|    Oct 21 Sun, 2018 2:22 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പെട്രോള്‍ വില കുതിക്കുന്നു ; വാഹന- ചരക്കു ഗതാഗത നിരക്കുകള്‍ ഉയരും

Published : 6th September 2017 | Posted By: fsq

എന്‍ എ ശിഹാബ്

തിരുവനന്തപുരം: ഇന്ധനവിലയിലെ പ്രതിദിന മാറ്റം നിലവില്‍ വന്ന ശേഷം പെട്രോള്‍ വില കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ പെട്രോള്‍ വിലയില്‍ ആറു രൂപയുടെ വര്‍ധനയുണ്ടായി. ഇതു വാഹന-ചരക്കുഗതാഗത നിരക്കുകളുടെ വര്‍ധനയ്ക്കും കാരണമാകും. ആഗസ്തില്‍ മാത്രം പെട്രോളിന് അഞ്ചു രൂപയും ഡീസലിന് നാലു രൂപയും വര്‍ധിച്ചു. ഇന്ധനവിലയില്‍ 10 ശതമാനം വര്‍ധനയുണ്ടായെന്നാണ് കണക്ക്. രാജ്യത്തെ ചരക്കു ഗതാഗതം പ്രധാനമായും ആശ്രയിക്കുന്ന ഡീസലിന് ഒരു മാസത്തിനിടെ നാലു രൂപ കൂടിയത് അവശ്യസാധനങ്ങള്‍ക്ക് ഉള്‍പ്പെടെ വിലവര്‍ധനയ്ക്ക് കാരണമായി. ജൂണ്‍ 16 മുതലാണ് എണ്ണക്കമ്പനികളുടെ നിര്‍ബന്ധത്തിനു വഴങ്ങി എല്ലാ ദിവസവും ഇന്ധനവില പുതുക്കുകയെന്ന രീതി കേന്ദ്രം പ്രഖ്യാപിച്ചത്. അതിനു മുമ്പ് 15 ദിവസത്തിലൊരിക്കലാണ് വില പുതുക്കിയിരുന്നത്. ദിവസവും വില മാറ്റുന്നതിലൂടെ പെട്രോളിനു വില കുറയുമെന്നും അന്തര്‍ദേശീയ വിപണിയിലെ വിലമാറ്റം അതതു ദിവസം തന്നെ ഉപഭോക്താക്കള്‍ക്കും ലഭിക്കുമെന്നുമായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. തുടക്കത്തില്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞെങ്കിലും പിന്നീട് വര്‍ധിക്കുകയായിരുന്നു. പെട്രോളിനു 65.61 രൂപയില്‍ നിന്ന് 70.58 രൂപയായും ഡീസലിനു 57.17 രൂപയില്‍ നിന്നു 61.15 രൂപയായും വര്‍ധിച്ചു. ജൂലൈ 3 മുതല്‍ ഇന്ധനവില വര്‍ധിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വിലയില്‍ മാറ്റമില്ലാതെ തുടരുമ്പോഴാണ് ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മൂന്നു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോഴത്തേത്. ഓരോ ദിവസവും നേരിയ തോതില്‍ മാത്രം കൂടുന്നതിനാല്‍ വിലയിലെ മാറ്റം ഉപഭോക്താക്കളും ശ്രദ്ധിക്കുന്നില്ല. ഇത്തരത്തിലുള്ള വലിയ വര്‍ധനയുണ്ടാവുമ്പോള്‍ മുമ്പ് നിരവധി സമരങ്ങള്‍ നടന്നിരുന്നു. എന്നാല്‍, ഇക്കുറി രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇക്കാര്യം അറിഞ്ഞ മട്ടില്ല. ദിവസവും അഞ്ചോ പത്തോ പൈസ മാത്രമാവും വര്‍ധിക്കുക. എന്നാല്‍, ഒരു മാസത്തെ കണക്കെടുക്കുമ്പോഴാണ് വന്‍ മാറ്റം വ്യക്തമാവുന്നത്. വില പുനഃക്രമീകരിക്കാന്‍ സാങ്കേതികമായി എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ടെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനും അവസരമുണ്ടായിരുന്നു. പ്രതിദിന വിലപരിഷ്‌കരണം വന്നതോടെ ഈ സാധ്യത ഇല്ലാതായി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുത്തനെ ഇടിഞ്ഞെങ്കിലും ഇതിന്റെ പ്രയോജനം ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചില്ല. അതേസമയം, അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവില കുറഞ്ഞത് മുതലെടുത്ത് ഒമ്പതു തവണ എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുകയുണ്ടായി. ഒരു ലിറ്റര്‍ പെട്രോളിന് 11.77 രൂപയും ഡീസലിന് 13.47 രൂപയും വര്‍ധിപ്പിച്ചു. ഈ ഇനത്തില്‍ 2014-15 കാലയളവില്‍ മാത്രം 20,000 കോടി രൂപയുടെ അധിക വരുമാനമുണ്ടായെന്നാണ് കണക്ക്. പെട്രോള്‍ ഉല്‍പന്നങ്ങള്‍ ജിഎസ്ടിയില്‍ ഒറ്റനികുതി സമ്പ്രദായത്തിലെത്തിയാല്‍ നിലവിലെ വിലയില്‍ കുറവുണ്ടാവുമെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതിനു തയ്യാറല്ല. നിലവില്‍ കേന്ദ്ര-സംസ്ഥാനങ്ങളുടെ എക്‌സൈസ് ഡ്യൂട്ടി, ടാക്‌സ്, വാറ്റ് എന്നിവ ഈടാക്കിവരുകയാണ്. 2010ലാണ് പെട്രോളിനു മേലുള്ള വില നിയന്ത്രണാവകാശം സ്വകാര്യകമ്പനികള്‍ക്ക് കൈമാറിയത്. 2014ല്‍ ഡീസല്‍ വിലനിയന്ത്രണാവകാശവും കൈമാറി. നിലവിലെ ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ വാഹന-ചരക്കുഗതാഗത നിരക്കുവര്‍ധന ആവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ രംഗത്തുവന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss