമാണിതെന്നു തോന്നുന്നു. ചുറ്റും ചിലച്ചുകൊണ്ട് പറക്കുകയാണ് തത്തകള്‍. അകത്തളത്തിലെ മരത്തിലും നിറയെ തത്തകളാണ്. പിന്നീട് നേരെ പോയത് കുറച്ചപ്പുറത്തായി സ്ഥിതിചെയ്യുന്ന രംഗനാഥസ്വാമി ക്ഷേത്രത്തിലേക്കാണ്. ചെറിയ ക്ഷേത്രം. ചുറ്റമ്പലം നിറയെ പല വലുപ്പത്തിലുള്ള ശില്‍പങ്ങള്‍. മസ്ജിദ് പോലെ തന്നെ മേല്‍ക്കൂരയില്ലാത്ത രീതിയിലാണ് അമ്പലവും. ക്ഷേത്രത്തിന്റെ മധ്യഹാരയ്ക്ക് ഇരുവശത്തായി ഗജവീരന്മാരുടെ വലിയ ശില്‍പം.

ശ്രീകോവിലിന് ഇടതുവശത്തായി കൂത്തമ്പലം പോലെയുള്ള ഒരു കെട്ടിടവും കാണാം. അതിനകത്ത് കയറി ഞങ്ങള്‍ അല്‍പനേരം ഇരുന്നു. രംഗനാഥക്ഷേത്രം കഴിഞ്ഞു നടന്നത് ഗണ്ടിക്കോട്ട മലയിടുക്കുകളിലേക്ക്. പെണ്ണാര്‍ തീരത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഗ്രാന്‍ഡ് കാന്യന്‍ എന്നറിയപ്പെടുന്ന മലയിടുക്ക്.

ഉറക്കം         ശരിയാവാത്തതിന്റെ ക്ഷീണമുണ്ടെങ്കിലും              സഞ്ചാരിയുടെ ആത്മാവ് ശരീരത്തെ കീഴ്‌പെടുത്തിയിരുന്നു. നിലത്തെ പാറക്കൂട്ടങ്ങളിലൂടെ ഞങ്ങള്‍ വരയാടുകളെപോലെ കയറിയിറങ്ങി. മാനം തെളിഞ്ഞിരുന്നു, സൂര്യോദയം കഴിഞ്ഞ് അധികം സമയമായിട്ടില്ല. തണുപ്പ് ഇപ്പോഴും വിട്ടകന്നിട്ടില്ല. പെണ്ണാറിന്റെ അപ്പുറത്തുള്ള ഭൂപ്രദേശം മെല്ലെ കാണാന്‍ തുടങ്ങി. ചെറിയ പുല്ലു വളര്‍ന്ന ഒരു ചെമ്മണ്‍ പ്രദേശം. വീണ്ടും വീണ്ടും പാറകളിലൂടെ ഞങ്ങള്‍ കയറിയിറങ്ങി. അന്‍സാറായിരുന്നു മുമ്പില്‍, പാറകളില്‍ കൊത്തിപ്പിടിച്ച് കയറി, ഇടയ്‌ക്കൊന്നു നിവര്‍ന്നുനിന്നു നോക്കുന്നുണ്ട്. പെട്ടെന്ന് ഉറക്കെ ഒച്ചവച്ചുകൊണ്ട് അവന്‍ ഇടതു വശത്തേക്കായി നോക്കാന്‍ പറഞ്ഞു. ഇടത്തേക്കു തിരിഞ്ഞ ഞങ്ങള്‍ പെട്ടെന്ന് നിശ്ശബ്ദരായി. പ്രകൃതിയുടെ മാസ്മരികതയില്‍ ശബ്ദം ബോധരഹിതയായി വീണു. കണ്ണുകള്‍ വിടര്‍ന്നു. പറക്കാന്‍ കഴിയുമായിരുന്നെങ്കിലെന്ന് ആശിച്ചുപോയ നിമിഷം.

പെണ്ണാറിന്റെ കരയില്‍നിന്ന് ഏതോ അദൃശ്യകരങ്ങള്‍ കെട്ടിപ്പൊക്കിയ ചുവന്ന പാറക്കെട്ടുകള്‍ കണ്ണെത്താ ദൂരം പരന്നുകിടക്കുന്നു.

gandhi-25

അതിനടിയിലൂടെ പച്ച നിറത്തില്‍ പെണ്ണാ നദി കുലുങ്ങിച്ചിരിക്കാതെ, ഒഴുകിക്കൊണ്ടിരിക്കുന്നു. ഞങ്ങള്‍ അഞ്ചുപേരും നിശ്ശബ്ദരായി കുറച്ചുനേരം അങ്ങനെ നിന്നു. ആരുടെയോ കാല്‍ തട്ടി പെണ്ണാറില്‍ പതിച്ച കല്ല് നിശ്ശബ്ദതയെ          ഭഞ്ജിച്ചു. ഉറക്കത്തില്‍നിന്ന് നേരെ വന്നതാണെങ്കിലും പ്രകൃതി തന്ന പ്രസന്നത എല്ലാ             വരിലും പ്രകടമായിരുന്നു. റൂം കിട്ടാതിരുന്ന          ഇന്നലത്തെ രാത്രിയെ എല്ലാവരും സ്തുതിച്ചു. അതുകൊണ്ടാണല്ലോ സൂര്യോദയത്തോടെ ഇവിടെ എത്താന്‍ കഴിഞ്ഞത്. പിന്നീട് നേരെ പോയത് മാധവരായ ക്ഷേത്രത്തിലേക്കാണ്. മസ്ജിദിന്റെ പടിഞ്ഞാറു ഭാഗത്തായാണ് മാധവരായ ക്ഷേത്രം.

കോട്ടയുടെ ഏതു ഭാഗത്തു നിന്നു നോക്കിയാലും ഒരുപോലെ കാണുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ നിര്‍മാണം.  വലിയ കവാടത്തിനു മുകളില്‍ നാലോളം തട്ടുകളിലായി പണിത ഗോപുരത്തില്‍ വിവിധ വലുപ്പത്തിലുള്ള ശില്‍പങ്ങള്‍.   മസ്ജിദിന്റെ മാതൃകയില്‍ തന്നെയാണ് മാധവരായ ക്ഷേത്രത്തിന്റെയും നിര്‍മാണം. ചുറ്റും തുറസ്സായ അറകള്‍. ഒരേ അകലത്തില്‍, എണ്ണുമ്പോള്‍ എണ്ണം തെറ്റിപ്പോവുന്നത്ര തൂണുകള്‍.  മസ്ജിദില്‍ തത്തകളാണെങ്കില്‍ ഇവിടെ പ്രാവുകളാണ്. ശ്രീകോവിലില്‍ മണിനാദങ്ങള്‍ക്കു പകരം പ്രാവിന്റെ ചിറകടികളാണ് ഞങ്ങളെ വരവേറ്റത്. എങ്ങും ശില്‍പസൗന്ദര്യം പരന്നൊഴുകുന്നു. 1123ല്‍ കല്‍യാണയിലെ പടിഞ്ഞാറന്‍ ചാലൂക്യവംശത്തിലെ കാപ്പാ രാജാവാണത്രെ ഈ ക്ഷേത്രവും കോട്ടയുമെല്ലാം പണികഴിപ്പിച്ചത്. ഞങ്ങള്‍ പുറത്തിറങ്ങി, ചെറുതായി മഴ ചാറുന്നുണ്ട്. ആത്മാവിനേറ്റ ആദ്യ ജീവദംശനം മുതല്‍ ജീവന്റെ ആഴംതൊട്ടു വന്ന ആദ്യശ്വാസം വരെയുള്ള ദൂരം പോലും ആന്തരിക-ബാഹ്യ യാത്രകള്‍ തമ്മിലില്ല എന്ന അറിവുനല്‍കി മറ്റൊരു യാത്രകൂടി ഇവിടെ അവസാനിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക