|    Jul 17 Tue, 2018 11:03 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പെട്രോള്‍ വില്‍പന നികുതി കുറയ്ക്കണം : ധനമന്ത്രി തോമസ് ഐസക്കിന് കെപിസിസിയുടെ കത്ത്

Published : 22nd September 2017 | Posted By: fsq

 

തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ വില കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മാതൃക പിന്തുടര്‍ന്ന് കൂട്ടിയ ഇന്ധനവിലയുടെ വില്‍പന നികുതി ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനു കത്തു നല്‍കി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുതിച്ചുയര്‍ന്നത് 2011-12 വര്‍ഷങ്ങളിലാണ്. തുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ ഇന്ധനവില ഉയരുകയും അതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വര്‍ധിപ്പിച്ച വിലയുടെ വില്‍പന നികുതി പാടേ ഉപേക്ഷിക്കുകയാണു ചെയ്തത്. 2011ല്‍ പെട്രോള്‍ വില കൂട്ടിയപ്പോള്‍ അതിന്റെ വില്‍പന നികുതിയിനത്തില്‍ 375.75 കോടി രൂപയാണു സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചത്. ഡീസലിന് വില കൂട്ടിയപ്പോള്‍ 243.42 കോടി രൂപയും വേണ്ടെന്നുവച്ചു. പെട്രോള്‍-ഡീസല്‍ വില കുത്തനെ ഉയരുമ്പോള്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര എക്‌സൈസ് തീരുവ വിഹിതം വേണ്ടെന്നുവയ്ക്കുകയോ വില്‍പന നികുതി കുറയ്ക്കുകയോ ചെയ്യണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി നിരവധി തവണ കൂട്ടിയതുകൊണ്ടാണ് വില കുതിച്ചുയര്‍ന്നതെന്നും അതുകൊണ്ട് അവര്‍ അത് കുറയ്ക്കട്ടെയെന്ന് മന്ത്രി തോമസ് ഐസക്കും കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഒളിച്ചുകളിയാണ് ഇതിലൂടെ പുറത്തുവരുന്നത്. രണ്ടുകൂട്ടരും ജനങ്ങളെ പിഴിയുന്നതില്‍ ഒറ്റക്കെട്ടാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. പെട്രോള്‍-ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരേ 20നു ബുധനാഴ്ച സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സമരങ്ങള്‍ നടന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഒരു ടോക്കണ്‍ ഇളവെങ്കിലും നല്‍കിയിട്ട് കേന്ദ്രത്തിനെതിരേ സമരം ചെയ്തിരുന്നെങ്കില്‍ തീര്‍ച്ചയായും അതില്‍ ജനങ്ങള്‍ ആത്മാര്‍ഥത കണ്ടെത്തിയേനെ. സിപിഎം സമരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണെന്നും ഹസന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss